sections
MORE

ബുക്ക് മൈ ഷോ: ഇത് ക്യൂവിനെ തോൽപ്പിച്ച ഐക്യു !

ashish_hemrajani
SHARE

ഒരു സിനിമ കാണണമെന്ന ആഗ്രഹത്തോടെ തിയറ്ററിലെ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിന്ന് അവസാനം ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്നവരുടെ നിരാശ അതനുഭവിച്ചവർക്കേ മനസ്സിലാകൂ. ടിക്കറ്റ് ലഭിക്കുമോ എന്ന ആകുലതയാൽ തിയറ്ററുകളിൽ നിന്നും വിട്ടു നിന്നിരുന്നത് നിരവധി ആളുകളാണ്. എന്നാൽ ഇന്ന് നീണ്ട ക്യൂ എന്ന പേടിസ്വപ്നം ഒഴിവാക്കി മനസ്സമാധാനത്തോടെ മുൻകൂറായി ടിക്കറ്റെടുത്ത് സിനിമ ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. ഇരുപത്തിനാലുകാരനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിലുദിച്ച ഒരാശയമാണ് ഇന്ത്യയിൽ സുഗമമായി ടിക്കറ്റെടുത്തുകൊണ്ട് തിയറ്ററുകളിലെത്താൻ വഴിയൊരുക്കിയത്. ഇതിലൂടെ സിനിമാ വ്യവസായത്തിനു തന്നെ വമ്പിച്ച മുന്നേറ്റമുണ്ടാക്കാനുമായി.

മുംബൈ സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് പഠനം പൂർത്തീകരിച്ച് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആശിഷ് ഹേംറജാനിക്ക് 1999ൽ ദക്ഷിണാഫ്രിക്കയിലേക്ക് ഒരു യാത്ര തരപ്പെട്ടു. അവിടെ ഒരു പാർക്കിലെ മരത്തണലിൽ റേഡിയോ ശ്രവിച്ചുകൊണ്ടിരിക്കെയാണ് ആശിഷിന്റെ മനസ്സിൽ ഒരാശയം പിറന്നത്. റഗ്ബി മൽസരം കാണാനായി ടിക്കറ്റുകൾ ഒരുക്കിക്കൊടുക്കുന്ന കമ്പനികളുടെ റേഡിയോ പരസ്യം കേട്ടപ്പോൾ എന്തുകൊണ്ട് ഈ സംവിധാനം ഇന്ത്യയിലും ഏർപ്പെടുത്തിക്കൂടാ എന്ന ചിന്തയില്‍ നിന്നുമാണ് സിനിമയ്ക്കുള്ള ടിക്കറ്റുകൾ തരപ്പെടുത്തിക്കൊടുക്കാനൊരു കമ്പനി തുടങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്ത്യയിൽ തിരിച്ചെത്തിയ ആശിഷ് ജോലി ഉപേക്ഷിച്ചു സ്വന്തം സംരംഭത്തിനു തുടക്കം കുറിച്ചു. രണ്ടു സുഹൃത്തുക്കളെയും കൂടെ ചേർത്തുകൊണ്ട് ബിഗ് ട്രീ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു സ്ഥാപനം. ആശിഷിന്റെ കിടപ്പുമുറി ആയിരുന്നു കമ്പനിയുടെ ആസ്ഥാനം.

ഉപഭോക്താക്കൾക്ക് സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഒരു വെബ്സൈറ്റ് തുടങ്ങി. ഓൺലൈൻ പേയ്മെന്റ് സംവിധാനം അക്കാലത്ത് ഇല്ലാതിരുന്നതിനാൽ ആവശ്യക്കാർക്ക് ടിക്ക‌റ്റുകൾ അവരുടെ പക്കൽ എത്തിച്ചു നൽകി ആയിരുന്നു തുടക്കം. നൂറ്റിഅൻപതോളം ജീവനക്കാർ ടിക്കറ്റുകള്‍ എത്തിച്ചു നൽകാൻ ബൈക്കുകളിൽ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. 2002ൽ ആഗോളതലത്തിൽ വെബ്സൈറ്റ് അധിഷ്ഠിത വ്യവസായങ്ങൾക്ക് നേരിട്ട ആഘാതം ആശിഷിന്റെ കമ്പനിയെയും ബാധിച്ചു. കടുത്ത സാമ്പത്തിക  പ്രതിസന്ധിയെ നേരിടാൻ ജീവനക്കാരുടെ എണ്ണം കുറച്ചു. വേതനവും വെട്ടിക്കുറയ്ക്കേണ്ടിവന്നു. കമ്പനി പൂട്ടിപോകേണ്ട സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനിന്നു. തന്റെ ആശയം ലോകം ഏറ്റെടുക്കും എന്ന ഉറച്ച വിശ്വാസം ആശിഷിനുണ്ടായിരുന്നു.

2002ൽ ജെ.പി. മോർഗനിൽ നിന്നും ലഭിച്ച സാമ്പത്തിക പിന്തുണയും പുതിയ മൾട്ടിപ്ലക്സ് തിയറ്ററുകളുടെ കടന്നുവരവും കമ്പനി വളരാൻ കാരണമായി. ഇന്ത്യയിലെ മൾട്ടിപ്ലക്സ് കമ്പനികൾക്ക് ആവശ്യമായ ടിക്കറ്റ് സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയറുകൾ നിർമിച്ചു നൽകിയാണ് കമ്പനി പിടിച്ചുനിന്നത്. ‘ഗോ ഫോർ ടിക്കറ്റിങ്’ എന്ന പേരിൽ ആരംഭിച്ച ടിക്കറ്റ് സേവനം 2002 ൽ ‘ഇന്ത്യ ടിക്കറ്റിങ് ’ എന്ന പേരിലും ഇന്ന് ‘ബുക്ക് മൈ ഷോ’ എന്ന പേരിലും അറിയപ്പെടുന്നു. ബുക്ക് മൈ ഷോ മൊബൈൽ ആപ്പിന്റെ സഹായത്താൽ ഇന്ത്യയിലുടനീളമുള്ള  തിയറ്ററുകളിൽ  മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കും. ഐപിഎല്‍ പോലെയുള്ള സ്പോർട്സ് മൽസരങ്ങൾക്കുള്ള ടിക്കറ്റുകളും വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കി. ആശിഷിന്റെ കിടപ്പുമുറിയിൽ തുടങ്ങിയ കമ്പനിയുടെ പ്രവർത്തനം വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. മൂവായിരത്തിലേറെ കോടികളുടെ മൂല്യമുണ്ട് ഇന്ന് ഈ സംരംഭത്തിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA