ADVERTISEMENT

ലോകപ്രശസ്ത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിന്റെ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണു ഡെയ്നിയേഴ്സ് ടാർഗറിയൻ. വെസ്റ്ററസ് എന്ന സങ്കൽപ ഭൂമികയുടെ അധികാരം പിടിച്ചെടുക്കാൻ ഡ്രാഗണുകളുടെ പുറത്തേറി യുദ്ധഭൂമിയെ കിടുകിടാ വിറപ്പിച്ച പോരാളി. പരമ്പരയില്‍ ഡ്രാഗണുകളുടെ ഈ മാതാവിനു രൂപം നൽകിയ എമിലിയ ക്ലാർക്ക് ജീവതത്തിലും വലിയ പോരാളിയാണ്. പരമ്പരയിലേതെന്ന പോലെ മരണത്തിന്റെ രാജാവുമായി യുദ്ധം ചെയ്തു ജയിച്ച കഥയാണ് എമിലിയ ക്ലാർക്കിന്റെ ജീവിതവും.

രണ്ടു തവണ മസ്തിഷ്ക വീക്കത്തിന്റെ നീരാളിപ്പിടുത്തത്തിലൂടെ കടന്നു പോയി എമിലിയ. മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. സ്വന്തം പേരു പോലും ഓർമിക്കാൻ സാധിക്കാതെ ആശുപത്രി ചുമരിനുള്ളിൽ മാസങ്ങളോളം ജീവിച്ചു. കുറേ സമയമെടുത്തു സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ. 

2011–ൽ ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ സീസൺ ചിത്രീകരണം നടക്കുമ്പോൾ എമിലിയയ്ക്കു ചെറിയ തോതിൽ തലവേദനയുണ്ട്. ചിത്രീകരണം പൂർത്തിയായി. വിശ്രമമാണ്. ലണ്ടനിൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ശരീരത്തിനു വല്ലാത്ത ക്ഷീണം തോന്നി. തലയിലൂടെ ഇലാസ്റ്റിക് ബാൻഡ് കടന്നു പോകുന്നതു പോലെ ഒരു വേദന, സഹിക്കാനാകാതെ എമിലിയ അലറിക്കരഞ്ഞു. ഒപ്പം ഛർദ്ദിച്ചു. കാഴ്ച മങ്ങുന്നതു പോലെ തോന്നിയ എമിലിയ തലയിൽ കയ്യമർത്തി തറയിലേ ക്കു വീണു.

സബർക്കനോയ്ഡ് ഹെമറേജ് എന്നാണ് എമിലിയുടെ രോഗാവസ്ഥയെക്കുറിച്ചു ഡോക്ടർമാർ ശാസ്ത്രീയമായി പറഞ്ഞത്. രക്തക്കുഴലിന്റെ ഭിത്തിക്കു ബലക്കുറവ് സംഭവിക്കുമ്പോൾ ധമനികൾക്കുണ്ടാകുന്ന വീക്കം. അതു ചെറിയ മുഴകളായി മാറി പൊട്ടി. തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടായപ്പോഴാണു ബോധരഹിതയായത്. ഇതു മസ്തിഷ്ക ആഘാതമായി മാറാം. അങ്ങനെയുണ്ടായാൽ മരണം വരെ സംഭവിക്കും. ഏകദേശം 40 ശതമാനം മസ്തിഷ്ക വീക്കവും മരണത്തിലേക്കു നയിക്കാറുണ്ടെന്നാണു ഡോക്ടർമാർ പറഞ്ഞത്. ജീവിതത്തിലേക്കു തിരിച്ചു വരാൻ ഏക മാർഗം മസ്തിഷ്ക ശസ്ത്രക്രിയയാണ്. 

ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും അവളുടെ ഓർമ്മകളെ അതു മായിച്ചു കളഞ്ഞു. സ്വന്തം പേരും ഭാഷയും പോലും മറന്നു. മൂകയായി മാസങ്ങളോളം ഐസിയുവിൽ കഴിഞ്ഞു. ദിവസങ്ങൾ കടന്നു പോകവെ ചില ഓർമച്ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു. ആരോടും സംസാരിക്കാതെ എമിലിയയുടെ കണ്ണുകൾ നിറയും. അപ്പോൾ നിസഹായരായി നിൽക്കാനെ കൂടെയുള്ളവർക്കു കഴിഞ്ഞുള്ളൂ. ഗെയിം ഓഫ് ത്രോൺസ് പാതിയിൽ മുടങ്ങുമെന്ന സ്ഥിതി വരെയുണ്ടായി. എന്നാൽ എമിലിയ ക്ലാർക്കിനു ജീവിതം തോറ്റു കൊടുക്കാനുള്ളതായിരുന്നില്ല. മരുന്നുകളുടെ പ്രവർത്തനവും അവളുടെ ഇച്ഛാ ശക്തിയും ഓർമകളെ പതുക്കെ തിരിച്ചു വിളിച്ചു. ഭാഷയും പേരും അതോടൊപ്പം തിരിച്ചെത്തി. പതുക്കെ സംസാരിച്ചു തുടങ്ങി. ഒടുക്കം പഴയ ജീവിതത്തിലേക്കു പൂർണമായും തിരിച്ചെത്തി. 

ഗെയിം ഓഫ് ത്രോൺസിൽ വീണ്ടും സജീവമായി. രണ്ടാം സീസണും കടന്നു പോയി. 2013 ൽ മൂന്നാം സീസൺ ചിത്രീകരിക്കുമ്പോൾ വീണ്ടും വേദന തിരിച്ചെത്തി. കൂടുതൽ പരിശോധനകൾക്കു വിധേയയാക്കിയപ്പോൾ മറുവശത്തും വീക്കം. അപ്പോഴേക്കും മുഴ ഇരട്ടിയായി. രോഗം പൂർണമായും മാറുന്നതിനു സാധ്യത കുറവാണെന്നു ഡോക്ടർമാർ. വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പക്ഷേ, പരാജയപ്പെട്ടു. തലയ്ക്കുള്ളിൽ രക്തസ്രാവം തുടങ്ങി. ഇത്തവണ തലയോട്ടി തുറന്നു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. പിന്നീടങ്ങോട്ടുള്ള നാളുകൾ വേദന സംഹാരികളോടു കൂട്ടുകൂടിയായിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം രോഗത്തെ തോൽപിച്ചു സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. മസ്തി ഷ്കാഘാതവും മറ്റു മസ്തിഷ്ക രോഗങ്ങളും അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ സെയിം യു എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് എമിലിയ ക്ലാർക്കിപ്പോൾ.

1986 ഒക്ടോബർ 23 നു ലണ്ടനിലായിരുന്നു എമിലിയ ക്ലാർക്കിന്റെ ജനനം. ഗെയിം ഓഫ് ത്രോൺസിലെ അഭിനയത്തിനു 2013, 2015, 2016 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള എമ്മി അവാർ‍ഡ് നോമിനേഷനുകളുണ്ടായിരുന്നു. 2015 – ലെ ടെർമിനേറ്റർ ജെനസിസ് എന്ന ചിത്രത്തിൽ സേറ കോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016 ൽ പുറത്തിറങ്ങിയ മി ബിഫോർ യൂ എന്ന ചിത്രത്തിലെ നായികവേഷവും ശ്രദ്ധേയമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com