ADVERTISEMENT

ആപ്പുകളും വെബ്സൈറ്റുകളുമൊക്കെ ഉപയോഗിക്കുന്നവർക്കു മിക്കവാറും രസംകൊല്ലിയായി എത്താറുള്ളവയാണ് അവയിലെ ബഗ്ഗുകൾ. നമ്മളിൽ പലർക്കും അവ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാകാമെങ്കിലും അവ റിപ്പോർട്ടു ചെയ്യാനും ആപ്പ് ഡവലപ്പർമാരുടെ ശ്രദ്ധയിൽപ്പെടുത്താനും നമ്മളിൽ എത്ര പേർ ശ്രമിച്ചിട്ടുണ്ടാകും? അതു കൊണ്ട് ഇപ്പോൾ എന്തു മെച്ചം എന്ന ചിന്തയായിരിക്കും പലർക്കും.

എന്നാൽ അടുത്തിടെ മണിപ്പൂരുകാരനായ ഒരു യുവാവ് വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലൊരു ബഗ്ഗ് ശ്രദ്ധയിൽപ്പെട്ടു. പയ്യൻസ് അതു കയ്യോടെ വാട്ട്സ്ആപ്പ് മാതൃ കമ്പനിയായ ഫെയ്സ്ബുക്കിൽ റിപ്പോർട്ടും ചെയ്തു. റിപ്പോർട്ടിങ് എന്നു പറയുമ്പോൾ അത്ര സങ്കീർണ്ണമായ ഒന്നും ഈ യുവാവ് ചെയ്തില്ല. ഫെയ്സ്ബുക്ക് തുറന്നു, ഒരു ഫോം പൂരിപ്പിച്ചു. താൻ കണ്ടെത്തിയ ബഗ്ഗ് എന്താണെന്നു വിശദമാക്കി. അതിന് ആ യുവാവിനെ തേടിയെത്തിയ പ്രതിഫലം എന്താണെന്നോ? 5000 ഡോളർ. അതായതു നമ്മുടെ 3.5 ലക്ഷം രൂപ! ഒപ്പം ഫേസ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം 2019 പട്ടികയിലേക്കുള്ള ക്ഷണവും. സോണൽ സോഗൈജാം എന്ന 22കാരൻ സിവിൽ എൻജിനീയർക്കാണ് ബഗ്ഗ് ഈ വിധത്തിൽ ഭാഗ്യം കൊണ്ടു വന്നത്. 

വാട്ട്സ്ആപ്പിൽ നടത്തുന്ന വോയിസ് കോളിനിടെ ആ കോൾ വിഡിയോ കോളാക്കി മാറ്റാൻ വിളിക്കുന്നയാൾക്കു സൗകര്യമൊരുക്കുന്നതായിരുന്നു ആ ബഗ്ഗ്. വോയിസ് കോൾ സ്വീകരിക്കുന്നയാളുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു ഈ വീഡിയോ കോൾ അപ്ഗ്രഡേഷൻ. കോൾ സ്വീകരിക്കുന്നയാളുടെ സ്വകാര്യത ലംഘിക്കുന്ന ഈ ബഗ്ഗാണ് സോണൽ കണ്ടെത്തിയത്.

തുടർന്നു സോണൽ ഇതു സ്വകാര്യതാ ലംഘനം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫെയ്സ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിൽ റിപ്പോർട്ട് ചെയ്തു. പിറ്റേന്നു തന്നെ ഫെയ്സ്ബുക്ക് സുരക്ഷാ സംഘം റിപ്പോർട്ട് കിട്ടിയതായി മറുപടി അയക്കുകയും 15-20 ദിവസത്തിനകം ബഗ്ഗ് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ബഗ്ഗ് കണ്ടത്തിയതിനുള്ള പ്രതിഫലമായി 5000 ഡോളർ ഫെയ്സ്ബുക്കിൽ നിന്നു ലഭിക്കുന്നത്. ഫെയ്സ്ബുക്കിന്റെ 94 പേരുള്ള ഹാൾ ഓഫ് ഫെയിം പട്ടികയിൽ  പതിനാറാമനായി ഇടം നേടാനും ഇതിലൂടെ സോണലിനു സാധിച്ചു. പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്  സോണൽ പഠിച്ചിറങ്ങിയത്. ചിത്രങ്ങളും വിഡിയോകളും എടുക്കാൻ ഇഷ്ടപ്പെടുന്ന സോണൽ പ്രതിഫലത്തുക കൊണ്ടു നല്ലൊരു കിടുക്കൻ ക്യാമറയാണ് സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com