'കഥ പറയാൻ കഴിവുണ്ടോ? നാളത്തെ പരസ്യമേഖല നിങ്ങളുടേതാകാം'

prasanth
SHARE

പാലക്കാട് വിക്ടോറിയ കോളജിൽ ‍ഡിഗ്രിക്കു മാത്‌സാണു പ്രശാന്ത് കുമാർ പഠിച്ചത്. അന്നേ ഇഷ്ടം പരസ്യങ്ങളോടാണ്. ഇന്ന്, ലോകത്തെ ഏറ്റവും വലിയ അഡ്വർടൈസിങ് മീഡിയ കമ്പനിയായ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണു പ്രശാന്ത്.

സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ‘പികെ’ പരസ്യമേഖലയിലെ കരിയറിനെയും സാധ്യതകളെയും കുറിച്ചു പറയുന്നു.

വെറും പരസ്യമല്ല
അഡ്വർടൈസിങ് രംഗത്ത് ലോകത്തെ ആദ്യ 10 വിപണികളിലൊന്നാണ് ഇന്ത്യ; വളർച്ച അതിവേഗവും. ‘പരസ്യം’ എന്നതിനെ ഇന്നു പഴയതിലും വിശാലമായ അർഥത്തിൽ കാണണം. മീഡിയ ബ്രാൻഡിങ്, ‍അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്, സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അതിനോടു ചേർന്നുവരുന്നു. 

ഉപഭോക്താവിനെ മനസ്സിലാക്കാൻ മുൻപ് വലിയ ഗവേഷണം ആവശ്യമായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയും ഡേറ്റ അനലിറ്റിക് ടൂളുകളും മറ്റുമുള്ള ഇന്ന് ഒറ്റ മിനിറ്റ് മതി. അതിനനുസരിച്ചു മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണു വെല്ലുവിളി. ഒറ്റ വഴിയേ അല്ല, പല വഴിയേ ചിന്തിക്കണം. നൂതന ആശയങ്ങളുണ്ടെങ്കിൽ ഒരു സ്റ്റാർട്ടപ്പിൽനിന്നു പറന്നുയരാം.

‘ഫൺ’ ഉള്ള ജോലി
മുൻപ് അഡ്വർടൈസിങ് കോഴ്സുകൾ പഠിച്ചിറങ്ങുന്നവരാണ് ഈ മേഖലയിലേക്കു വന്നിരുന്നത്. എന്നാൽ, ഇന്ന് അഭിരുചിയും ക്രിയേറ്റീവ് ചിന്തയുമുണ്ടെങ്കിൽ മറ്റു യോഗ്യതകൾ നിർബന്ധമില്ല. ഹ്യുമാനിറ്റീസും സയൻസും എൻജിനീയറിങ്ങുമൊക്കെ പഠിച്ചവർക്കു വരാം.

നന്നായി കഥ പറയാൻ കഴിയുന്ന ഒരാൾക്കു പരസ്യ മേഖലയിൽ ശോഭിക്കാനാകും. പക്ഷേ, ഉപഭോക്താവിനെ ആകർഷിക്കാൻ നമുക്കു മുന്നിലുള്ളതു പരമാവധി 5 സെക്കൻഡ്. ആ വെല്ലുവിളി തന്നെയാണ് ഈ ജോലിയുടെ ‘ഫണ്ണും’.

എന്തു ചെയ്താലും അതിന്റെ ‘റിസൽറ്റ്’ ഉടൻ അറിയാം. അതിനെ ആശ്രയിച്ചാണു മുന്നോട്ടുള്ള ചുവട്. മികച്ച ശ്രമങ്ങളെ നന്നായി പ്രോൽസാഹിപ്പിക്കുന്ന മേഖലയാണ്. അതിനനുസരിച്ച് കരിയറിൽ ഉയരങ്ങളിലെത്താനുള്ള അവസരങ്ങളുമേറെ.

മത്സരം നല്ലതല്ലേ !
സ്പോർട്സിൽ കണ്ടിട്ടില്ലേ, കൂടെയുളളവർ നന്നായി കളിക്കുമ്പോൾ നമ്മളും നന്നായി കളിക്കും. പരസ്യ മേഖലയിലും അങ്ങനെ തന്നെ. നല്ല മത്സരമുണ്ടെങ്കിലും അതിന്റെ മെച്ചവും നമുക്കുണ്ട്. ഓരോരുത്തരും കഴിവുകൾ സ്വയം കണ്ടെത്തുകയും അതിലൂടെ വളരാൻ ശ്രമിക്കുകയുമാണ്. വിദേശത്തു നിന്നുള്ളവർ പോലും ഇന്ന് ഇന്ത്യൻ പരസ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 

‘പികെ’ ടിപ്സ്
∙ വ്യക്തതയ്ക്കു വേണ്ടി കൂടുതൽ സമയം നൽകുക. കാര്യങ്ങൾ വ്യക്തമാകുമ്പോൾ ആ ജോലി ചെയ്യുക എളുപ്പമാകും. അതു കൂടുതൽ സാധ്യതകൾ നൽകും. അപ്പോൾ വ്യത്യസ്ത രീതികളിൽ ചിന്തിക്കാനാകും.

∙ മൂല്യങ്ങളാണ് ഏറ്റവും പ്രധാനം. സൗഹൃദങ്ങൾ എക്കാലവും സൂക്ഷിക്കുക. അവരാണു ശക്തി. യഥാർഥ പ്രതികരണങ്ങൾ അവരിൽ നിന്നാണു ലഭിക്കുക. ഏതു മേഖലയിൽ വളരാനും അതു നമ്മെ ഏറെ സഹായിക്കും.

പാലക്കാട് വടവന്നൂർ മഠത്തിൽ കുടുംബാംഗമാണു പ്രശാന്ത് കുമാർ. ബിരുദ പഠനത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് എംബിഎ. 2004ൽ ഗ്രൂപ്പ് എമ്മിൽ ചേർന്നു. ഗ്രൂപ്പ് എമ്മിന്റെ ഭാഗമായ മൈൻഡ്ഷെയറിന്റെ സിഇഒയായി. ജനുവരിയിൽ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യ സിഒഒയായി; മേയിൽ സിഇഒയും. ഭാര്യ ഐബിഎം ഉദ്യോഗസ്ഥ സീമ കുമാർ. മക്കൾ നകുൽ, ദേവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA