ADVERTISEMENT

2003 ഒക്ടോബർ 31 പുലർെച്ച. കവായിലെ ടണൽ ബീച്ച്. തിരക്കു തുടങ്ങുന്നതേയുള്ളൂ. എങ്കിലും അത്യാവശ്യം ആളുകളുണ്ട്. കൂടുതലും സർഫിങ് താരങ്ങളാണ്. സർഫിങ് ബോർഡിൽ കാലുകളുറപ്പിച്ചു തിരമാലപ്പുറത്തേറി അവർ ജീവിതം ആഘോഷിക്കുകയാണ്. അവർക്കിടയിൽ 13 വയസ്സുള്ള രണ്ടു പെൺകുട്ടികൾ. ബതാനി ഹാമിൽട്ടനും അലാന ബ്ലെൻചാഡും. തിരമാലകൾ സൃഷ്ടിക്കുന്ന മലകൾക്കു മുകളിലൂടെ രണ്ടു ഡോൾഫിനുകളെപ്പോലെ അവര്‍ നീങ്ങുകയാണ്. അവരെ നോക്കിക്കൊണ്ട് അലാനയുടെ മാതാപിതാക്കളും സഹോദരനും കരയിലുണ്ട്. പെട്ടെന്നു തിരമാല െവറിപൂണ്ടതു പോലെ തോന്നി. കടലൊന്നു കലങ്ങി മറിഞ്ഞു. എന്തോ അപകടം സംഭവിക്കുന്നതു പോലെ.

ആളുകൾ ഭീതിയോടെ നോക്കുമ്പോഴേക്കും കടലിൽ നിന്നു നിലവിളി ഉയർന്നു. ആ പെൺകുട്ടികളാണ് അലറി വിളിക്കുന്നത്. ബീച്ചിൽ ഇരുന്നവരുടെ ശ്രദ്ധ മുഴുവൻ കടലിലേക്കായി. അൽപസമയത്തിനുള്ളിൽ കടൽ ശാന്തമായി. അപ്പോഴേക്കും അവിടമാകെ രക്തം പരന്നു. അലാനയുടെ മാതാപിതാക്കളും സഹോദരനും പെൺകുട്ടികൾക്കടുത്തേക്ക് അതിവേഗത്തിൽ നീന്തിയെത്തി. 

ഒരു കൊലയാളി സ്രാവ് അവരെ ആക്രമിച്ചിരിക്കുന്നു. ബതാനിയുടെ ഇടതു കൈ തോളോടു ചേർന്നു സ്രാവ് കടിച്ചെടുത്തു. അലാനയ്ക്കും പരുക്കുണ്ട്. ഒട്ടും വൈകാതെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ബതാനിയുടെ ജീവൻ രക്ഷിക്കാനാകുമോ എന്ന് ആശുപത്രി അധികൃതർ സംശയിച്ചു. അപ്പോഴേക്കും ബതാനിയുടെ മാതാപിതാക്കളും സഹോദരൻമാരും ആശുപത്രിയിലെത്തി. മണിക്കൂറുകൾ നീണ്ടു. ബതാനി കണ്ണുതുറന്നു. ബന്ധുക്കളെ നോക്കി പുഞ്ചിരിച്ചു. 

ഇടം കൈ തോളിൽ നിന്ന് അറ്റു പോയിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ഏറെ നേരം നിശബ്ദമായി തല കുനിച്ചിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം മാതാപിതാക്കളെ നോക്കി പുഞ്ചിരിച്ചു. ആ ചിരിയുടെ അർഥം മനസ്സിലാക്കാൻ ലോകത്തിനു പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2004 ൽ നാഷനൽ സ്കൊളാസ്റ്റിക് സർഫിങ് അസോസിയേഷൻ ഓസ്ട്രേലിയയിൽ  നടത്തിയ സർഫിങ് മത്സരത്തിൽ ബതാനി ഒന്നാം സ്ഥാനം നേടി. 2005 ൽ അമേരിക്കയിൽ നടന്ന മത്സരത്തിലും വിജയകിരീടം ചൂടി.

അമേരിക്കയിലെ ഹവായിയിൽ 1990 ഫെബ്രുവരി എട്ടിനായിരുന്നു ബതാനിയുടെ ജനനം. സർഫിങ് താരങ്ങളായ ടോം ഹാമിൽട്ടന്റെയും കെറി ഹാമിൽട്ടന്റയും 3 മക്കളിൽ ഇളയവൾ. സഹോദരങ്ങളായ നോഹിനും ടിമ്മിനുമൊപ്പം 5 വയസ്സായ പ്പോഴേക്കും ബതാനിയും കടലിലിറങ്ങി. സർഫിങ്ങിൽ അവൾ പ്രകടിപ്പിച്ച സാമർഥ്യം കണ്ടറിഞ്ഞ വീട്ടുകാർ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. 

1998 ൽ  8 വയസ്സുള്ളപ്പോൾ അവൾ ആദ്യമായി സർഫിങ് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചു. പിന്നീടു ധാരാളം മത്സരങ്ങളിൽ വിജയിയായി. ബതാനി ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച സർഫിങ് താരമാകുമെന്നു മാതാപിതാക്കളും പരിശീലകരും ഉറപ്പിച്ചു. അങ്ങനെ വിജയത്തിന്റെ ദിനങ്ങൾക്കിടയിലാണു കൊലയാളി സ്രാവ് അവളുടെ ജീവിതം തട്ടിത്തകർത്തത്.

ആശുപത്രി വിട്ട് കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഒറ്റക്കയ്യുമായി അവൾ കടലിലേക്കിറങ്ങി. മാതാപിതാക്കളും സഹോദരങ്ങളും എതിർത്തു. എന്നാൽ ലോകമറിയുന്ന സർഫിങ് താരമാകണമെന്ന അവളുടെ മോഹത്തിന്റെ തട്ട് താഴ്ന്നു തന്നെ ഇരുന്നു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. ബാലൻസ് നിലനിർത്താൻ ഏറെ പാടുപെടേണ്ടിവന്നു. പലപ്പോഴും കടലിൽ വീണ് ഉപ്പു വെള്ളം ധാരാളം കുടിച്ചു. ഇരു കൈകളും ഉള്ളവർക്കു പോലും സാധിക്കാത്ത സർഫിങ് ഒറ്റക്കൈമാത്രമുള്ള ബതാനിക്കു സാധിക്കില്ലെന്നു പരിശീലകർ തീർത്തു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ അവൾ തയാറായില്ല. ലക്ഷ്യം നേടിയെടുക്കുമെന്നുറപ്പിച്ചവൾക്കു വേണ്ടി പ്രപഞ്ചം ഗൂഢാലോചന നടത്തി. 

ഒരു മാസം കൊണ്ടു തിരമാലകൾക്കു മുകളിൽ അവൾ കാലുറപ്പിച്ചു. അങ്ങനെ 2004 ജനുവരിയിൽ വീണ്ടും മത്സരരംഗത്തെത്തി. പിന്നീടങ്ങോട്ട് അവളുടെ നേട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഇപ്പോൾ ദേശീയ– രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 25 ൽ അധികം നേട്ടങ്ങൾ ബതാനി സ്വന്തമാക്കിയിട്ടുണ്ട്. ‘സോൾ സർഫർ; എ ട്രൂ സ്റ്റോറി ഓഫ് ഫെയ്ത്’ എന്ന പേരിൽ എഴുതിയ ആത്മകഥ വളരെ ശ്രദ്ധിക്കപ്പെട്ടു. ബതാനിയുടെ ജീവിതത്തെ ആസ്പദമാക്കി ‘സോൾ സർഫർ’ എന്ന സിനിമയും ഒട്ടേറെ ഡോക്യുമെന്ററികളും പുറത്തിറങ്ങി. ബതാനി ആർജ്ജിച്ച നേട്ടങ്ങളെ മുൻനിർത്തി ‘കറേജ് ടീൻ ചോയ്സ്’ പുരസ്കാരം ‘ഇഎസ്പിവൈ’ പുരസ്കാരം എന്നിവ അവളെത്തേടി വന്നു. ഭർത്താവ് ആദംഡർക്സും രണ്ടു മക്കളും അവൾക്കൊപ്പമുണ്ട്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com