sections
MORE

പന്ത്രണ്ടാം വയസിൽ കേൾവി ശക്തി പോയി; ഈവലിൻ ഇന്ന് സംഗീത വിസ്മയം

HIGHLIGHTS
  • 12 വയസ്സായപ്പോൾ പൂർണമായും കേൾവി ഈവലിൻ ഗ്ലന്നിയെ വിട്ടുപോയി
  • 2012ലെ ലണ്ടൻ ഒളിംപിക്സ് ഈവലിന്റെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടിയാണ് തുടങ്ങിയത്
musician-evelyn-glennie-photograph
ഈവലിൻ ഗ്ലെന്നി
SHARE

1982, അധ്യയന വർഷം ആരംഭിക്കുന്നതേയുള്ളു. ലണ്ടൻ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഓഫിസ് മുറിയിലേക്ക് ഈവലിൻ ഗ്ലന്നി എന്ന പതിനേഴുകാരി കയറിച്ചെന്നു. പിയാനോ പഠിക്കണം അതാണ് ആവശ്യം. പക്ഷേ, കേൾവി ശക്തിയില്ല. ഇങ്ങനെയൊരാൾ എങ്ങനെ സംഗീതം പഠിക്കും, അധ്യാപകർ ആശങ്കപ്പെട്ടു. ആ സംഗീത വിദ്യാലയത്തിലെ തുകൽ വാദ്യോപകരണങ്ങൾക്കടുത്തേക്ക് പതിയെ നടന്ന അവൾ മനോഹരമായി സംഗീതം പൊഴിച്ചു.  ഈവലിൻ ഗ്ലെന്നിയെ കോളജിൽ ചേർക്കാൻ അധ്യാപകർക്കു മറ്റൊന്നും ആവശ്യമായിരുന്നില്ല. 

1965 ജൂലൈ 19 ന് സ്‌കോട്‌ലൻഡിലെ അബേദീനിലാണ് ഈവലിൻ ഗ്ലെന്നിയുടെ ജനനം. ഇറച്ചിവെട്ടുകാരനായ അച്ഛൻ ഹെർബർട്ട് ആർതർ ഗ്ലെന്നിക്ക് സംഗീതവും നൃത്തവും ലഹരിയായിരുന്നു. വിവിധ സംഗീത ഗ്രൂപ്പുകളിലെ പ്രധാന ഗായകനാണ്. അമ്മ ഇസബെല്ല സ്കൂൾ ടീച്ചറാണ്. നന്നായി ഓർഗൺ വായിക്കും. അച്ഛന്റെയും അമ്മയുടെയും സംഗീത സാന്ദ്രമായ ജീവിതത്തെ മകളും  മാതൃകയാക്കി. അപാരമായ താളബോധമുള്ള ഈവലിൻ അധ്യാപകരുടെയെല്ലാം പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു. 

musician-evelyn-glennie-potrait-image
ഈവലിൻ ഗ്ലെന്നി

എട്ടാം വയസ്സിലാണ് അവളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കേൾവിയുടെ ലോകം അടഞ്ഞു തുടങ്ങുന്നത്. 11 വയസായപ്പോൾ ‍ഹിയറിങ് എയ്ഡ് വച്ചു. അതൊരു തടസമാണെന്നു തോന്നിയതോടെ ഒഴിവാക്കി. സംഗീത ഉപകരണങ്ങളിൽ കൈ തൊടുമ്പോൾ ഉണ്ടാകുന്ന സ്പന്ദനത്തിൽ നിന്ന് സംഗീതത്തിന്റെ ആഴം മനസ്സിലാക്കാൻ ഈ കാലയളവിൽ അവൾ ശീലിച്ചുതുടങ്ങി. കേൾക്കാൻ കഴിയാത്ത ശബ്ദത്തെ ശരീരം കൊണ്ട് അനുഭവിക്കുന്ന ജാലവിദ്യ.

12 വയസ്സായപ്പോൾ പൂർണമായും കേൾവി അവളെ വിട്ടുപോയി. പക്ഷെ, ഉള്ളിൽ സംഗീതം തിരമാല പോലെ ആർത്തലച്ചുകൊണ്ടിരുന്നു. അതേ വർഷമാണു യാദൃശ്ചികമായി ഇസബെല്ല എന്ന പഴയ സഹപാഠിയെ കണ്ടുമുട്ടുന്നത്. അവളാണ് തുകൽവാദ്യത്തിന്റെ ലോകത്തേക്ക് ഈവലിനെ കൈപിടിച്ചുകൊണ്ടുപോകുന്നത്.

1985ൽ ബിരുദം പൂർത്തിയാക്കി കോളജിന്റെ പഠിയിറങ്ങുമ്പോൾ ഈവലിൻ ഗ്ലെന്നി എന്ന സംഗീത പ്രതിഭയുടെ ജനനമാണു നടന്നത്. തുടർന്ന് ഒക്ടാവേ മാരിമ്പ എന്ന സംഗീത ഉപകരണം പഠിക്കാനായി ഒരു വർഷത്തോളം ജപ്പാനിൽ ചെലവഴിച്ചു. 1990ലാണ് സംഗീത സംവിധായകനും സൗണ്ട് എൻജിനീയറുമായ ഗ്രെഗ് മൽഗാനിയെ പരിചയപ്പെടുന്നത്. 4 വർഷത്തെ സൗഹൃദം വിവാഹത്തിലേക്കു നയിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു.

2000ൽ പുറത്തിറക്കിയ ‘ഷാഡോ ബിഹൈൻഡ് ദ് അയൺ സൺ’ ഈവലിനെ പോപ് ഗാന രംഗത്തേക്കും നയിച്ചു. 2012ലെ ലണ്ടൻ ഒളിംപിക്സ് ഈവലിന്റെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടിയാണ് തുടങ്ങിയത്. ഡ്രമ്മുകളുമായി നിരന്ന ആയിരം പേരെയും നിയന്ത്രിച്ച് ഒളിംപിക്സിന്റെ തുടക്കം അവിസ്മരണീയമാക്കിയപ്പോൾ ഈവലിൻ എന്ന കേൾവിയില്ലാത്ത പ്രതിഭയുടെ മുന്നിൽ ലോകം നമിച്ചു. 

സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ലെ പോളാർ മ്യൂസിക് പുരസ്കാരം തേടിയെത്തി.

വിവിധ സർവകലാശാലകളിൽ നിന്നായി 15 ഓണററി ഡോക്ടറേറ്റുകളും ലഭിച്ചിട്ടുണ്ട്. റോയൽ നാഷനൽ ചിൽഡ്രൻസ് ഫൗണ്ടേഷന്റെ അംബാസഡറായ ഈവലിൻ 1993 മുതൽ ലണ്ടൻ സ്‌കൂൾ ഓഫ് സാംബയുടെ രക്ഷാധികാരിയുമാണ്. ‘ഗുഡ് വൈബ്രേഷൻസ്; മൈ ഓട്ടോ ബയോഗ്രഫി’ എന്ന പേരിൽ ആത്മകഥയെഴുതി. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടും ശരീരംകൊണ്ട് തനിക്ക് സംഗീതത്തെ ആസ്വദിക്കാനും തിരിച്ചറിയാനും കഴിയുന്നതെങ്ങനെയെന്ന് ‘ഹിയറിങ് ഈസി’ എന്ന പുസ്തകത്തിൽ ഈവലിൻ വ്യക്തമാക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകളും നയിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1800ൽ അധികം സംഗീത ഉപകരണങ്ങളുടെ ശേഖരമുണ്ട് ഈവലിന്. 

ഇപ്പോൾ ഓരോ വർഷവും 100ൽ അധികം സംഗീത പരിപാടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി  നടത്തുന്നത്.ഒട്ടേറെ ആൽബങ്ങളും പുറത്തിറക്കുന്നു. 40ൽ അധികം രാജ്യങ്ങളിൽ ഇതുവരെ സംഗീത പരിപാടി അവതരിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA