ADVERTISEMENT

എന്തെങ്കിലും കാര്യത്തിനു ഗവണ്‍മെന്റ് ഓഫീസില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. ഒറ്റ പോക്കിനു കാര്യം സാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും ഇവിടെ.പല തവണ കയറിയിറങ്ങി പല ടേബിളുകള്‍ക്കു സമീപം ചെന്നു കാത്തു നിൽക്കേണ്ടി വരും പലപ്പോഴും കാര്യം നടക്കാന്‍. കെ. ഇളമ്പഴവത്ത് എന്ന തമിഴ് യുവാവിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 

ഒന്നും രണ്ടും തവണയല്ല, നീണ്ട ഒന്‍പതു വര്‍ഷമാണ് ഈ യുവാവിനു ജില്ലാ കലക്ടറുടെ ഓഫീസില്‍ കയറിയിറങ്ങി നടക്കേണ്ടി വന്നത്. സര്‍വീസിലിരിക്കേ മരിച്ച പിതാവിന്റെ ജോലി ലഭിക്കാനായിട്ടായിരുന്നു ഈ നടപ്പ്. എന്നാല്‍ ഒന്‍പതു വര്‍ഷം പല വാതിലുകള്‍ മുട്ടിയിട്ടും, പല തവണ കയറിയിറങ്ങിയിട്ടും ഇളമ്പഴവത്തിന്റെ ആവശ്യം നടന്നില്ല. ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഈ കെടുകാര്യസ്ഥതയില്‍ അരിശം പൂണ്ട ഇളമ്പഴവത്ത് ഒടുവില്‍ ഒരു തീരുമാനമെടുത്തു. താന്‍ കയറിയിറങ്ങി നടന്ന ഈ ഗവണ്‍മെന്റ് ഓഫീസില്‍ ഒരു നാള്‍ ജില്ലാ കലക്ടറായിട്ടു തിരിച്ചെത്തും. 

പണമില്ലാത്തതിനാല്‍ പ്ലസ്ടുവില്‍ വച്ചു പഠനം നിര്‍ത്തിയ ഇളമ്പഴവത്തിനെ സംബന്ധിച്ചിടത്തോളം അതൊരു പടുകൂറ്റന്‍ ലക്ഷ്യം തന്നെയായിരുന്നു. എന്നാല്‍ ദൃഢനിശ്ചയത്തിനും കഠിനാധ്വാനത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന പാഠം ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് ഒടുവില്‍ ഇളമ്പഴവത്ത് ഐഎഎസ് ഉദ്യോഗസ്ഥനാവുക തന്നെ ചെയ്തു. സിനിമയെ പോലും വെല്ലുന്ന ഈ ജീവിത കഥ നടന്നത് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ്. 

തഞ്ചാവൂരിലെ ചോലഗംഗുഡിക്കാടിലാണ് ഇളമ്പഴവത്ത് ജനിച്ചത്. അച്ഛന്‍ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അമ്മ കര്‍ഷകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു. മാതാപിതാക്കളോടും മുതിര്‍ന്ന മൂന്നു സഹോദരിമാരോടും ഒപ്പം സന്തോഷകരമായിരുന്നു ഇളമ്പഴവത്തിന്റെ കുട്ടിക്കാലം. 1997ല്‍ പിതാവ് മരിക്കുന്നതോടെയാണ് ഇവരുടെ ജീവിതം തകിടം മറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇളമ്പഴവത്തിന് പ്ലസ്ടുവില്‍ വച്ച് പഠിത്തം നിര്‍ത്തേണ്ടി വന്നു. തന്റെ സുഹൃത്തുക്കളൊക്കെ എന്‍ജിനീയറിങ്ങിനും മെഡിസിനും പഠിക്കാന്‍ പോയപ്പോള്‍ ഇളമ്പഴവത്ത് കുടുംബം നോക്കാന്‍ ഒരു ജോലിക്ക് ശ്രമം തുടങ്ങി. 

പിതാവ് സര്‍വീസിലിരിക്കേ മരിച്ചതിനാല്‍ ഗവണ്‍മെന്റ് ജോലിക്ക് അര്‍ഹതയുണ്ടായിരുന്നു. അങ്ങനെയാണ് ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഓഫീസില്‍ വിദ്യാഭ്യാസ രേഖകളും ഇരുപതോളം മറ്റു രേഖകളും സമര്‍പ്പിക്കേണ്ടിയിരുന്നു. പല ഓഫീസുകളില്‍ കയറിയിറങ്ങി രേഖകള്‍ ഒരു വിധം സമര്‍പ്പിച്ചെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടറുടെ ഓഫീസ് ഇളമ്പഴവത്തിന് ജോലി നിഷേധിച്ചു. പതിനഞ്ചോളം പേര്‍ ഇത്തരത്തില്‍ അന്ന് ജോലി കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും ചിലര്‍ക്ക് വെയിറ്റിങ് ലിസ്റ്റ് മറികടന്നു ജോലി നല്‍കിയതായി ഇളമ്പഴവത്ത് ആരോപിക്കുന്നു. 

ജില്ലാ കലക്ടര്‍ക്കും റവന്യൂ സെക്രട്ടറിക്കും കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഉച്ച വരെ പാടത്ത് ജോലി. ഉച്ചയ്ക്ക് ശേഷം ഗവണ്‍മെന്റ് ഓഫീസ് കയറിയിറങ്ങല്‍. അതായിരുന്നു അക്കാലത്തെ ഇളമ്പഴവത്തിന്റെ ദിനചര്യ. ഇത്തരത്തില്‍ പല ഓഫീസുകള്‍ കയറിയിറങ്ങി ഒന്‍പതു വര്‍ഷം കടന്നു പോയി. ഇതു കൊണ്ടൊന്നും അനുകൂലമായ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഇളമ്പഴവത്ത് ആരുടെയും ദാക്ഷിണ്യമില്ലാതെ, തന്റെ കഴിവു കൊണ്ട് ഗവണ്‍മെന്റ് ജോലി നേടാന്‍ തീരുമാനിച്ചത്.

പന്ത്രണ്ടാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ചതു കൊണ്ട് ആദ്യം ഇളമ്പഴവത്ത് വിദൂര വിദ്യാഭ്യാസം വഴി ചരിത്രത്തില്‍ ബിരുദമെടുത്തു. ഇതോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാനും തുടങ്ങി. ആ ഗ്രാമത്തിലോ അടുത്ത ഗ്രാമങ്ങളിലോ ഒന്നും പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നില്ല. പഠനത്തിന് ആശ്രയിച്ചിരുന്ന പബ്ലിക് ലൈബ്രറിയില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് പ്രത്യേക സെക്ഷന്‍ ഉണ്ടായിരുന്നു. ഇളമ്പഴവത്ത് അടക്കം 10 പേരുടെ ഒരു സംഘമാണ് അക്കാലത്ത് ഇവിടെ ദിവസവും സിവില്‍ സര്‍വീസ് പഠനത്തിന് എത്തിയിരുന്നത്. ഗ്രാമത്തിലെ റിട്ട. ഹെഡ്മാസ്റ്ററായിരുന്ന എ.ടി. പനീര്‍ സെല്‍വവും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. സ്വയംപഠനവും പരിശീലനവുമെല്ലാമായി മൂന്നു തവണ അടുപ്പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖ സ്റ്റേജ് വരെ ഇളമ്പഴവത്ത് എത്തിയെങ്കിലും ഇവിടെ വച്ച് പരാജയപ്പെട്ടു. ഇതിനിടെ തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസ്സായി. 

ഗവണ്‍മെന്റ് ജോലിയെന്ന സ്വപ്നം നടന്നെങ്കിലും ഇളമ്പഴവത്ത് സംതൃപ്തനായിരുന്നില്ല. ഐഎഎസ് നേടണമെന്നതായിരുന്നു ലക്ഷ്യം. തമിഴ്‌നാട് ഗവണ്‍മെന്റില്‍ ഗ്രൂപ്പ് 1 സര്‍വീസ് ഉദ്യോഗസ്ഥനായി ജോലിക്ക് കയറിയെങ്കിലും യുപിഎസ്‌സി പരിശീലനം തുടര്‍ന്നു. അഞ്ചു തവണ മെയിന്‍ പരീക്ഷയും മൂന്നു തവണ അഭിമുഖവും കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റില്‍ എത്താത്തതിന്റെ സങ്കടമൊക്കെ അടക്കി വച്ച് കഠിനാധ്വാനം തുടര്‍ന്നു. പുതുതായി അവതരിപ്പിച്ച സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് പരീക്ഷ പ്രതികൂലമായി ബാധിച്ചവര്‍ക്കു രണ്ടു അവസരങ്ങള്‍ കൂടി നല്‍കാന്‍ 2014ല്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഈ അവസരം ഇളമ്പഴവത്ത് പ്രയോജനപ്പെടുത്തി. അങ്ങനെ ആദ്യം ഇന്ത്യന്‍ റവന്യൂ സര്‍വീസിലേക്കും 2015ല്‍ തന്റെ അവസാന ശ്രമത്തില്‍ ഐഎഎസിലേക്കും ഇളമ്പഴവത്ത് തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ തലത്തിൽ 117-ാം റാങ്ക് നേടിയാണ് ഐഎഎസിലേക്കുള്ള ഇളമ്പഴവത്തിന്റെ പ്രവേശനം. 

സബ് കലക്ടറായി വെല്ലൂര്‍ ജില്ലയിലെ റാണിപേട്ടില്‍ ചാര്‍ജെടുക്കുമ്പോള്‍ ഒരേയൊരു കാര്യത്തിലേ ഇളമ്പഴവത്ത് നിര്‍ബന്ധം പിടിച്ചുള്ളൂ. വിവിധ ആവശ്യങ്ങളുമായി ഗവണ്‍മെന്റ് ഓഫീസിലെത്തുന്നവരെ സേവിക്കുന്ന വിധം. ഗവണ്‍മെന്റ് ഓഫീസുകളുടെ ഇടനാഴികളില്‍ കാത്തു നില്‍ക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളെ അവരുടെ കാഴ്ചപ്പാടില്‍ നിന്നു കാണാന്‍ ഇളമ്പഴവത്ത് എന്നും ശ്രമിച്ചു പോരുന്നു. പലരും പ്രചോദനം കൊണ്ട് സിവില്‍ സര്‍വീസിലേക്ക് എത്തുമ്പോള്‍ താന്‍ സംവിധാനത്തോടുള്ള അമര്‍ഷം കൊണ്ടാണ് ഇവിടെയെത്തിയതെന്ന് ഇളമ്പഴവത്ത് പറയുന്നു. താന്‍ അടക്കമുള്ളവര്‍ക്ക് അമര്‍ഷമുണ്ടാക്കിയ കാരണങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്നു മാറ്റാനാണ് ഈ യുവ ഐഎഎസുകാരന്റെ ശ്രമവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com