sections
MORE

ഗൂഗിളില്‍ ജോലി വേണോ? വഴി കാട്ടും ഈ ഇരുപത്തൊന്നുകാരി

sreeja-t
SHARE

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ പോലെയുള്ള വലിയ ടെക് കമ്പനികളില്‍ ജോലി കിട്ടാന്‍ കുറുക്കുവഴികള്‍ എന്തെങ്കിലുമുണ്ടോ? ഇന്റര്‍നെറ്റ് ഫോറങ്ങളിലൊക്കെ പലരും പലവുരു ചോദിക്കുന്ന ചോദ്യം. കുറുക്കുവഴികളൊന്നും അറിയില്ലെങ്കിലും നേരായ ഒരു വഴി കാട്ടിത്തരാമെന്നു പറയുന്നു ഹൈദരാബാദ് സ്വദേശി ശ്രീജ കാമിഷെട്ടി. 21-ാം വയസ്സില്‍ ഗൂഗിളില്‍ ജോലി ലഭിച്ച ഈ മിടുമിടുക്കി പറഞ്ഞുതരുന്ന മാര്‍ഗവും സിംപിളാണ്. പല പ്രമുഖ കമ്പനികളും ഇടയ്ക്കു ചില സ്‌കോളര്‍ഷിപ്പുകളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളുമൊക്കെ പ്രഖ്യാപിക്കാറുണ്ട്. ഇവ സസൂക്ഷ്മം നിരീക്ഷിച്ച് അപേക്ഷിക്കുക. കിട്ടുന്ന അവസരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കമ്പനിയില്‍ ജോലി നേടുക.

ഹൈദരാബാദിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മെഷീന്‍ ലേണിങ്ങില്‍ അവസാന വര്‍ഷ റിസര്‍ച് അസിസ്റ്റന്റായ ശ്രീജ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് തിരിച്ചെത്തിയത്. കാന്‍സര്‍ ബാധിച്ചു മരിച്ച, യൂട്യൂബിലെ ഇന്ത്യന്‍ എന്‍ജിനീയര്‍ വെങ്കട് പഞ്ചാപകേശന്റെ സ്മരണയ്ക്ക് ആരംഭിച്ച ഗൂഗിള്‍ വെങ്കട് പഞ്ചാപകേശന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് ലഭിച്ച ആറ് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ശ്രീജ. 

വിദ്യാഭ്യാസ ചെലവുകള്‍ക്കായുള്ള 750 യുഎസ് ഡോളര്‍ തുകയും യൂട്യൂബിന്റെ ആസ്ഥാനത്തേക്ക് ഒരു യാത്രയും അടങ്ങുന്നതായിരുന്നു സ്‌കോളര്‍ഷിപ്പ്. രണ്ട് ഉപന്യാസങ്ങളുടെയും എന്തു കൊണ്ട് ഈ സ്‌കോളര്‍ഷിപ്പ് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് തയാറാക്കിയ യൂട്യൂബ് വിഡിയോയുടെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി ശ്രീജയെ തിരഞ്ഞെടുത്തത്. കലിഫോര്‍ണിയയിലെ ഗൂഗിള്‍, യൂട്യൂബ് ആസ്ഥാനത്തേക്കു നടത്തിയ ത്രിദിന ട്രിപ്പിനിടെ ശ്രീജ യൂട്യൂബ് സിഇഒ സൂസന്‍ വോജ്‌സിക്കി, വെങ്കട് പഞ്ചാപകേശന്റെ ഭാര്യ സന്ധ്യ പഞ്ചാപകേശന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഡിസൈന്‍ തിങ്കിങ് വര്‍ക്ക്‌ഷോപ്പ്, വിഡിയോ മേക്കിങ്, വിര്‍ച്വല്‍ റിയാലിറ്റി സെഷനുകളും യൂട്യൂബില്‍ സ്‌കോളേഴ്‌സിനായി നടന്നു. 

ഇതാദ്യമല്ല ശ്രീജ സ്‌കോളര്‍ഷിപ്പ് നേടി വിദേശത്തു പോകുന്നത്. 2018 ജൂണില്‍ ഗൂഗിളിന്റെ ഗെറ്റ്-എഹഡ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ടെക് രംഗത്തെ 400 വനിതകളാണ് ഈ പ്രോഗ്രാമില്‍ പങ്കെടുത്തത്. ഇവിടെ നടന്ന ഓണ്‍ലൈന്‍ കോഡിങ് മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന്റെ സ്റ്റുഡന്റ്‌സ് റിട്രീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 വനിതകളില്‍ ഒരാളായും ശ്രീജ മാറി. 2018 ഓഗസ്റ്റില്‍ നടന്ന റിട്രീറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക് മേഖലയിലെ വനിതകളുമായി പരിചയപ്പെടാന്‍ ശ്രീജയ്ക്ക് സാധിച്ചു. കോഡിങ് മത്സരത്തിലെ ശ്രീജയുടെ പ്രകടനം ഗൂഗിള്‍ അധികൃതരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഗൂഗിളിലൊരു മുഴുവന്‍ സമയ ജോലിക്കു താൽപര്യമുണ്ടോ എന്ന് കമ്പനി ശ്രീജയോട് ചോദിച്ചു. ആദ്യ ഘട്ട ഫോണ്‍ സ്‌ക്രീനിങ് ടെസ്റ്റ് വിജയിച്ച ശ്രീജ 2018 ഡിസംബറില്‍ ലണ്ടനില്‍ നടന്ന അഭിമുഖപരീക്ഷയിലും പങ്കെടുത്തു. അങ്ങനെ ഒടുവില്‍ പലരും കൊതിക്കുന്ന ഗൂഗിള്‍ ജോലി ശ്രീജയെ തേടിയെത്തി. വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പരിശ്രമങ്ങള്‍ അദ്ഭുതാവഹമാണെന്ന് ശ്രീജ പറയുന്നു. പഠനം കഴിഞ്ഞാല്‍ ജൂണില്‍ ലണ്ടനിലെ ഗൂഗിള്‍ ഓഫിസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ശ്രീജ ജോലിയില്‍ പ്രവേശിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA