ADVERTISEMENT

ഇന്നത്തെ കാലത്തു വീട്ടിലൊരു ടിവിയെങ്കിലും ഇല്ലാത്തവർ ചുരുക്കമാണ്. ചേരി പ്രദേശത്തെ തകര ഷെഡിൽ അന്തിയുറങ്ങുന്നവർ പോലും  ഒരു സെക്കൻഡ് ഹാൻഡ് ടിവിയെങ്കിലും സംഘടിപ്പിക്കും. ഛണ്ഡീഗഡ് കേന്ദ്ര ഭരണ പ്രദേശത്തെ വിജിലൻസ് വകുപ്പിൽ പോലീസ് ഹെഡ് കോണ്‍സ്റ്റബിളായിരുന്നിട്ടും മുകേഷ് യാദവിന്റെ വീട്ടിൽ പക്ഷേ വർഷങ്ങളായി ടിവി ഉണ്ടായിരുന്നില്ല. 

കൈയ്യിൽ പണമില്ലാഞ്ഞിട്ടല്ല മറിച്ചു തന്റെ മക്കളുടെ പഠനത്തിനു ശല്യമാകരുതെന്നു കരുതിയാണു മുകേഷ് ടിവി വീട്ടിൽ കയറ്റാതിരുന്നത്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഇത്രയും ശ്രദ്ധിക്കുന്ന ഈ അച്ഛനു മകൾ പ്രീതി യാദവ് നൽകിയ സമ്മാനമാണു സിവിൽ സർവീസ് റാങ്ക്. തന്റെ 22-ാം വയസ്സില്‍ രണ്ടാം ശ്രമത്തിലാണ് പ്രീതി സിവില്‍ സര്‍വീസില്‍  466-ാം റാങ്ക് കരസ്ഥമാക്കിയത്.

പിതാവു പല മേലുദ്യോഗസ്ഥരെയും സല്യൂട്ട് അടിക്കുന്നത് കണ്ടു വളര്‍ന്നവളാണ് പ്രീതി. അതു പോലെ എല്ലാവരും ബഹുമാനിക്കുന്ന ഉദ്യോഗസ്ഥയാകണമെന്നു മോഹമുദിച്ചു. അങ്ങനെയാണു സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ആരംഭിച്ചത്.  

ടിവി മാത്രമല്ല സമൂഹമാധ്യമങ്ങളെയും പ്രിയ തന്റെ പടിക്കു പുറത്തു നിര്‍ത്തി. നിയന്ത്രിത രീതിയില്‍ ഉപയോഗിച്ചാല്‍ സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താം എന്ന് തന്നെയാണ് ഈ റാങ്കുകാരിയുടെ പക്ഷം. പക്ഷേ, പഠനത്തില്‍ നിന്നു ശ്രദ്ധ പതറുമെന്നതിനാല്‍ സമൂഹമാധ്യമം പഠനപരിശീലന കാലത്തു പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തി.

ജിയോഗ്രഫിയില്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നു ഗോള്‍ഡ് മെഡലോടെയാണു പ്രീതി ഓണേഴ്‌സ് ബിരുദം നേടിയത്. കഠിനാധ്വാനവും സ്ഥിരപ്രയത്‌നവുമാണു തന്റെ വിജയ രഹസ്യമെന്നു പ്രീതി യാദവ് പറയുന്നു. 

പ്രീതിയുടെ മൂത്ത സഹോദരന്‍ ഐഐടി-റൂര്‍ക്കിയില്‍ എന്‍ജിനീയറിങ് പഠനം നടത്തുന്നു. മക്കളുടെ പഠനത്തെ ചൊല്ലി ഒഴിവാക്കി നിർത്തിയെങ്കിലും ഒടുവില്‍ ആറു മാസം മുമ്പു  ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടിലേക്കൊരു ടിവി മുകേഷിനു വാങ്ങേണ്ടി വന്നു. ഇപ്പോൾ അതേ ടിവിയിൽ മകളുടെ റാങ്ക് വാർത്ത കണ്ടു നിറഞ്ഞു ചിരിക്കുകയാണു ഈ ദമ്പതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com