sections
MORE

പരീക്ഷയ്ക്കു തൊട്ടുമുൻപുണ്ടായ പ്രളയത്തിൽ എല്ലാം നഷ്ടമായ ഹരിഷ്മയ്ക്ക് ഒന്നാം റാങ്ക്

Harishma
SHARE

ബിരുദ പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്താണു കളമശേരി സെന്റ് പോൾസ് കോളജിലെ വിദ്യാർഥി വി.എച്ച്. ഹരിഷ്മയുടെ വീടിനകത്തേക്കു ചോദ്യവും പറച്ചിലുമില്ലാതെ പ്രളയം ആർത്തലച്ചെത്തിയത്. മേൽക്കൂരയോളം വെള്ളം. സ്വന്തമെന്നു കരുതിയതെല്ലാം എവിടേക്കോ ഒലിച്ചുപോയി. നോട്ടുപുസ്കങ്ങളിൽ കുറിച്ചു വച്ച അക്ഷരങ്ങളും ആ പ്രളയജലത്തിൽ കുതിർന്നില്ലാതെയായി. ജീവൻ മാത്രം കയ്യിൽ പിടിച്ചു വീട്ടുകാർക്കും അയൽക്കാർക്കുമൊപ്പം സമീപത്തെ സ്കൂളിലേക്ക് ഓടിപ്പോകുമ്പോൾ പരീക്ഷയെന്നതു പ്രളഭീതിയിൽ ഒന്നുമല്ലായിരുന്നു. 

harishma-books

സംഹാരതാണ്ഡവം കഴിഞ്ഞു വെള്ളം ഇറങ്ങിപ്പോയി. 2 ആഴ്ചയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എഴുതിക്കൂട്ടിയ നോട്സും പാഠപുസ്തകങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. പരീക്ഷ അതാ ദിവസങ്ങൾ മാത്രം അകലെ. പതറാതെ നിശ്ചയദാർഢ്യത്തോടെ നിന്നു ഹരിഷ്മ. വീടിനോളം ഉയർന്ന പ്രളയജലത്തിനും മേലെ ഈ മിടുക്കി ഉണർന്നു പ്രവർത്തിച്ചു. അധ്യാപകരും  കൂട്ടുകാരുമെല്ലാം കട്ടയ്ക്കു കൂടെനിന്നു. അതിന്റെ ഫലമാണു  ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എംജി സർവകലാശാലയിൽ ഒന്നാം റാങ്കിന്റെ രൂപത്തിൽ അവളെ തേടിയെത്തിയത്. വിജയ മധുരം പങ്കുവയ്ക്കുമ്പോൾ തന്നെ ഭീകരതയുടെ ദിനങ്ങളെയും ഹരിഷ്മ ഓർത്തെടുക്കുന്നു.

‘‘ഓഗസ്റ്റ് 15ാം തീയതി രാവിലെയാണു ചെറിയപ്പിള്ളി പുഴയിൽ നിന്നു വീട്ടുമുറ്റത്തേക്കു വെള്ളം കയറിത്തുടങ്ങിയത്. ഓരോരുത്തരായി അടുത്ത യുപി സ്കൂളിലേക്കു താമസം മാറി. കയ്യിൽ കിട്ടിയതെടുത്ത് ഞങ്ങളും പോയി. തിരിച്ചെത്തിയിട്ട് ഒന്നര ആഴ്ചയോളമെടുത്തു വീടും പരിസരവും ഒന്നു വൃത്തിയാക്കിയെടുക്കാൻ. ആ സമയം കോളജിൽ ക്ലാസ് തുടങ്ങിയിരുന്നു. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് ഒരുക്കവും തുടങ്ങിയിരുന്നു. തിരിച്ചു ക്ലാസിലെത്തിയെങ്കിലും ഒരു നോട്ടുപുസ്തകം പോലും കയ്യിലില്ല. എല്ലാ സെമസ്റ്ററുകളിലും ഓവറോൾ എപ്ലസ് നേടിയിട്ടുണ്ട്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല...’’പ്രളയ ഓർമകളുടെ ഭീതിക്കും ഇപ്പോഴത്തെ ആനന്ദത്തിനുമിടയിൽ ഹരിഷ്മയുടെ വാക്കുകൾ ഇടറുന്നു.

Harishma-house

റാങ്ക് ലഭിച്ചതിൽ ആശ എന്ന അധ്യാപികയോടാണ് ഹരിഷ്മയുടെ എല്ലാ കടപ്പാടും. പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങി നൽകിയത് അധ്യാപികയാണ്. കൂട്ടുകാരുടെ പിന്തുണ വേറെയും. അതുകൊണ്ടു പ്രളയത്തിനും കൊണ്ടുപോകാനായില്ല ഹരിഷ്മയ്ക്ക് അർഹതപ്പെട്ട റാങ്കിനെ. ഇനി സിഎ പഠിക്കണം എന്നതാണു ഹരിഷ്മയുടെ മോഹം. വള്ളുവള്ളി സ്കൂൾപടി വീരാന്തറ വീട്ടിൽ വി.കെ. ഹരിദാസിന്റെയും ഷീലയുടെയും മകളാണു ഹരിഷ്മ. സഹോദരി ഹരിത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA