sections
MORE

സ്കൂളെന്തിന്? യാത്ര ചെയ്ത് മക്കളെ പഠിപ്പിക്കുന്ന അമ്മ

Durgesh-Nandhini
SHARE

വിദ്യാഭ്യാസമെന്നതു സ്‌കൂളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ? അല്ലേയല്ല എന്നാണ് ഇപ്പോഴത്തെ പല ന്യൂജനറേഷന്‍ മാതാപിതാക്കളുടെയും അഭിപ്രായം. വീട്ടിലിരുത്തി കുട്ടികളെ പഠിപ്പിക്കുന്ന ഹോം സ്‌കൂളിങ് ആശയം ഇവരില്‍ പലരും ഫലപ്രദമായി നടപ്പാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലെ ദുര്‍ഗേഷ് നന്ദിനി എന്ന 33 കാരി അമ്മ ഇക്കാര്യത്തില്‍ ഒരു പടി കൂടി കടന്നു. കുട്ടികളുമൊത്തു യാത്ര ചെയ്ത്, അവരെ ലോകമാകുന്ന സര്‍വകലാശാലയില്‍നിന്നു പാഠങ്ങള്‍ പഠിപ്പിക്കുന്ന ട്രാവല്‍ സ്‌കൂളിങ് പഠനരീതി ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണു ദുര്‍ഗേഷ് നന്ദിനി.

മക്കളായ തന്‍വിയെയും താമരയെയും കൂട്ടി എല്ലാ ദിവസവും യാത്രയിലാണു നന്ദിനി. ചെന്നൈയിലെ മെട്രോ റെയിലില്‍, ചോളമണ്ഡലത്തിലെ കലാഗ്രാമത്തില്‍, ജവാധു ഹില്‍സില്‍ എന്നിങ്ങനെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെല്ലാം രണ്ടു വയസ്സുകാരി താമരയെ പുറത്തും അഞ്ചു വയസ്സുകാരി തന്‍വിയെ കയ്യിലും പിടിച്ച് നന്ദിനി യാത്ര ചെയ്തുകഴിഞ്ഞു. ചുമ്മാ സ്ഥലം കാണുകയല്ല, മറിച്ചു ജനങ്ങളോട് ഇടപെട്ടു പുതിയ അറിവുകള്‍ നേടുകയാണ് യാത്രകളുടെ ലക്ഷ്യം.

സുഖയാത്രയ്ക്കുള്ള എളുപ്പവഴി കുറച്ചു സാധനങ്ങളുമായി യാത്ര ചെയ്യുകയാണെന്നു നന്ദിനി പറയുന്നു. ഒരു ബാക്ക്പാക്ക്, വെള്ളക്കുപ്പി, പഴ്‌സ്, പ്ലേറ്റുകള്‍, വീണ്ടും ഉപയോഗിക്കാവുന്ന തരം സ്‌ട്രോകള്‍, കുട്ടികളുടെ ഉടുപ്പ്, കുറച്ച് പഴങ്ങൾ- നന്ദിനിയുടെയും കുട്ടിപ്പട്ടാളത്തിന്റെയും ലഗേജ് ഇത്രയുമേ കാണൂ. ദൂരത്തേക്കു പോകാന്‍ പ്ലാന്‍ ഇടാത്ത ദിവസങ്ങളില്‍ അമ്മയും മക്കളും കൂടി ചുറ്റുവട്ടത്തു കറങ്ങും. ആ യാത്രകളിലാണു ചുറ്റുമുള്ളവയെ പറ്റിയൊക്കെ നിരവധി സംശയങ്ങള്‍ തന്‍വി ചോദിക്കുന്നത്. ശുചിമുറികളെ പറ്റിയൊക്കെ തന്‍വിക്ക് ആദ്യം പരാതി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വൃത്തിയില്ലാത്ത ശുചിമുറി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാന്‍ പഠിച്ചു.

പല സ്ഥലങ്ങളിലും പോയി പുതിയ ഭക്ഷണങ്ങള്‍ ഇവര്‍ പരീക്ഷിച്ചു നോക്കും. സിംഗാരപേട്ടയില്‍ അടുത്തിടെ പോയപ്പോള്‍ അവിടുന്നു കുടിച്ച റാഗിക്കഞ്ഞി കുട്ടികള്‍ക്കും ഇഷ്ടമായി. സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ കുട്ടികള്‍ വളരെ വേഗം പഠിക്കുന്നുണ്ടെന്ന‌ു നന്ദിനി അഭിപ്രായപ്പെടുന്നു. 10 മണി മുതല്‍ അഞ്ചു മണി വരെ നീളുന്ന ഓഫിസ് ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രഫിയിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് പ്രഭുശങ്കറാണ് മുഖ്യധാരാ വിദ്യാഭ്യാസമെന്ന നാട്ടുനടപ്പിനെ എന്തുകൊണ്ടു വെല്ലുവിളിച്ചു കൂടാ എന്ന ചോദ്യം ദുര്‍ഗേഷ് നന്ദിനിക്കു മുന്നില്‍ ഉന്നയിക്കുന്നത്. 

പിന്നീട് നന്ദിനി അതിനെക്കുറിച്ച് മൂന്നു വര്‍ഷത്തോളം ഗവേഷണം നടത്തി. ഹോംസ്‌കൂളിങ് നടത്തുന്ന മാതാപിതാക്കളുമായി സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തുള്ളവരുമായി ഇതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ബെംഗളൂരുവില്‍ ഹോംസ്‌കൂളിങ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തു. മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തി. അങ്ങനെയാണ് നന്ദിനിയും ഭര്‍ത്താവും ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്തുന്നത്. ബെംഗളൂരു നഗരത്തേക്കാൾ കൂടുതല്‍ ചലനാത്മകമാണ് ചെന്നൈ എന്ന വിശ്വാസത്തിലായിരുന്നു ഈ സ്ഥലംമാറ്റം. മറ്റുള്ളവരോടു കൂടുതല്‍ സഹാനുഭൂതിയുള്ളവരാകാനും വിവിധ സാഹചര്യങ്ങളില്‍ ജീവിക്കാനും ജീവിതം കണ്ടറിഞ്ഞു പഠിക്കാനും ട്രാവല്‍ സ്‌കൂളിങ്ങിലൂടെ തന്റെ കുട്ടികള്‍ക്കു സാധിക്കുമെന്നു നന്ദിനി ഉറച്ചു വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA