sections
MORE

രാജു നാരായണസ്വാമി: റാങ്കുകളുടെ സഹയാത്രികൻ

Raju Narayana Swamy
SHARE

ആരും കൊതിക്കുന്ന അക്കാദമിക് നേട്ടങ്ങളുടെ ഉടമയാണ് രാജു നാരായണസ്വാമി. സിവിൽ സർവീസിൽ കേരളത്തിൽ നിന്നുള്ള ആദ്യ ഒന്നാം റാങ്കുകാരൻ. യുപി ക്ലാസിൽ പഠിക്കുമ്പോൾ സൈനിക സ്കൂൾ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ടായിരുന്നു ഈ ചങ്ങനാശേരിക്കാരന്റെ റാങ്ക് യാത്രകളുടെ തുടക്കം. പിന്നീടുള്ള സ്വാമിയുടെ നേട്ടങ്ങളുടെ നാൾവഴി ഇങ്ങനെ

1983: എസ്എസ്എൽസിക്ക് ഒന്നാം റാങ്ക്. സ്വാമിയുടെ മാർക്ക് അന്നു റെക്കോർഡ് ആയിരുന്നു. 600 ൽ 584.

1985:എംജി സർവകലാശാല പ്രീഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക്. 85% മാർക്ക്.

1989: ചെന്നൈ ഐഐടിയില്‍ നിന്നു ബിടെക് ഒന്നാം റാങ്ക്. 

1991: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്.

1993: മസൂറിയിലെ ഐഎഎസ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സ്വർണമെഡലോടെ പരിശീലനം പൂര്‍ത്തിയാക്കി. 

പഠനത്തെ സ്നേഹിക്കുന്ന രാജു നാരായണസ്വാമി ഡിഗ്രികൾ വാരിക്കൂട്ടുന്നതു തുടർന്നു കൊണ്ടേയിരുന്നു. ലോകബാങ്കിന്റെ ദുരന്ത നിവാരണ മാനേജ്മെന്റ് വിഭാഗമായ വാഷിങ്ടണിലെ ജിഎഫ് ഡിആർ ആറിന്റെ സഹകരണത്തോടെ നാഷനൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ പത്ത് ഓൺലൈൻ കോഴ്സുകളും രാജു നാരായണസ്വാമി വിജയിച്ചു.  ബേസിക് കോഴ്സും ഒൻപതു സ്പെഷലൈസ്ഡ് കോഴ്സുകളും ഉൾപ്പെടെ പത്തു കോഴ്സുകളും വിജയിച്ച രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബെംഗളൂരു നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ ബൗദ്ധിക സ്വത്തവകാശ നിയമം, ഗുജറാത്ത് നാഷനൽ യൂണിവേഴ്സിറ്റിയുടെ സംരംഭകത്വ മാനേജ്മെന്റ് കോർപറേറ്റ് നിയമങ്ങളും പരിരക്ഷയും, ഡൽഹി ആസ്ഥാനമായുള്ള ദി ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിന്റെ കോഴ്സ്, കൊൽക്കത്ത ആസ്‌ഥാനമായ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിന്റെ ബിസിനസ് നിയമത്തിലെ പിജി ഡിപ്ലോമ, ഡൽഹി ആസ്‌ഥാനമായ സിഐആർസി നടത്തിയ കോംപറ്റീഷൻ ആക്‌ട് പരീക്ഷ എന്നിങ്ങനെ രാജു നാരായണസ്വാമി സ്വന്തമാക്കിയ ഒന്നാം റാങ്കുകൾ അനവധിയാണ്.

അഴിമതിക്കെതിരെയുള്ള കർക്കശ നിലപാടുകളാണ് രാജു നാരായണ സ്വാമിയുടെ സർവീസ് ജീവിതത്തിന്റെ മുഖമുദ്ര. കലക്ടറായിരിക്കെ തൃശൂർ ജില്ലയിലെ പട്ടാളം റോഡുൾപ്പടെ അഞ്ചോളം റോഡുകൾ വീതികൂട്ടി നഗരത്തിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റി.  മൂന്നാർ ദൗത്യവും രാജകുമാരി ഭൂമിയിടപാടിന്മേലുളള സത്യസന്ധമായ അന്വേഷണവും ശ്രദ്ധേയമായി. (കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു െഎഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്മേൽ ഒരു മന്ത്രി രാജിവയ്ക്കുന്നത്).

സിവിൽ സർവീസ് പഠനത്തോട് വിദ്യാർഥികളുടെ സമീപനം എങ്ങനെ ആയിരിക്കണമെന്ന് ഡോ. രാജു നാരായണസ്വാമി നിർദേശിക്കുന്നു. 

വിജയത്തിലേക്കുള്ള വഴികൾ

1. സ്നേഹിക്കുക പഠനത്തെ

പഠനത്തോടുള്ള സ്നേഹമാണ് എന്നെ സിവിൽ സർവീസ് പാതയിലേക്കെത്തിച്ചത്. ചെറുപ്പത്തിൽ തന്നെ പഠനത്തോടുള്ള സ്നേഹം വളർത്തിയെടുക്കാൻ എന്റെ മാതാപിതാക്കൾ ശ്രമിച്ചു. നഗരജീവിതത്തിൽ കുട്ടി പുലർച്ചെ ട്യൂഷനു പോകുന്നു. പിന്നെ സ്കൂൾ, വൈകിട്ടും ട്യൂഷൻ. ചുരുക്കത്തിൽ പഠിച്ചതെന്തെന്നു വിശകലനം ചെയ്യാൻ സമയമില്ല. പഠനത്തെ കുട്ടി സ്നേഹിക്കണം. ക്ലാസ് റൂം എന്നു കേട്ടാൽ അവൻ‌ പേടിച്ചോടരുത്. ഒരു കുഞ്ഞ് കാർട്ടൂൺ കണ്ടിരിക്കുമ്പോൾ ടിവി ഓഫ് ചെയ്താൽ അവൻ വഴക്കുണ്ടാക്കും. കാരണം യഥാർഥ സ്നേഹമാണവന് കാർട്ടൂണിനോട്. ഇതേ സ്നേഹം കുട്ടിക്ക് പഠന ത്തോടും ഉണ്ടാകണം. 

മാർക്ക് കിട്ടാനുള്ള പഠനമായിരുന്നില്ല എന്റേത്. ഒരു വിഷയത്തെ സ്നേഹിച്ചു പഠിച്ച് അതിൽ അവഗാഹമായ അവബോധമുണ്ടാക്കാനുള്ള ആഗ്രഹമായിരുന്നു എന്റെ അച്ഛനമ്മമാർ എന്നിലുണ്ടാക്കിയത്. എന്റെ അച്ഛൻ ചങ്ങനാശേരി സെന്റ് ബർക്മാന്‍സ് കോളജിൽ മാത്തമാറ്റിക്സ് പ്രഫസറായിരുന്നു. അമ്മ കേരളവർമ കോളജിൽ സുവോളജി അധ്യാപികയും. കുട്ടിക്കാലത്തേ കളികളിലൂടെ പഠിക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചു. ഞാൻ തട്ടിവിടുന്ന പന്ത് അദ്ദേഹം തിരികെ തട്ടണമെങ്കിൽ ഒരു ഗണിത സൂത്രവാക്യം ഞാൻ പറയണം. പഠിക്കാനുള്ള പ്രേരണ ഇങ്ങനെ നന്നേ ചെറുപ്പത്തിലേ കിട്ടി.

2. ലക്ഷ്യബോധം പ്രധാനം

ലക്ഷ്യബോധം, ലക്ഷ്യം നേടാനുള്ള പ്രതിബദ്ധത, ആത്മാർത്ഥത, ഏകാഗ്രത, ശ്രദ്ധ– ഇതാണ് പഠനത്തിന്റെ വിജയരഹസ്യം. പഠനം ഒരു തപസ്യയാണ്. ഏതൊരു തപസ്യയും വിജയിക്കണമെങ്കിൽ അതിനു പിന്നിൽ ആത്മാർത്ഥതയും അഭിനിവേശവും ഉണ്ടായിരിക്കണം. സിവിൽ സർവീസെന്നത് അൽപ്പ കാലം ടൈംടേബിൾ വച്ച് പഠിച്ച് വിജയം നേടാവുന്നൊരു പരീക്ഷയല്ല. 

3. വായന

നന്നേ ചെറുപ്പത്തിലേ വായന ദൈംനദിന ജീവിതത്തിന്റെ ഭാഗമാക്കണം. ആസ്വദിക്കാനും പഠിക്കാനുമായി വായിക്കണം. പത്രവായനയിൽ മുടക്കം വരരുത്. ആനുകാലികങ്ങളും പിന്തുടരണം. നന്നേ ചെറുപ്പത്തിലേ അച്ഛൻ എനിക്ക് ആട്ടക്കഥ മുതൽ ഗണിത ശാസ്ത്ര പുസ്തകങ്ങൾ വരെ വായിക്കാൻ തന്നിരുന്നു.  ആഴത്തിലും പരപ്പിലുമുള്ള വായന സിവിൽ സർവീസ് വജയത്തിന് ഏറെ ഉപകരിച്ചിട്ടുണ്ട്

4. പഠനേതര പ്രവർത്തനങ്ങൾ

പഠനം എന്നാൽ പുസ്തകപ്പുഴുവായി മാറുകയെന്നതല്ല. നമ്മുടെ പഠനേതര കഴിവുകളെല്ലാം ചെറുപ്പത്തിലേ മാറ്റുരച്ച് നോക്കാനും പ്രായോഗിക തലത്തിലേക്ക് ആനയിക്കുവാനും ശ്രമിക്കണം. പ്രസംഗം, മോണോ ആക്ട്, അക്ഷരശ്ലോക മത്സരം, കവിതാപാരായണം തുടങ്ങി പല മേഖലകളിലും ഞാൻ സ്കൂൾ കോളജ് കാലഘട്ടങ്ങളിൽ കൈവച്ചിരുന്നു. ഇത്തരം മൽസരങ്ങൾക്കു പോയിരുന്നതുകൊണ്ട് സഭാകമ്പം മാറി. ഇന്റർവ്യൂ ബോർഡിനെ അഭിമുഖീകരിക്കാൻ പേടിയുണ്ടായില്ല.

5. കഠിനാധ്വാനം

ഐഎഎസ് വിജയത്തിന് കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകമാർഗം. കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, അല്‍പ്പാഹാരം, ജീർണവസ്ത്രം എന്നിവയാണ് ഒരു വിദ്യാർഥിക്കുവേണ്ട ഗുണങ്ങളായി പറഞ്ഞിട്ടുള്ളത്. ഒരു ലക്ഷ്യം വയ്ക്കുക– അതിലേക്ക് കഠിനാധ്വാനം ചെയ്യുക. ഇതുമാത്രമേ യുള്ളു മാർഗം.

6. ഏകാഗ്രത

പഠനം സമയദൈർഘ്യമുള്ള കാര്യമാണ്. അപ്പോൾ ഏകാഗ്രതയിലാണ് കാര്യം. ഇല്ലെങ്കിൽ സമയം കൂടുതലെടുക്കുമ്പോൾ മടുപ്പുണ്ടാകും. ആവർത്തിച്ചാവർത്തിച്ചുള്ള പാഠപുസ്തക പഠനം പഠനത്തോട് വെറുപ്പുണ്ടാക്കും. വരികൾക്കിടയിലൂടെ അർഥം മനസ്സിലാക്കാൻ കുട്ടിക്ക് സാധിക്കണം. അവന്റെ മേധാ ശക്തി വളർത്താനാകണം മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ. ഓർമശക്തിയിൽ നിന്ന് ബുദ്ധിശക്തിയിലേക്ക് പോകാൻ ഉതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടത്. കുട്ടിയെ സമ്മർദത്തിലാക്കുന്ന പഠനത്തിന് ഒരിക്കലും പ്രേരിപ്പിക്കരുത്. അവന്റെ താൽപ്പര്യത്തെക്കൂടി നോക്കണം.

7. ടൈം മാനേജ്മെന്റ്

എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂറേ ഉള്ളൂ. ഈ 24 മണിക്കൂർ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിലാണ് കാര്യം. പഠനത്തിൽ ഒരു ഫിക്സഡ് ടൈംടേബിൾ എനിക്കില്ലായിരുന്നു. 

8. ഓപ്ഷനൽസ്

സ്കോറിങ് വിഷയങ്ങൾ‌ ഏതാണെന്ന് കണ്ടെത്തി അത് ഓപ്ഷനലായി സ്വീകരിക്കുന്നതിലും നല്ലത് നമുക്ക് ഇഷ്ടമുള്ള ഓപ്ഷനൽ സബ്ജക്ട് എടുക്കുന്നതാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് എന്റെ ഓപ്ഷനൽസ് ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവുമായിരുന്നു. പ്രാദേശിക ഭാഷ മലയാളവും. അച്ഛന്റെ പ്രേരണയാണ് മലയാളത്തോടുള്ള സ്നേഹത്തിനു പിന്നിലും. പാഠാവലിയിലെ ഒരു കവിത പഠിക്കുമ്പോൾ വരികൾക്കിടയിലെ അർഥം അച്ഛൻ പറഞ്ഞു തന്നിരുന്നു. കണക്കിനെയും ഇതുപോലെ സ്നേഹിക്കാൻ അദ്ദേഹം പഠിപ്പിച്ചു. അതിനാൽ ഇപ്പോഴും യാത്രകൾ പോകുമ്പോൾ ഗണിതശാസ്ത്രഗ്രന്ഥങ്ങൾ കൊണ്ടു പോകാറുണ്ട്. ഒരു നോവൽ വായിക്കുന്നതുപോലെ കണക്കിന്റെ പുസ്തകങ്ങൾ വായിക്കാനും ഞാനിഷ്ടപ്പെടുന്നു.

കടപ്പാട്

സിവിൽ സർവീസ് വിജയഗാഥകൾ

മഹേഷ് ഗുപ്തൻ

മനോരമ ബുക്സ്

Order Book >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA