sections
MORE

കാലുകൊണ്ട് പരീക്ഷയെഴുതി നേടിയത് ഫുൾ എ പ്ലസ് , അതിന് പ്രാപ്തയാക്കിയ അമ്മയെ അറിയണം

devika
സുജിതയും ദേവികയും. ചിത്രം: സമീർ എ ഹമീദ്
SHARE

ഈ വിജയം ഒരു മകൾ അമ്മയ്ക്കു നൽകിയ സമ്മാനമാണ്; മകൾക്കായി ജീവിതം മാറ്റിവച്ച ഒരമ്മയ്ക്ക്. 

മലപ്പുറം വള്ളിക്കുന്ന് ഒലിപ്രംകടവ് ‘മാധവം’ വീട്ടിൽ എസ്എസ്എൽസി പരീക്ഷാഫലം വന്നതുമുതൽ അനുമോദനത്തിന്റെ പെരുമഴക്കാലമാണ്. മകൾ ദേവികയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ വയ്ക്കാൻ ചോയിമഠത്തിൽ പാതിരാട്ട് സജീവ്– സുജിത ദമ്പതികൾ പുതിയൊരു അലമാര വാങ്ങിച്ചു. സുരേഷ്ഗോപി എംപിയാണ് ദേവികയുടെ വിജയം അറിഞ്ഞ് ആദരിക്കാൻ ആദ്യമെത്തിയത്. അന്നുതൊട്ട്  അനുമോദനവുമായി ആരെങ്കിലും വരാത്ത ദിവസമില്ല. 

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടുന്നത് ഇക്കാലത്ത് വലിയൊരു കാര്യമല്ല. മലപ്പുറം ജില്ലയിൽ മാത്രം 6000 മിടുക്കരാണ് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയത്. പക്ഷേ, അവരുടെ നേട്ടം പോലെയല്ല ദേവികയുടേത്. മറ്റുള്ളവർ കൈകൊണ്ട് എത്തിപ്പിടിച്ച നേട്ടം ദേവിക സ്വന്തമാക്കിയത് കാലുകൊണ്ടാണ്. അവർ കൈകൊണ്ടെഴുതുന്ന അതേ വേഗത്തിൽ ദേവിക കാലുകൊണ്ടെഴുതി. ശാരീരിക പരിമിതി നേരിടുന്നവർക്ക് പരീക്ഷയ്ക്ക് മറ്റൊരാളെക്കൊണ്ടു പരീക്ഷ എഴുതിക്കാമെന്നിരിക്കെ പത്താംക്ലാസിലെത്തിയപ്പോൾ ദേവികയുടെ ആദ്യതീരുമാനം എസ്എസ്എൽസി പരീക്ഷ സ്വയമെഴുതുമെന്നായിരുന്നു. ആ തീരുമാനത്തിന്റെ അംഗീകാരമാണ് അവളുടെ വീട്ടിലെ പുതിയ അലമാരയിൽ നിറയുന്ന പുരസ്കാരങ്ങൾ.

പ്രതിസന്ധിയെ അതിജീവിച്ചു നേടിയ ജയം എന്നാണ് എല്ലാവരും പറയുക. പക്ഷേ, ദേവിക അതിനോടു വിയോജിക്കും. കൈകളില്ലാതെ ജനിച്ചത് ഒരു പ്രതിസന്ധിയായി അവൾ കാണുന്നില്ല– ‘‘കഠിനപ്രയത്നം കൊണ്ടു നേടിയ വിജയം. അങ്ങനെ പറയുന്നതാണെനിക്കിഷ്ടം’’.

2003 ഒക്ടോബർ ആറിനാണ് ദേവിക തേഞ്ഞിപ്പലം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ സജീവിന്റെയും സുജിതയുടെയും ജീവിതത്തിന്റെ ഭാഗമാകുന്നത്.  കൈകളില്ലാതെ ജനിച്ച മകളുടെ ഭാവിയെക്കുറിച്ച് സങ്കടപ്പെട്ടിരിക്കാൻ അവർ ഒരുക്കമായിരുന്നില്ല.  ശാരീരികമായി എന്തെങ്കിലും ഇല്ലായ്മയുള്ള കുട്ടികൾ, ആ ഇല്ലായ്മയെ മറ്റൊരു രീതിയിൽ മറികടക്കുമെന്ന് സുജിതയോട് ഡോക്ടമാർ പറഞ്ഞിരുന്നു. കൈകളില്ലാത്ത കുട്ടികൾ കാലുകൊണ്ട് ആ പ്രശ്നം പരിഹരിക്കും. മകളെ കാലുകൾ കൊണ്ട് എല്ലാം ചെയ്യിക്കാൻ അവർ ഉപദേശിച്ചു.

അങ്ങനെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സജീവും സുജിതയും അന്വേഷിച്ചു, കാര്യങ്ങൾ പഠിച്ചു.  കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപത്തെ നഴ്സറിയിലാണു ദേവിക പഠിച്ചു തുടങ്ങിയത്. നഴ്സറിയിൽ രാവിലെ മുതൽ വൈകിട്ടുവരെ സുജിത കൂടെ നിൽക്കണം. ഭക്ഷണം വാരിക്കൊടുക്കണം. മറ്റുകുട്ടികൾ ചിത്രം വരയ്ക്കുമ്പോൾ സുജിത മകളുടെ കാൽവിരലുകൾക്കുള്ളിൽ പെൻസിലുകൾ ചേർത്തുപിടിച്ച് പതുക്കെ വരപ്പിച്ചു. ആദ്യമൊക്കെ ദേവികയ്ക്കു വലിയ പ്രയാസമായിരുന്നു. എന്നാൽ അമ്മ കൂടെ നിന്നപ്പോൾ അവൾക്കും ഉത്സാഹമായി. ഒന്നാം ക്ലാസിൽ ചേരുമ്പോഴേക്കും ദേവിക കാലുകൾ കൊണ്ട് അക്ഷരങ്ങൾ എഴുതാൻ പഠിച്ചിരുന്നു.  

കാര്യങ്ങൾ ബോധ്യമാകുന്ന പ്രായമെത്തിയപ്പോൾ സുജിത മകളോടു പറഞ്ഞു– ‘‘കൈകളില്ലാത്തതിനെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. കാലുകളാണ് നിന്റെ കൈകൾ. അതുകൊണ്ടുവേണം ജീവിതത്തെ നേരിടാൻ’’.

എല്ലാവരുടെയും ആഗ്രഹം പോലെ ദേവിക പഠനത്തിൽ മിടുക്കിയായി. കാലുകൾ കൊണ്ട് അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയപ്പോൾ അതിൽ പരിശീലനം നൽകി.  സംഗീതത്തിലായിരുന്നു ദേവികയ്ക്ക് കൂടുതൽ താൽപര്യം.   

മറ്റു കുട്ടികളെ പരിഗണിക്കുന്നതുപോലെ ദേവികയെയും കണ്ടാൽ മതിയെന്നായിരുന്നു എല്ലാ അധ്യാപകരോടും സുജിത ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക പരിഗണന ദേവിക തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. വള്ളിക്കുന്ന് സിബിഎച്ച്എസ്എസിൽ എട്ടാം ക്ലാസിൽ ചേർന്നതോടെ കാര്യങ്ങളെല്ലാം മകളെക്കൊണ്ട് സ്വയം ചെയ്യിച്ചു തുടങ്ങി. ഭക്ഷണം വാരിക്കൊടുക്കാൻ മാത്രം എന്നും അമ്മ സ്കൂളിലെത്തി. 

പത്താംക്ലാസിലെത്തിയപ്പോൾ പലരും ചോദിച്ചു: ദേവികയ്ക്കു തനിയെ പരീക്ഷ എഴുതാൻ കഴിയുമോ?  

ക്ലാസ് തുടങ്ങിയ ആദ്യ ദിവസം തന്നെ അവൾ അധ്യാപകരോട് തന്റെ നയം വ്യക്തമാക്കി. പരീക്ഷ ഞാൻ തന്നെ എഴുതും. 

എസ്എസ്എൽസി പരീക്ഷാദിവസം എല്ലാവർക്കും പേടിയുണ്ടായിരുന്നു, സുജിതയ്ക്കൊഴികെ. ഉള്ളംകയ്യിൽ ചേർത്തുവച്ച നാൾമുതൽ താൻ നൽകിയ ധൈര്യം മകൾക്കു ജീവിതത്തിൽ ഉടനീളമുണ്ടാകുമെന്ന് ആ അമ്മയ്ക്കറിയാമായിരുന്നു. 

ഫലം വന്നു. ദേവികയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. പിന്നെ നാടിന്റെ ആഘോഷമായിരുന്നു.  അനുമോദനം സ്വീകരിക്കാൻ ഒരുദിവസം തിരുവനന്തപുരത്തും പോയി. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഡിജിപി: ലോക്നാഥ് ബെഹ്റയൊരുക്കിയ അനുമോദനച്ചടങ്ങിൽ അവൾ അമ്മയെക്കുറിച്ചു പറഞ്ഞു. തന്റെ കരുതൽ എത്രമാത്രം മകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അന്ന് സുജിതയറിഞ്ഞു.

ഇപ്പോൾ വള്ളിക്കുന്ന് സിബിഎച്ച്എസ്എസിൽ പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസിൽ ചേർന്നിരിക്കുന്നു.  സിവിൽ സർവീസ് ആണ് ദേവികയുടെ ലക്ഷ്യം. 

 ‘എനിക്കായി അമ്മ മാറ്റിവച്ച പല കാര്യങ്ങളുണ്ട്. അതിന്റെ ചെറിയൊരംശമെങ്കിലും തിരികെ കൊടുക്കണമെന്നുണ്ട്, അമ്മ ആവശ്യപ്പെട്ടില്ലെങ്കിലും’. – ദേവിക പറഞ്ഞു നിർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA