sections
MORE

സിബിഎസ്ഇ ഹയർസെക്കൻഡറി കേരള ടോപ്പർമാർ പറയുന്നു, സയൻസ് മാത്രമല്ല കരിയർ

malavika-varsha
എ.മാളവിക, വർഷ വിജയ്
SHARE

രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പ്രഫഷനൽ കോഴ്സിൽ പ്രവേശനം നേടാൻ കുട്ടികൾ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത കേരളത്തിലല്ലാതെ മറ്റൊരിടത്തുമില്ല എന്നു കഴിഞ്ഞ ദിവസം പരാമർശിച്ചതു കേരള ഹൈക്കോടതിയാണ്.  മാതാപിതാക്കളുടെ പൊങ്ങച്ചത്തിൽ കുട്ടികളുടെ പഠനാഭിരുചി തകരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ ഹയർസെക്കൻഡറി പരീക്ഷയിൽ കേരളത്തിലെ ടോപ്പർമാരായ എ. മാളവികയും വർഷ വിജയിയും വ്യത്യസ്തരാകുന്നത്. മാളവിക പഠിച്ചതു ഹ്യൂമാനിറ്റീസ്; വർഷ കൊമേഴ്സും. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടിയിട്ടും സയൻസ് ഗ്രൂപ്പെടുത്ത് പ്രഫഷനൽ കോഴ്സുകൾക്കു പോകാതെ വേറിട്ട വഴിയിൽ നടക്കാൻ ആഗ്രഹിച്ച ഇരുവരും മനോരമയോടു സംസാരിക്കുന്നു. 

  • ഹ്യൂമാനിറ്റീസിൽ കരിയർ ഇല്ലെന്ന് ആരുപറഞ്ഞു ?

എ.മാളവിക
സിബിഎസ്ഇ ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് 

മാർക്ക്: 496 / 500
ദേശീയ റാങ്ക്: 4
കേരള റാങ്ക് : 1

ഇക്കണോമിക്സ്, ഹിസ്റ്ററി, സൈക്കോളജി എന്നിവയിൽ മാർക്ക് 100ൽ 100; ഇംഗ്ലിഷിലും പൊളിറ്റിക്സിലും 100ൽ 98.

പരീക്ഷയിൽ രണ്ടു ചോദ്യങ്ങൾക്ക് ആദ്യം എഴുതിയ ഉത്തരം വെട്ടിക്കളഞ്ഞു വീട്ടിലെത്തിയപ്പോഴാണു മാളവിക അറിഞ്ഞത് ആ ഉത്തരങ്ങൾ ശരിയായിരുന്നുവെന്ന്. ആ മാർക്ക് കൂടിയുണ്ടായിരുന്നെങ്കിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കുകാരിയായേനെ. തീരുമാനങ്ങൾ വെട്ടിക്കളയുമ്പോഴും കൂട്ടിച്ചേർക്കുമ്പോഴും രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്ന പാഠം പഠിച്ചു. അങ്ങനെയേ കാണുന്നുള്ളൂവെന്നു മാളവിക.

പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറിയന്നൂർ തോട്ടത്തുമഠത്തിൽ വൈശാഖത്തിൽ കെ.ജി. അജിത്കുമാറിന്റെയും സിന്ധുവിന്റെയും മകളാണു തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂളിൽ പഠിച്ച മാളവിക. സഹോദരി വിദ്യാർഥിനിയായ മീരാ കൃഷ്ണ.

എന്തുകൊണ്ട് ഹ്യൂമാനിറ്റീസ് ?

നോവലുകളും കവിതയും വായിക്കാൻ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. അതുകൊണ്ട് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്തു. വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. അച്ഛൻ ബാങ്ക് മാനേജരാണ്. എംഎസ്‍സി മാത്‍സ് കഴിഞ്ഞ അമ്മ വില്ലേജ് ഓഫിസറും. ഇത്രയും മാർക്കുള്ള കുട്ടിയെ ഹ്യൂമാനിറ്റീസ് പഠിപ്പിച്ച് ഭാവി നശിപ്പിക്കല്ലേ എന്നു പരിചയക്കാരുടെ സമ്മർദവും. എന്നിട്ടും എന്റെ ഇഷ്ടം അനുവദിച്ച അച്ഛനും അമ്മയ്ക്കും ഉള്ളതാണ് ഈ റാങ്ക്.  

പഠനം എങ്ങനെ? ട്യൂഷനുണ്ടോ ?

അച്ഛനും അമ്മയ്ക്കും തിരക്കുള്ളതിനാൽ പഠിപ്പിക്കാനൊന്നും സമയം കിട്ടാറില്ല. സ്വയം പഠനമാണ് ഏറ്റവും പ്രധാനം. ഒരു വിഷയത്തിനു പോലും ട്യൂഷനു പോയിരുന്നില്ല. സാധാരണ ദിവസങ്ങളിൽ ദിവസം 5–6 മണിക്കൂർ വരെ പഠനത്തിനും വായനയ്ക്കുമായി നീക്കിവച്ചു. പരീക്ഷ അടുത്ത സമയങ്ങളിൽ സുഹൃത്തുക്കളുമൊത്ത് പ്ലാൻ ചെയ്തു പാഠഭാഗങ്ങൾ പഠിച്ചുതീർത്തു. 

കരിയർ ലക്ഷ്യം ?

ഡൽഹി സർവകലാശാലയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദം നേടുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 

അതിനു ശേഷമെന്ത് എന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. പെട്ടെന്നൊരു ജോലിയിൽ കയറുക എന്നതിനേക്കാൾ പഠിക്കാൻ കഴിയുന്നതിന്റെ പരമാവധി എന്നതാണു താൽപര്യം. കൂടുതൽ പഠിച്ചുവരുമ്പോൾ വഴി സ്വയം തെളിഞ്ഞുവരും എന്നാണു പ്രതീക്ഷ. 

ഹ്യൂമാനിറ്റീസ് പഠിച്ച് രക്ഷപ്പെടുമോ എന്നു ചോദിച്ചവരില്ലേ ?

ഹ്യൂമാനിറ്റീസ് പഠിച്ചാൽ സയൻസ് സ്ട്രീമിലെ പോലെ കരിയർ ഓപ്ഷനില്ല എന്നതു തെറ്റിദ്ധാരണയാണ്. പണ്ടത്തെ പോലെയല്ല, ധാരാളം അവസരങ്ങൾ ഇപ്പോഴുണ്ട്. 

വലിയ അക്കാദമിക് സ്ഥാപനങ്ങളിലെ അധ്യാപനം മുതൽ സിവിൽ സർവീസ് കരിയർ വരെ തിരഞ്ഞെടുക്കാമല്ലോ. ബിരുദത്തിനു തിരഞ്ഞെടുക്കുന്ന സ്പെഷലൈസേഷൻ അനുസരിച്ചു ധാരാളം അവസരങ്ങൾ ഇപ്പോഴുണ്ട്. 

ഉദാഹരണത്തിന് സൈക്കോളജിയിൽ പഠനം പൂർത്തിയാക്കിയാൽ സർക്കാർ മേഖലയിൽ മാത്രമല്ല, രാജ്യാന്തര സ്ഥാപനങ്ങളിലും സന്നദ്ധസംഘടനകളിലും വരെ മികച്ച കരിയറിനു സാധ്യതയുണ്ട്. 

വികസനം, ആസൂത്രണം തുടങ്ങി സമൂഹത്തിനു ഗുണം ചെയ്യാവുന്ന ഒട്ടേറെ മറ്റു പഠനമേഖലകളിലും ഇതുപോലെ ഏറെ ജോലിസാധ്യതകളുണ്ട്. 

സിനിമ, ടെലിവിഷൻ, നാടകം തുടങ്ങിയ കലാരംഗങ്ങളിലും പത്രപ്രവർത്തനം, നിയമം, ബിസിനസ് മാനേജ്മെന്റ്,  ടൂറിസം,  തുടങ്ങിയ മേഖലകളിലുമെല്ലാം ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് അവസരമുണ്ട്. 

  • ഐഐഎം ലക്ഷ്യമിട്ട് കൊമേഴ്സ്

വർഷ വിജയ്
സിബിഎസ്ഇ ഹയർസെക്കൻഡറി കൊമേഴ്സ് 

മാർക്ക്: 496 / 500
ദേശീയ റാങ്ക്: 4
കേരള റാങ്ക്: 1

അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഐടി വിഷയങ്ങളിൽ 100ൽ 100 മാർക്ക്; ഇംഗ്ലിഷിലും ബിസിനസ് സ്റ്റഡീസിലും 98 മാർക്ക്.

പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി പ്ലസ്ടുവിന് കൊമേഴ്സ് തിരഞ്ഞെടുത്തപ്പോൾ അധ്യാപകരും ബന്ധുക്കളും ആ പതിവു ഡയലോഗ് അടിച്ചിരുന്നു– ‘‘സയൻസിനു ചേർന്നില്ലേ ? ’’ 

അച്ഛനും അമ്മയ്ക്കും  ഇതേ ചോദ്യം ഉള്ളിലുണ്ടായിരുന്നെങ്കിലും ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാൻ അനുവദിച്ചു. സ്വന്തം വഴിയിലൂടെ നടക്കാൻ തീരുമാനിച്ച വർഷയ്ക്കു തെറ്റിയില്ല.  മിന്നും ജയം നേടി വർഷ സംസ്ഥാനത്ത് സിബിഎസ്ഇ കൊമേഴ്സ് വിഷയത്തിൽ ഒന്നാം റാങ്കുകാരിയായി.

ദൂരദർശനിലെ സ്റ്റനോഗ്രഫർ വിജയകുമാറിന്റെയും സുജാതയുടെയും മകളാണു കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാർഥിയായിരുന്ന വർഷ. സഹോദരൻ ഇന്റീരിയർ ഡിസൈനിങ് വിദ്യാർഥി വൈശാഖ്. 

എന്തുകൊണ്ട് കൊമേഴ്സ് ?

എല്ലാവരും പോകുന്നു എന്നതു കൊണ്ടുമാത്രം സയൻസ് പഠിക്കേണ്ട എന്നു തീരുമാനിച്ചിരുന്നു. ബിസിനസ് എനിക്കു താൽപര്യമുള്ള വിഷയമായിരുന്നു. കൊമേഴ്സ് തിരഞ്ഞെടുക്കുമ്പോഴും കരിയർ എന്തായിരിക്കണം എന്നു തീരുമാനിച്ചിരുന്നില്ല. പഠിച്ചു തുടങ്ങിയ ശേഷമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) നിന്ന് എംബിഎ എടുക്കണമെന്നു തീരുമാനിച്ചത്. 

ഡിഗ്രിയോ ?

ബികോം ഫിനാൻസ് ആണു ലക്ഷ്യം. ആദ്യം ഇന്ത്യയിലെ തന്നെ മികച്ച കോളജുകളിലൊന്നിൽ ചേരണം. ഒപ്പം മാനേജ്മെന്റ് പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റിന് (ക്യാറ്റ്) തയാറാകണം. ഇപ്പോൾ തന്നെ ഓൺലൈൻ കോഴ്സുകൾ വഴി പതുക്കെ പഠിച്ചുതുടങ്ങാമെന്നു കരുതുന്നു. 

ഭയങ്കര പഠിപ്പിസ്റ്റാണോ ?

എനിക്കു ക്ലാസ് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. ഉച്ചയ്ക്ക് 12നു സ്കൂളിലെത്തിയാൽ മതി. അതുകൊണ്ട് രാവിലെ 2–3 മണിക്കൂർ പഠിക്കാൻ സമയം കിട്ടും. വായനയും ചിത്രരചനയുമാണു പ്രിയപ്പെട്ട വിനോദങ്ങൾ. 

കൊമേഴ്സിന്റെ സാധ്യത എന്താണ് ?

തിരഞ്ഞെടുക്കുന്ന സ്പെഷലൈസേഷൻ അനുസരിച്ച് കൊമേഴ്സ് വിദ്യാർഥികൾക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.  

പണ്ടത്തെ കാലമല്ല, കോർപറേറ്റ് കമ്പനികളിൽ വൻ സാധ്യതകളുണ്ട്. അക്കൗണ്ടിങ് പോലെയുള്ള പരമ്പരാഗത തൊഴിലവസരങ്ങളേ പലർക്കുമറിയൂ. ഇതിനു പുറമേ ബിസിനസ് മാനേജ്മെന്റ്, ചാർട്ടേർഡ് അക്കൗണ്ടൻസി, ഓഡിറ്റിങ്, ടാക്സേഷൻ, കമ്പനി സെക്രട്ടറിഷിപ്, ബാങ്കിങ്, സ്റ്റോക്ക് ബ്രോക്കിങ് തുടങ്ങി എത്രയോ മേഖലകളിൽ പുതിയ അവസരങ്ങൾ വരുന്നു. 

അധ്യാപനം, നിയമം, സിവിൽ സർവീസ്  തുടങ്ങിയ മേഖലകളിലേക്കു തിരിയാനും കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA