ADVERTISEMENT

സ്വന്തം പേരു പോലും എഴുതാനറിയാതിരുന്ന അഞ്ചാം ക്ലാസുകാരായ 52 കുട്ടികൾ, ഇപ്പോൾ മികവിന്റെ പടവുകൾ ചാടിക്കയറുകയാണ്. വയനാട്ടിലെ നൂൽപുഴ
ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് നടപ്പാക്കുന്ന ‘കൺമണി’ പദ്ധതിയാണ് അതിശയിപ്പിക്കുന്ന മാറ്റത്തിനു പിന്നിൽ. പഞ്ചായത്തിലെ  വിവിധ സ്കൂളുകളിൽ നിന്നായി പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. 

kanmani2

കൺമണി പദ്ധതിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനായി നടത്തിയ പരീക്ഷ ഏറ്റവും പിന്നാക്കം ൽക്കുന്ന കുട്ടികളെ കണ്ടെത്താനായിരുന്നു. അവരാണ് ഇന്ന് മുൻപിലുണ്ടായിരുന്നവർക്കൊപ്പമോ അതിനു മുകളിലോ എത്തി നിൽക്കുന്നത്. കല്ലുമുക്ക് ഗവ. എൽപി സ്കൂളിലാണ് പരിശീലനം. 

വണ്ടി വരും കൊണ്ടുപോകാൻ
സ്ക്രീനിങ് ടെസ്റ്റ് നടത്തിയാണ് വിവിധ സ്കൂളുകളിൽനിന്ന് ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തത്. കല്ലുമുക്ക് സ്കൂളിൽ ക്യാംപൊരുക്കി എല്ലാ ശനിയും ഞായറും ക്ലാസ് നൽകുന്നു.  25 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് നീക്കി വച്ചത്. കുട്ടികളെ വാഹനത്തിൽ സ്കൂളിലെത്തിക്കുകയും തിരിച്ചാക്കുകയും ചെയ്യുന്നു. പഠനത്തിൽ മുന്നോട്ടു വരണമെങ്കിൽ കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട് എന്ന തത്വത്തിലധിഷ്ടിതമായാണ് പരിശീലനം.

ഒറ്റ വർഷംകൊണ്ട് തന്നെ ഫലം
കഴിഞ്ഞ ഒരു വർഷത്തെ പരിശീലനം കൊണ്ടു തന്നെ സൈനിക സ്കൂൾ പരീക്ഷയെഴുതാൻ കുട്ടികൾ പ്രാപ്തരാവുകയും 22 ആൺകുട്ടികളും പരീക്ഷയെഴുതുകയും ചെയ്തു. എല്ലാവരും വിജയിച്ചു. 2 പേർ മെയിൻ ലിസ്റ്റിൽ സ്ഥാനം നേടി. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പരീക്ഷയെഴുതാൻ പോയ മുഴുവൻ കുട്ടികൾക്കും പേന സമ്മാനിച്ചിരുന്നു. 

kanmani3

അടുത്ത അധ്യയന വർഷവും പദ്ധതി തുടരാൻ തന്നെയാണ് തീരുമാനമെന്ന് നൂൽപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭൻകുമാർ പറയുന്നു. 50 കുട്ടികളെക്കൂടി പുതുതായി ചേർക്കാനും നിലവിലുള്ള കുട്ടികളെ കൂടുതൽ മികവിലേക്കെത്തിക്കാൻ പദ്ധതിയിൽ തന്നെ നിലനിർത്താനുമാണ് തീരുമാനം. 

30 ലക്ഷം രൂപയാണ് അടുത്ത അധ്യയന വർഷത്തേക്ക് പദ്ധതിക്കായി പഞ്ചായത്ത് നീക്കി വച്ചിട്ടുള്ളത്. ടി.എം.ഷിഹാബാണ് പദ്ധതിയുടെ കോ-ഓർഡിനേറ്റർ. ജനസംഖ്യയിൽ 40 ശതമാനവും ഗോത്ര വിഭാഗമായ നൂൽപുഴ ഗ്രാമ പഞ്ചായത്തിൽ നടപ്പ് അധ്യയന വർഷം മുതലാണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. 

അട്ടപ്പാടിയിൽ നടക്കുന്ന പ്രോജക്ട് ഷൈൻ എന്ന പദ്ധതിയുടെ മേൻമ തിരിച്ചറിഞ്ഞാണ് അത്തരത്തിലൊന്ന് നടപ്പാക്കാൻ നൂൽപുഴ പഞ്ചായത്ത് അധികൃതരും തീരുമാനിച്ചത്. 

അട്ടപ്പാടിയിലെ പദ്ധതിക്ക് നേതൃത്വം നൽകുന്ന കാർസെൽ ഫൗണ്ടേഷനിൽ നിന്നാണ് കൺമണി പദ്ധതിക്കായും ഉപദേശങ്ങൾ സ്വീകരിക്കുന്നത്. 

കൺമണിയുടെ പ്രത്യേകതകൾ
∙14 കുട്ടികൾക്ക് ഒരാൾ എന്ന വിധത്തിൽ വിദഗ്ധ പരിശീലനം നേടിയ ഫെസിലിറ്റേറ്റർമാർ 4 പേർ

∙ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് ജീവിത നിലവാരവും പ്രശ്നങ്ങളും വിലയിരുത്തി പരിഹാരം കാണുന്നു

∙ ഓരോ ആഴ്ചയും കുട്ടികളുടെ രക്ഷിതാക്കളുമായി ഫെസിലിറ്റേറ്റർമാർ ഫോണിൽ ബന്ധപ്പെട്ട് കുട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ, വൈകാരിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു

∙ ഭാഷ, ഗണിതം, സയൻസ് എന്നിവയെ അടിസ്ഥാനപ്പെടുത്തി പരിശീലനം

∙ കുട്ടിയെ സ്വയം കണ്ടെത്താനും ജിജ്ഞാസ വളർത്താനും സഹായിക്കുന്നു

∙ പരസ്പരം സഹായിച്ചുകൊണ്ടുള്ള പങ്കാളിത്ത പഠന രീതി

∙ മുഖഭാവം മുതൽ വസ്ത്രധാരണം വരെ ഏതെല്ലാം വിധത്തിൽ മാറ്റങ്ങൾ വന്നെന്ന് നിരീക്ഷിക്കുന്നതിനായി എല്ലാ മാസവും 44 ചോദ്യങ്ങൾക്ക് കുട്ടികൾ തന്നെ സ്വയം വന്ന മാറ്റങ്ങൾ ആലോചിച്ച് ഉത്തരങ്ങൾ നൽകുന്നു 

∙കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥികൾ നിരന്തരം സന്ദർശനം നടത്തുന്നു

∙മുഴുവൻ കുട്ടികളുടെയും  ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുന്നതിന് ഗ്രോത്ത് ചാർട്ട് തയാറാക്കി വിശകലനം നടത്തുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com