sections
MORE

ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ബാല്യത്തിൽ നിന്ന് ഡൊമിനോസ് സാമ്രാജ്യം ഉണ്ടാക്കിയ ടോം മോനഗൺ

dominos
SHARE

‘‘ഒരുവൻ ദാരിദ്ര്യത്തിൽ ജനിക്കുന്നത് അയാളുടെ കുറ്റംകൊണ്ടല്ല, എന്നാൽ അയാൾ ദാരിദ്ര്യത്തിലാണ് മരിക്കുന്നതെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി അയാൾ മാത്രമാണ്’’. ബിൽ ഗേറ്റ്സിന്റെ പ്രശസ്ത വാചകമാണിത്. ഏതു ജീവിതസാഹചര്യത്തിൽ ജനിച്ചാലും വളരണമെന്നും വിജയിക്കണമെന്നുമുള്ള തീവ്ര ആഗ്രഹവും ഇച്ഛാശക്തിയുമുള്ളവർ വിജയിക്കുകതന്നെ ചെയ്യും. അതിസമ്പന്നരും പ്രശസ്തരുമായ പലരും ജനിച്ചുവീണത് പരിതാപകരമായ ചുറ്റുപാടുകളിലായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ച് അനാഥാലയത്തിൽ വളർന്നു വെല്ലുവിളികളെയും തടസ്സങ്ങളെയും അതിജീവിച്ചു ലോകോത്തര വിജയം നേടിയ ടോം മോനഗൺ അതിനൊരു ഉത്തമോദാഹരണമാണ്.

1937 മാർച്ച് 25ന് അമേരിക്കയിലെ മിഷിഗണിലാണു തോമസ് സ്റ്റീഫൻ മോനഗൺ ജനിക്കുന്നത്. മോനഗണ് നാലു വയസുള്ളപ്പോൾ പിതാവ് മരിച്ചു. മക്കളെ വളർത്താൻ നന്നേ ക്ലേശിച്ച ദരിദ്രയായ മാതാവ് മോനഗണെയും ഇളയ സഹോദരനെയും കന്യാസ്ത്രീകൾ നടത്തിയിരുന്ന ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചു. 

6 വർഷങ്ങൾക്കു ശേഷം അമ്മ മക്കളെ അനാഥാലയത്തിൽ നിന്നും തിരികെ കൊണ്ടുപോയി. ടോം മോനഗണും സഹോദരൻ ജയിംസ് മോനഗണും മിഷിഗൺ സർവ്വകലാശാലയിൽ പഠിക്കാൻ ചേർന്നെങ്കിലും സാമ്പത്തിക ക്ലേശം മൂലം ഇടയ്ക്കു പഠനം മുടങ്ങി. ഒരു തൊഴിൽ തേടി അലഞ്ഞ ഇരുവരും ഒടുവിൽ കടംവാങ്ങിയ 500 ഡോളർകൊണ്ടു പിസ വിൽക്കുന്ന ഒരു ചെറിയ കട സ്വന്തമാക്കി. കടയുടെ മുൻ ഉടമകളായിരുന്ന ഡൊമിനിക്കിന്റെയും നിക്കിന്റെയും പേരു ചേർത്തുവച്ച് ഡൊമിനിക്ക്സ് പിസ എന്നായിരുന്നു കട അറിയപ്പെട്ടിരുന്നത്. 1960ൽ തുടക്കംകുറിച്ച ഈ സ്ഥാപനമിന്നു ലോകമെമ്പാടും 75 രാജ്യങ്ങളിൽ 11,000 സ്റ്റോറുകളിലായി പ്രവർത്തിക്കുന്നു.

തുടക്കം മുതൽ നിരവധി വെല്ലുവിളികളെയാണ് ടോം മോനഗണിന് അതിജീവിക്കേണ്ടിവന്നത്. പങ്കാളി ആയിരുന്ന സഹോദരൻ ബിസിനസിന്റെ തലവേദന ഒഴിവാക്കി മറ്റു തൊഴിൽ തേടി പോയി. കടയിലെ ഒരു ജീവനക്കാരൻ ഇതിനിടെ മോനഗന്റെ സമ്പാദ്യമെല്ലാം മോഷ്ടിച്ചെടുത്തു. 

മികച്ച ഉപഭോക്തൃ സേവനങ്ങളും വിവിധ രുചിക്കൂട്ടുകളിലുള്ള പിസാകൾ ഒരുക്കിയും സ്ഥാപനം പടിപടിയായി മുന്നേറി. ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ടു സ്റ്റോറുകൾകൂടി തുടങ്ങി. സ്ഥാപനത്തിന്റെ പേര് ‘ഡൊമിനോസ് പിസ’ എന്ന് നിർദ്ദേശിച്ചത് ഒരു ജീവനക്കാരനായിരുന്നു. തരക്കേടില്ലാത്ത കച്ചവടം ലഭിച്ചുതുടങ്ങിയപ്പോൾ ഒരു കട പൂർണ്ണമായി കത്തിനശിച്ചു. വീണ്ടും കടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കോടതി വ്യവഹാരങ്ങളുമൊക്കെയുണ്ടായെങ്കിലും തളരാത്ത മനസ്സുമായി ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ടോം മോനഗൺ വിജയം കണ്ടു. ഓർഡർ ചെയ്തു 30 മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ഉൽപ്പന്നം എത്തിച്ചുകൊണ്ട് മികവുറ്റ സേവനങ്ങൾ നൽകിയാണ് മോനഗൺ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചത്.

സ്കൂൾ പഠനകാലത്ത് 44 കുട്ടികൾ പഠിക്കുന്ന ക്ലാസ്സിൽ നിന്നും 44–ാം സ്ഥാനക്കാരനായി പാസ്സായ ടോം മോനഗണാണ് ഉന്നതമായ തന്റെ സ്വപ്നങ്ങള്‍ക്കായി പ്രവർത്തിച്ചു വിജയംവരിച്ചത്. 1998-ൽ ഡൊമിനോസ് പിസയുടെ ഓഹരികളിൽ 93 ശതമാനം വിറ്റ് ഒരു ബില്യൺ ഡോളർ നേടിയ മോനഗൺ ആ തുക ഉപയോഗിച്ചുകൊണ്ട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്വന്തം പ്രയത്നത്താൽ സമ്പാദിച്ച തുക അത്രയും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിലൂടെ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. 2018 മുതൽ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ പിസാ ബ്രാൻഡാണ് ഡൊമിനോസ് പിസ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA