sections
MORE

ഡോക്ടർ, പിന്നാലെ മാനസിക രോഗിയായി അതേ ആശുപത്രി സെല്ലിൽ; ലിസ് മില്ലർ മനസിനെ കീഴടക്കിയ വിജയകഥ

HIGHLIGHTS
  • ലണ്ടൻ സർവകലാശാലയിലെ കിങ്സ് മെഡിക്കൽ കോളജിൽ നിന്ന് 1979 ൽ മെഡിസിൻ പഠനം
  • ‘മാനസിക വ്യതിയാനങ്ങളുടെ രേഖ’ (Mood Mapping) എന്ന പുസ്തകമെഴുതി
dr-liz-miller
SHARE

മാനസിക ആരോഗ്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുക, അതേ ആശുപത്രിയുടെ സെല്ലിൽ രോഗിയായി കഴിയേണ്ടി വരിക. ഇങ്ങന‌െയൊരവസ്ഥയെക്കുറിച്ചു ചിന്തിക്കാനാകുമോ? എന്നാൽ അത്തരം ദുർവിധിയിലൂടെ കടന്നുപോകേണ്ടി വരികയും ഇച്ഛാശക്തി കൊണ്ടുമാത്രം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുകയും ചെയ്ത വ്യക്തിയുണ്ട്. 1957 ഫെബ്രുവരി 27 ന് ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിൽ ജനിച്ച എലിസബത്ത് സിൻക്ലെയർ മില്ലർ എന്ന ഡോ. ലിസ് മില്ലർ. അച്ഛനും മുത്തച്ഛനും ഡോക്ടർമാരായിരുന്നു. ഡോക്ടർ കുടുംബത്തിലെ ഈ മൂന്നാം തലമുറക്കാരി ലണ്ടൻ സർവകലാശാലയിലെ കിങ്സ് മെഡിക്കൽ കോളജിൽ നിന്ന് 1979 ൽ മെഡിസിൻ പഠനം പൂർത്തിയാക്കി. തുടർന്ന് ന്യൂറോസർജറിയിൽ പരിശീലനവും ഗവേഷണവും.1985ൽ 28 വയസ്സിൽത്തന്നെ മികച്ച ഡോക്ടറെന്ന ഖ്യാതി നേടി.

ഇങ്ങനെ അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ചില്ലുപേടകത്തിൽ ഇരിക്കെയാണ് 29–ാം വയസിൽ ബൈപ്പോളാർ ഡിസോഡർ എന്ന രോഗാവസ്ഥയിലേക്ക് എത്തിപ്പെട്ടത്. തീവ്രമായ വിഷാദരോഗത്തിന് അടിമപ്പെട്ട ലിസ് മില്ലർ, അവൾ ജോലി ചെയ്തിരുന്ന എഡിൻബർഗ് റോയൽ ഹോസ്പിറ്റലിലെ മാനസികരോഗികൾക്കുള്ള വാർഡിൽ അടയ്ക്കപ്പെട്ടു. ബൈപോളർ മെന്റൽ ഡിസോർഡർ, കടുത്ത ഉത്കണ്ഠ, മതിഭ്രമം, ആത്മഹത്യാപ്രവണത, മടുപ്പും മന്ദതയും ഇങ്ങനെ ഒരിക്കലും വഴങ്ങാത്ത മനസുമായി മാസങ്ങളോളം മല്ലിട്ടു. ഇംഗ്ലണ്ടിലെ മാനസികാരോഗ്യ നിയമപ്രകാരം ലിസിന്റെ തൊഴിൽപരമായ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. 10 മാസത്തിനുശേഷം രോഗം ഭേദപ്പെട്ടു. എങ്കിലും സ്വപ്ന ജോലിയായ ന്യൂറോ സർജനായി തുടരാനായില്ല, ജനറൽ ഫിസിഷ്യനായി പ്രവർത്തനം ആരംഭിച്ചു. ജോലിയോടു വല്ലാതെ മടുപ്പു ബാധിച്ച ലിസ് മില്ലറിന്റെ മനസ്സ് വീണ്ടും പാളം തെറ്റി. തുടർചികിത്സ ഇംഗ്ലണ്ടിലെ കെന്റാലെ ബത്‌ലേം റോയൽ ആശുപത്രിയിലായിരുന്നു.

വീണ്ടും മാനസിക നിലയിൽ കാര്യമായ പുരോഗതി ഉണ്ടായി. 1995ൽ, 36–ാം വയസിൽ വിവാഹിതയായി. ഇടയ്ക്കിടയ്ക്കു പാളം തെറ്റിയോടുന്ന മാ‌നസികാവസ്ഥ ഭർത്താവിനു ഭാരമാകുന്നുവെന്നുകരുതി 1999ൽ വിവാഹമോചനം നേടി. ലോക പ്രശസത പിയാനിസ്റ്റ് ഡേവിഡ് ഹെൽഫ്ഗോട്ടിന്റെയും ഗണിത ശാസ്ത്രജ്ഞനായ ജോൺ നാഷിന്റെയും ജീവിതം ലിസ് മില്ലറെ ആഴത്തിൽ സ്വാധീനിച്ചു. സ്കിസോഫ്രീനിയ രോഗികളായ 2 ജീനിയസുകളും രോഗത്തെ അതിജീവിച്ചു തങ്ങളുടെ മേഖലയിൽ മഹത്തായ സംഭാവന നൽകിയതുപോലെ തനിക്കും തിരിച്ചു വരാനാകുമെന്നവൾ ഉറച്ചു വിശ്വസിച്ചു.

സ്വന്തം മാനസിക അവസ്ഥയെക്കുറിച്ചു മില്ലർ പഠനം ആരംഭിച്ചു. തുടർന്ന്, ബൈപോളാർ ഓർഗനൈസേഷനിൽ ചേർന്നു. സംഘടനയുടെ സെൽഫ് മാനേജ്മെന്റ് പ്രോഗ്രം ഫലപ്രദമായി. അതിന്റെ ഭാഗമായി ഡയറി എഴുത്തു ശീലമാക്കി. ബൈപോളാർ ഓർഗനൈസേഷന്റെ മാഗസിനായ 'പെൻഡുല' ത്തിൽ ബൈപോളാർ ഡിസോഡറിനെക്കുറിച്ചു സ്ഥിരമായി എഴുതാൻ തുടങ്ങി. തുടർന്ന് ഡോക്ടേഴ്സ് സപ്പോർട്ട് നെറ്റ്‌വർക്കിനു തുടക്കമിട്ടു. ധാരാളം ആളുകളുമായി സംസാരിച്ചു.പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അമിത മദ്യപാനം, പുകവലി തുടങ്ങി ജീവിതത്തിലെ ദുശ്ശീലങ്ങൾ എത്രമാത്രം മാനസിക അവസ്ഥയെ മോശമാക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. താമസ സ്ഥലം ഭംഗിയായി സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന മാനസിക ഉത്തേജനവും വ്യായാമത്തിലൂടെ മനസിനു ലഭിക്കുന്ന ശാന്തതയുമെല്ലാം ലിസ് മില്ലർ മനസിലാക്കി. ഒരു കാലത്തു പിടിതരാതെ ഓടിയ മനസ്സെന്ന കുതി‌രയെ പതിയെ ലിസ് മില്ലർ കീഴടിക്കിത്തുടങ്ങി.

ഒരു ദിവസം അർധരാത്രി ലിസ് ഞെട്ടിയുണർന്നു. അവൾക്കു വല്ലാത്ത മാനസിക ശാന്തത അനുഭവപ്പെട്ടു. ആ രാത്രി മരുന്നുകൾ അവൾ ചവറ്റുകൊട്ടയിലുപേക്ഷിച്ചു. മദ്യക്കുപ്പികളും സിഗരറ്റും അനാവശ്യമായ ഭക്ഷണസാധനങ്ങളും ഒഴിവാക്കി. പിറ്റേദിവസം മുതൽ സ്ഥിരമായി വ്യായാമം ചെയ്തു. പിന്നീടൊരിക്കലും അവളുടെ മനസ്സ് പാളംതെറ്റി ഓടിയില്ല.‘മാനസിക വ്യതിയാനങ്ങളുടെ രേഖ’ (Mood Mapping) എന്ന പുസ്തകമെഴുതി. ഇന്ന് മാനസികാരോഗ്യ രംഗത്തെ, പ്രത്യേകിച്ച്, തീവ്ര വിഷാദരോഗ ചികിത്സാരംഗത്തെ വേറിട്ട ശബ്ദമായ ഡോ. ലിസ് മില്ലർ എഴുത്തുകാരിയായും മോട്ടിവേഷനൽ സ്പീക്കറായും പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA