sections
MORE

ഒരു കാലത്തു പഠിക്കാന്‍ ഫീസുണ്ടായില്ല; ഇന്നു നിരവധി സ്‌കൂളുകളുടെ രക്ഷകനായ സംരംഭകന്‍

Anil_shetty2
SHARE

ഒരു ഭാഗത്തു കഷ്ടപ്പാടുകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നിന്നു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരണമെന്ന ആഗ്രഹം. മറുഭാഗത്തു ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തല്‍, ആരോഗ്യസേവനമോ വിദ്യാഭ്യാസമോ പോലും ലഭിക്കുന്നതില്‍ അനുഭവിക്കേണ്ടി വരുന്ന പ്രകടമായ അനീതി തുടങ്ങിയവ. ഒരു ഭാഗത്തു പ്രതീക്ഷ, മറുഭാഗത്തു ചുറ്റുമുള്ളതിനോടെല്ലാമുള്ള രോഷം. സമൂഹത്തോടു തന്നെ പടപൊരുതാന്‍ ഒരു ചെറുപ്പക്കാരന്‍ തീരുമാനിച്ചു പോയേക്കാവുന്ന സാഹചര്യം. 

എന്നാല്‍ അനില്‍ ഷെട്ടി എന്ന ചെറുപ്പക്കാരന്‍ നക്‌സലോ, തീവ്രവാദിയോ, അരാചകവാദിയോ ഒന്നുമായില്ല. പകരം അയാള്‍ ആദ്യമൊരു സംരംഭകനായി. ഒപ്പം എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ നല്‍കുന്ന സമൂഹത്തിനായുള്ള തന്റെ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഒരു കാലത്തു ഫീസടയ്ക്കാന്‍ പണമില്ലാതിരുന്ന ആ യുവാവ് ഇന്നു നിരവധി ഗവണ്‍മെന്റ് സ്‌കൂളുകളുടെ രക്ഷകനാണ്. 

കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയില്‍ ഒരു ശരാശരി കര്‍ഷക കുടുംബത്തിലായിരുന്നു അനിലിന്റെ ജനനം. കാടിനു നടുവില്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു അനില്‍ പഠിച്ചത്. സ്വന്തമായുള്ള തുണ്ടു ഭൂമിയില്‍ കൃഷി ചെയ്തുണ്ടാക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും 95 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്‌സിറ്റി പഠനം അനില്‍ പൂര്‍ത്തിയാക്കി. എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സീറ്റു ലഭിച്ചെങ്കിലും ഫീസായ 15,500 രൂപ നല്‍കാനില്ലായിരുന്നു. 

പിതാവിന്റെ കാര്‍ഷിക ലോണ്‍ അടച്ചു തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ പുതുതായി ലോണിന് അപേക്ഷിക്കാനും കഴിയാത്ത അവസ്ഥ. 2005ല്‍ ബെംഗളൂരുവിലേക്കു വരുമ്പോള്‍ കയ്യിലുണ്ടായിരുന്നതു വെറും 70 രൂപ. ബംഗലൂരുവിലുള്ള അമ്മാവന്‍ വിദ്യാഭ്യാസത്തിനനു വേണ്ട ഫീസടച്ചു സഹായിച്ചു. ദൈനം ദിന ചെലവുകള്‍ക്കായി അവിടെ ഒരു മധുരപലഹാര കടയില്‍ ചെറിയ ജോലിയും തരപ്പെടുത്തി. 

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സംരംഭകനായി തീരുകയെന്ന ലക്ഷ്യത്തോടെ അനില്‍ കോളജു വിട്ടു. ഓഹരി വിപണിയില്‍ ഒരു ട്രേഡറായി തുടങ്ങുമ്പോള്‍ അനിലിനു വയസ്സ് 20. മൂന്നു വര്‍ഷത്തിനു ശേഷം മുംബൈയിലേക്കു യാത്ര. അവിടെ ഫ്ലൈ വിത്ത് വിഐപി എന്ന പേരില്‍ സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കമ്പനിയുടെ സഹസ്ഥാപകനായി. പിന്നീടുള്ള വളര്‍ച്ച അവിശ്വസനീയമായിരുന്നു. 

Anil-Shetty

ഇന്നു സ്വതന്ത്ര നിക്ഷേപക ബാങ്കര്‍, രണ്ടു പുസ്തകങ്ങളിറക്കിയ എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ അനിലിനു വിലാസങ്ങള്‍ പലതാണ്. പീസ് ഓട്ടോ, നോ ടു ഫ്‌ളെക്‌സ് പൊളിറ്റിക്‌സ്, പോത്തോള്‍ യാത്ര എന്നിങ്ങനെ നിരവധി സാമൂഹിക സംരംഭങ്ങളുടെ അമരക്കാരനായ അനില്‍ ഗവണ്‍മെന്റ് സ്‌കൂളുകളെ പുനരുദ്ധരിക്കുന്നതിനുള്ള 'സേവ് ഗവണ്‍മെന്റ് സ്‌കൂള്‍സ്' എന്ന മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുകയാണ് ഇപ്പോള്‍.

കര്‍ണ്ണാടകയിലെ പൊതു വിദ്യാഭ്യാസത്തെ സംവിധാനത്തെ സ്വകാര്യ സ്‌കൂളുകളുടെ അതേ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് മുന്നേറ്റത്തിന്റെ ലക്ഷ്യം. സിനിമ വ്യവസായവുമായുള്ള തന്റെ ബന്ധം ഉപയോഗിച്ചു നിരവധി നടീനടന്മാരെയും സെലിബ്രിറ്റികളെയും ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാന്‍ അനിലിനു സാധിച്ചു. 2018 ജൂലൈ മുതല്‍ 15 ഗവണ്‍മെന്റ് സ്‌കൂളുകള്‍ സെലിബ്രിറ്റികള്‍ ദത്തെടുത്തു നവീകരിച്ചു. താന്‍ പഠിച്ച ഗവണ്‍മെന്റ് സ്‌കൂളിലെ ക്ലാസ് റൂം എട്ടു ലക്ഷം രൂപയ്ക്കടുത്തു ചെലവാക്കി അനില്‍ പുനര്‍നിര്‍മിച്ചു. എല്ലാ വിദ്യാർഥികള്‍ക്കും തുല്യാവസരങ്ങളുണ്ടാക്കുകയാണു തന്റെ ലക്ഷ്യമെന്ന് അനില്‍ പറയുന്നു. 

ഗവണ്‍മെന്റ് സ്‌കൂളുകള്‍ സന്ദര്‍ശിച്ച അവിടുത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയാണ് ഈ ക്യാംപയിനിന്റെ ആദ്യ പടി. പല സ്‌കൂളുകളുടെയും ആവശ്യങ്ങള്‍ പലതായിരിക്കാം. ചില സ്‌കൂളുകള്‍ക്ക് വേണ്ടതു മൂത്രപ്പുരയാണെങ്കില്‍ ചിലതിനു പെയിന്റടിയും ക്ലാസ്‌റൂമുകളുടെ അറ്റകുറ്റപ്പണിയുമൊക്കെയാകും ആവശ്യം. ചില സ്ഥലങ്ങളില്‍ അധ്യാപകര്‍ക്കാകും അഭാവം. ചിലയിടത്ത് ആവശ്യത്തിന് കുട്ടികളെ ലഭിക്കാത്തതാകും പ്രശ്‌നം. ഇവയ്‌ക്കെല്ലാം പരിഹാരം കാണുകയാണ് അനിലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ. 

അധ്യാപകരുടെ പരിശീലനത്തിനായി ഐഐടി, ഐഐഎം മാതൃകയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ രൂപീകരിക്കണമെന്നും അനിലും സംഘവും ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ 50,000 ഗവണ്‍മെന്റ് സ്‌കൂളുകളിലെ 50 ലക്ഷത്തോളം വിദ്യാർഥികള്‍ക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ പ്രാപ്തിയുള്ള 10 ലക്ഷം വോളന്റിയര്‍മാരടങ്ങുന്ന വലിയ സംഘടനയായി 'സേവ് ഗവണ്‍മെന്റ് സ്‌കൂള്‍സ്' മാറ്റുകയാണ് അനിലിന്റെ ലക്ഷ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA