sections
MORE

10,000 അടി ഉയരത്തിൽ വിമാനം പറത്തി, ആകാശത്തോളം ഉയരാൻ കൈകൾ ആവശ്യമില്ലെന്നു തെളിയിച്ച് ജസീക്ക

jessica-cox-disarm-your-limits
SHARE

2008 ഒക്ടോബർ 10ന് അമേരിക്കയുടെ ആകാശത്ത് അപൂർവങ്ങളിൽ അപൂർവമായ ഒരു ഗിന്നസ് റെക്കോർഡ് പിറന്നു. ജസീക്ക കോക്സ് എന്ന അമേരിക്കക്കാരി 10,000 അടി ഉയരത്തിൽ വിമാനം പറത്തി. കാലുകൾകൊണ്ടാണു വിമാനം പറത്തിയത് എന്നതായിരുന്നു അതിലെ അത്ഭുതം. ഇരു കരങ്ങളും ഇല്ലാതെയാണു ജസീക്ക ജനിച്ചത്. കൈകളില്ലാതെ വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയും എകവ്യക്തിയും ജസീക്കയാണ്. ചെറുപ്പത്തിൽ തന്നെ പരിമിതികളുടെ നൂലു പൊട്ടിച്ചെറിഞ്ഞ ജസീക്ക, കാറോടിക്കുക, നീന്തുക, ജിംനാസ്റ്റിക് പ്രകടനം കാഴ്ചവയ്ക്കുക ഇങ്ങനെ അതിശയിപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കി. കാലുകൾക്കൊണ്ടു  മനോഹരമായി പിയാനോ വായിക്കുന്ന ജെസീക്ക മികച്ചൊരു നർത്തകി കൂടിയാണ്. തയ്‌ക്വാൻഡോയിൽ ട്രിപ്പിൾ ബ്ലാക്ക് ബെൽറ്റിനും ഉടമയാണ്.

14 വയസ്സു വരെ കൃത്രിമ കൈ ഉപയോഗിച്ചാണു ജസീക്ക ജീവിച്ചത്. പരിമിതികളെ കരുത്താക്കി മാറ്റാൻ ഉറപ്പിച്ച ദിവസം അവൾ ആ കൈകൾ ഊരി മാറ്റി. 1983 ഫെബ്രുവരി 2 ന് അമേരിക്കയിലെ അരിസോനയിലാണു ജസീക്ക ജനിച്ചത്. മാതാപിതാക്കളായ വില്യം കോക്‌സിനെയും ഇൻസ് കോക്‌സിനെയും അവളുടെ ജനനം ഏറെ വേദനിപ്പിച്ചു. ഈ കുഞ്ഞ് ഏങ്ങനെ ജീവിക്കുമെന്ന ആശങ്കയാണ് അവരെ അലട്ടിയത്. എന്നാൽ പോരായ്മകളുടെ മുന്നിൽ തന്റെ മകൾ തോറ്റുപോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. മൂന്നാം വയസ്സിൽ അമ്മ ജെസീക്കയെ ജിംനാസ്റ്റിക്സ് പഠിക്കാനയച്ചു. കാലിന് ആവശ്യമായ ചലനനിയന്ത്രണവും വേഗതയും ജെസീക്ക സ്വന്തമാക്കിയത് അവിടെവച്ചാണ്. അഞ്ചാം വയസ്സു മുതൽ നീന്തൽ പരിശീലനവും ആരംഭിച്ചു. ആറാം വയസ്സിൽ നൃത്തത്തിന്റെ കളത്തിലും അവൾ കാലുറപ്പിച്ചു.

പരസഹായമില്ലാതെ വളർന്ന ബാല്യം അവളെ പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തയാക്കി. കൂട്ടുകാർ കൈകൾ കൊണ്ടു ചെയ്യുന്ന ഏതുകാര്യവും ജസീക്ക കാലുകൾക്കൊണ്ട് അവരെക്കാൾ ഭംഗിയായി ചെയ്തു. ഒരു മിനിറ്റിൽ 25 വാക്കുകൾവരെ കാലുകൾ കൊണ്ടു ടൈപ്പ് ചെയ്യാൻ ജെസീക്കയ്ക്കാവും. പത്താം വയസ്സിൽ തയ്‌ക്വാൻഡോ അഭ്യസിച്ചു തുടങ്ങി. പതിനാലാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് നേടി. തുടർന്നു ട്രിപ്പിൾ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി. ഈ നേട്ടം കൈവരിച്ച കൈകളില്ലാത്ത ആദ്യ വ്യക്തിയും ജസീക്കയാണ്. അരിസോന സർവകലാശാലയിൽ നിന്നു മനശാസ്ത്രത്തിൽ ബിരുദമെടുത്ത ജസീക്ക മികച്ച ഒരു മോട്ടിവേഷനൽ സ്പീക്കർ കൂടിയാണ്.

2005 ൽ അമേരിക്കയിലെ ടക്സൺ എന്ന സ്ഥലത്തു റോട്ടറി ക്ലബിൽ പ്രസംഗിക്കാൻ പോയതാണു ജസീക്കയുടെ ജീവിതം മാറ്റിമറിച്ച സംഭവം.  ആത്മവിശ്വാസം തുളുമ്പുന്ന അവളുടെ പ്രസംഗം കേൾക്കാനിടയായ ഒരു അപരിചിതനാണു വിമാനം പറത്താനാകുമോ എന്നു ചോദിക്കുന്നത്. ജീവിതത്തിൽ ഏറ്റവും ഭയക്കുന്ന കാര്യമാണിതെന്നായിരുന്നു ജസീക്കയുടെ മറുപടി. പക്ഷേ, ആ വെല്ലുവിളി ദിവസങ്ങളോളം അവളുടെ ഉറക്കം കെടുത്തി.  പിന്നെ ഒന്നും നോക്കിയില്ല, അതേ വർഷം വിമാനം പറത്താൻ പരിശീലനം ആരംഭിച്ചു. 2008ൽ ലോകത്തെ ഞെട്ടിച്ചു ഗിന്നസ് റെക്കോർഡിലേക്ക് അവൾ പറന്നുയർന്നു. 6 മണിക്കൂറോളം തുടർച്ചയായി ജസീക്ക വിമാനം പറത്തി. പരിശീലന കാലയളവിൽ മൊത്തം 89 മണിക്കൂറാണ് ആകാശത്തു പറന്നത്. സ്വന്തം കരാട്ടെ പരിശീലകനായ പാട്രിക്കിനെ 2012ൽ ജെസീക്ക വിവാഹം ചെയ്തു.‌ 2015ൽ ‘പരിമിതികളെ തോ‍ൽപിക്കാം’ (Disarm Your Limits) എന്ന പേരിൽ ജസീക്ക രചിച്ച ആത്മകഥ ലോക ശ്രദ്ധ നേടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA