ADVERTISEMENT

ആശുപത്രി അധികൃതർക്ക് സംഭവിച്ച ചെറിയൊരു കൈപ്പിഴ. ന്യുമോണിയക്കു മാറിക്കുത്തിയ ഇഞ്ചക്ഷൻ കാഴ്ചയെന്ന അനുഗ്രഹത്തെ കവർന്നെടുക്കുമ്പോൾ സതിന്ദർ സിങ്ങിന് പ്രായം വെറും ഒന്നര വയസ്സ്. വളർന്നപ്പോൾ നിറം നഷ്ടപ്പെട്ട ലോകത്തിരുന്ന് ആ കുട്ടി കൂട്ടുകാരോടു കലഹിച്ചു. കുട്ടിയുടെ ഉള്ളിലെ ഊർജ്ജത്തെ വഴിതിരിച്ചു വിടാൻ എന്തു ചെയ്യണമെന്ന് കർഷകരായ മാതാപിതാക്കൾക്കും അറിയില്ലായിരുന്നു. പക്ഷേ തന്റെ കുറവുകൾ കാരണം ഒരിടത്തും പിന്നോട്ടു പോകില്ലെന്നത് കുഞ്ഞു സതിന്ദറിന്റെ ദൃഢനിശ്ചയമായിരുന്നു. 

അകക്കണ്ണിന്റെ വെളിച്ചത്തിൽ അവൻ പഠിച്ചു മുന്നേറിയപ്പോൾ വാതിൽ തുറന്നിട്ടു സ്വീകരിച്ചതു ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജും ജെഎൻയുവും പോലുള്ള എണ്ണം പറഞ്ഞ കലാലയങ്ങൾ. ഡിഗ്രിയും പിജിയും എംഫിലും  കടന്നു കണ്ണു തള്ളിക്കുന്ന പ്രകടനവുമായി സതിന്ദർ ഇന്നെത്തി നിൽക്കുന്നതു സിവിൽ സർവീസ് റാങ്കിലാണ്. സിവിൽ സർവീസ് പരീക്ഷയിൽ 714- ാം റാങ്കാണ് ഉത്തർപ്രദേശ് സ്വദേശി സതിന്ദർ സിങ്ങ് നേടിയത്.

അമ്മാവൻ ജനം സിങ്ങാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സതിന്ദറിനു നൽകാൻ മുൻകയ്യെടുത്തത്. അക്കാലത്തു ഡൽഹിയിൽ ജോലി ചെയ്തിരുന്ന ജനം സിങ് സതിന്ദറിനെ അന്ധവിദ്യാർഥികൾക്കായുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ ചേർത്തു. ബ്രെയ്ൻ ലിപി അടക്കമുള്ള പഠന വഴികളുമായി പൊരുത്തപ്പെടാൻ ആദ്യം ബുദ്ധിമുട്ടിയെങ്കിലും കുറച്ചു കാലം കൊണ്ടു സതിന്ദർ അതു പഠിച്ചെടുത്തു. 2009ൽ നല്ല മാർക്കോടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയതോടെ ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ ബിരുദ പഠനത്തിനു പ്രവേശനം ലഭിച്ചു.

എന്നാൽ ഇവിടെ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. അത്ര നാളും ഹിന്ദി മീഡിയത്തിൽ പഠിച്ച സതിന്ദറിനു ഇംഗ്ലീഷ് സംസാരിക്കാനും ഇംഗ്ലീഷിലെ പാഠഭാഗങ്ങൾ മനസ്സിലാക്കാനും പ്രയാസം നേരിട്ടു. കൂട്ടത്തിലൊരുവനാകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ സതിന്ദറാകെ നിരാശനായി. കോഴ്സ് ഉപേക്ഷിക്കാൻ വരെ ചിലർ ഉപദേശിച്ചു.  

പക്ഷേ, അങ്ങനെ തോറ്റു മടങ്ങാൻ ഈ ചെറുപ്പക്കാരൻ ഒരുക്കമായിരുന്നില്ല. സഹപാഠികളുടെ സഹായത്തോടെയും അധ്യാപകരുമായി നിരന്തരം സംസാരിച്ചും ഒറ്റ വർഷം കൊണ്ടു സ്വയം ഇംഗ്ലീഷ് പഠിച്ചു. ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് മാസികകളുമായി സതിന്ദർ പരിചയപ്പെടുന്നത് സെന്റ സ്റ്റീഫൻസ് പഠനകാലത്താണ്. ചർച്ചാ ഗ്രൂപ്പുകൾ, ഡിബേറ്റിങ് സൊസൈറ്റി, ഗാന്ധി സ്റ്റഡി സർക്കിൾ തുടങ്ങി കോളജിലെ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സതിന്ദർ സജീവമായി പങ്കെടുക്കാൻ തുടങ്ങി.

ബിരുദത്തിനു ശേഷം ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം. സെന്റ് സ്റ്റീഫൻസ് സതിന്ദറിനെ രൂപപ്പെടുത്തിയപ്പോൾ ജെഎൻയു ആശയസംവാദങ്ങളുടെ വൈവിധ്യം നിറഞ്ഞ സഹിഷ്ണുതയുള്ള ലോകത്തെ അയാൾക്കു മുന്നിൽ തുറന്നിട്ടു.

കണ്ണു കാണാതെ സതിന്ദർ എങ്ങനെ പഠിച്ചു എന്ന് അതിശയിക്കുന്നുണ്ടോ? പത്താം ക്ലാസ് വരെ വായനയ്ക്കു ബ്രെയ്ൻ ലിപിയെ മാത്രമാണ് ആശ്രയിച്ചത്. അതിനു ശേഷം ലോക്കൽ ഗാർഡിയനായ ഹരീഷ് കുമാർ ഒരു കംപ്യൂട്ടർ വാങ്ങി നൽകി. ഇതു പുറം ലോകത്തേക്കുള്ള ജാലകം സതിന്ദറിനു മുന്നിൽ തുറന്നു. ഇ-ബുക്കുകളിലൂടെയും ഓഡിയോ റെക്കോർഡിങ്ങിലൂടെയുമായിരുന്നു പിന്നെ പഠനം. സ്ക്രീനിലുള്ളത് ഉറക്കെ വായിച്ചു നൽകുന്ന സ്ക്രീൻ റീഡർ സോഫ്ട് വെയർ വലിയ സഹായമായി. ഇ-ബുക്കും ഇ-പേപ്പറുകളുമെല്ലാം സോഫ്ട് വെയറിന്റെ സഹായത്തോടെ സതിന്ദർ വായിച്ചു.

എംഎയ്ക്ക് ശേഷം ജെഎൻയുവിൽ തന്നെ എംഫിലിന് എൻറോൾ ചെയ്തു. ഈ സമയത്താണ് ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശ്രീ അരബിന്ദോ കോളജിൽ പഠിപ്പിക്കാനും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനും തുടങ്ങിയത്. 2016ൽ ആദ്യ വട്ടം പരീക്ഷയെഴുതിയെങ്കിലും മറ്റ് അക്കാദമിക തിരക്കുകൾ കാരണം കാര്യമായി പഠിക്കാനോ വിജയിക്കാനോ സാധിച്ചില്ല. 2017ൽ വീണ്ടും എഴുതി. പക്ഷേ മെയിൻസ് പരീക്ഷയ്ക്ക് രണ്ടു മാസം മുൻപു ബാധിച്ച കുടൽ രോഗം എല്ലാം താറുമാറാക്കി. സിവിൽ സർവീസ് പരീക്ഷാ സ്വപ്നം പൊലിഞ്ഞെങ്കിലും എംഫിൽ പൂർത്തിയാക്കി ജെഎൻയുവിൽ തന്നെ പിഎച്ച്ഡി പഠനം തുടങ്ങി. 2018ൽ വീണ്ടും സിവിൽ സർവീസ് പരീക്ഷയ്ക്കിരുന്നപ്പോൾ സതിന്ദർ ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. എല്ലാത്തിനും പിന്തുണയുമായി ഒരു കാമുകിയും ഒപ്പമുണ്ടായിരുന്നു. കാമുകിയുടെ സാന്നിധ്യം ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സമ്മർദ്ദത്തിൽ നിന്നുമെല്ലാം സതിന്ദറിനെ അകറ്റി നിർത്തി. ഒടുവിൽ സതിന്ദറിന്റെയും മാതാപിതാക്കളുടെയും കാമുകിയുടെയുമെല്ലാം കഷ്ടപ്പാടിന് അർഹിക്കുന്ന സമ്മാനമായി സിവിൽ സർവീസ് റാങ്കുമെത്തി.

കാഴ്ചയില്ലാത്തവനെന്ന് അറിയുമ്പോൾ ആളുകൾക്ക് തന്നെ കുറിച്ചുണ്ടാകുന്ന മുൻധാരണകളെയും തീർപ്പുകളെയും കൈകാര്യം ചെയ്യുകയായിരുന്നു ജീവിതത്തിലെ പ്രധാന വെല്ലുവിളിയെന്നു സതിന്ദർ സിങ് പറയുന്നു. ശാരീരിക പരിമിതികൾ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒരിക്കലും തടസ്സമാകില്ല എന്നു തെളിയിക്കാനാണ് തന്റെ ഈ റാങ്കെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com