ADVERTISEMENT

ഓരോരുത്തർക്കും നിരവധി ആഗ്രഹങ്ങളുണ്ടാവാം. ആഗ്രഹിച്ചു എന്നതുകൊണ്ട് അവയൊക്കെ നേടണമെന്നില്ല. ആഗ്രഹങ്ങളെ ലക്ഷ്യങ്ങളാക്കുകയാണ് വിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടി. സമയബന്ധിതമായി നേടിയെടുക്കും എന്ന് മനസ്സിൽ ഉറപ്പിച്ച ആഗ്രഹങ്ങളാണ് ലക്ഷ്യങ്ങൾ. നിശ്ചിത സമയത്തിനുള്ളിൽ താനത് നേടും എന്ന് വിശ്വാസമുള്ളവർക്കേ ലക്ഷ്യങ്ങൾ നിർണ്ണയിച്ച് മുന്നോട്ടു പോകാനാവൂ. കോമഡി ഷോകളിലൂടെയും ചെറുകിട ടെലിവിഷൻ പരിപാടികളിലൂടെയും കലാരംഗത്ത് സജീവമായിരുന്ന ജിം ക്യാരി തന്റെ ആഗ്രഹങ്ങളെ എല്ലാം ലക്ഷ്യങ്ങളാക്കി വിജയപഥത്തിലെത്തിയ വ്യക്തിയാണ്.

തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയുമാണ് ജിം ക്യാരി അതിജിവിച്ചത്. കടുത്ത ദാരിദ്ര്യം, അപകർഷതാ ബോധം, പഠന വൈകല്യം, വിഷാദരോഗം, മാതാപിതാക്കളുടെ രോഗവും മരണവും എന്നിങ്ങനെ പലതും. എന്നാൽ, തന്റെ കഴിവിലുണ്ടായിരുന്ന പൂർണവിശ്വാസവും കഠിനപ്രയത്നം ചെയ്യാനുള്ള മനോഭാവവുമാണ് ഏതൊരു പ്രശ്നങ്ങളെയും അതിജീവിച്ച് വിജയത്തിലെത്താൻ ജിം ക്യാരിയെ പ്രാപ്തനാക്കിയതെന്ന് ഹോളിവുഡ് താരവും അദ്ദേഹത്തിന്റെ ആത്മമിത്രവുമായ നിക്കോളാസ് കേജ് വെളിപ്പെടുത്തുന്നു.

1962 ജനുവരി 7 ന് നാലു സഹോദരങ്ങളിൽ ഇളയവനായി കാനഡയിലെ ഒന്റേറിയോവിലാണ് ജിം ക്യാരിയുടെ ജനനം. സംഗീതജ്ഞനായിരുന്ന പിതാവ് പേഴ്സിക്യാരിയുടെ പരിമിതമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സ്കൂൾ പഠനകാലത്ത് അപകർഷതാ ബോധവും പഠനവൈകല്യവും നേരിട്ട ജിം മറ്റു വിദ്യാർഥികളിൽ നിന്നും ഒഴിഞ്ഞു മാറി നിൽകുന്ന പ്രകൃതക്കാരനായിരുന്നു. തന്റെ കുടുംബത്തിലെ ദാരിദ്ര്യാവസ്ഥ മറ്റാരും അറിയരുത് എന്ന താൽപര്യം മൂലമാണ് മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുനിന്നത്. 

പിതാവിന് തൊഴിലില്ലാതായപ്പോൾ പഠനത്തോടൊപ്പം രാത്രി കാലത്ത് തൊട്ടടുത്ത ഫാക്ടറികളിൽ ക്ലീനിങ് ജോലിക്കു പോയാണ് ജിം ക്യാരി തന്റെ കുടുംബത്തെ പുലർത്തിയിരുന്നത്. ടോയ്‌ലറ്റ് ക്ലീനിങ്ങായിരുന്നു പ്രധാന ജോലി. ചെറുപ്പം മുതൽ അനുകരണകലയിൽ പ്രത്യേക വൈഭവം ഉണ്ടായിരുന്ന ജിം നൂറിലേറെ പക്ഷിമൃഗാദികളുടെയും വ്യക്തികളുടെയും ഭാവങ്ങളും ശബ്ദവും  അനുകരിക്കുമായിരുന്നു. പിതാവിന്റെ പ്രോൽസാഹനം കൂടി ആയപ്പോൾ വ്യത്യസ്തമായ മുഖ ചേഷ്ടകളിലൂടെ ഹാസ്യത്തിന്റെ പുതിയൊരു മേഖലയിലേക്ക് ജിം ക്യാരി ചുവടുറപ്പിച്ചു. പതിനാറാമത്തെ വയസ്സിൽ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായി.

സ്കൂൾ പഠനം ഉപേക്ഷിച്ച് ഒരു കോമഡി ഷോ സംഘത്തോടൊപ്പം അമേരിക്കയിലെത്തിയ ജിം ക്യാരി 1990 വരെ സ്റ്റേജ് ഷോകളിൽ സജീവമായി. 1990 ൽ തന്റെ ആഗ്രഹങ്ങളെ മനസ്സിൽ ഊട്ടി ഉറപ്പിച്ചു. 1995 ആകുമ്പോൾ ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള കോമഡി നടനാവണം. അതിനായി ദിവസേന കഠിന പരിശീലനങ്ങൾ നടത്തി. 1995 ൽ തനിക്ക് ലഭിക്കാൻ പോകുന്ന പ്രതിഫല തുക 10 മില്യൺ ഡോളറാവണം എന്നുറപ്പിച്ചു. തന്റെ പരിൽ 10 മില്യൺ ഡോളറിന്റെ ഒരു ചെക്കെഴുതി അന്നു മുതൽ തന്റെ പേഴ്സിൽ സൂക്ഷിച്ചു. നിശ്ചയിച്ച സമയത്തിന് ഒരു വർഷം മുൻപു തന്നെ ജിം ക്യാരിയുടെ പ്രതിഫലം 10 മില്യൺ ഡോളറായി. 1994 ൽ പുറത്തിറങ്ങിയ ഏസ് വെഞ്ചുറ, ദി മാസ്ക്, ഡംബ് ആൻഡ് ഡംബർ എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളിൽ ഒരാളാക്കി മാറ്റി. താൻ ലക്ഷ്യമിട്ട 1995 ൽ ‘ദി കേബിൾ ഗൈ’ എന്ന ചിത്രത്തിന് പ്രതിഫലം വാങ്ങിയതാവട്ടെ 20 മില്യൺ ഡോളറും. വളരാൻ തനിക്ക് പ്രോൽസാഹനമായിരുന്ന പിതാവ് 1994 ൽ മരിച്ചപ്പോൾ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 10 മില്യൺ ഡോളറിന്റെ ചെക്ക് മൃതദേഹത്തിൽ സമർപ്പിച്ചു. തന്റെ ലക്ഷ്യം നേടിയെടുത്തു എന്ന ആത്മനിർവൃതിയോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com