ADVERTISEMENT

സ്വപ്നത്തിൽ പോലും റാങ്ക് നേടിയിട്ടില്ല ഞാൻ. അപ്പോൾ പിന്നെ റാങ്കിലേക്ക് എത്താൻ എന്തെങ്കിലും പ്രത്യേക തയാറെടുപ്പുകളുണ്ടോ എന്നു ചോദിച്ചിട്ട് എന്താ കാര്യം? ഒന്നിനും അങ്ങനെ കൃത്യമായ വഴിയോ ചിട്ടവട്ടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല, നന്നായി പഠിച്ചു, റാങ്ക് തേടി എത്തി‌, അത്രമാത്രം– അഥീന എൽസ റോയിയുടെ വാക്കുകളിൽ എളിമ മാത്രം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്തെ രണ്ടാം റാങ്കുകാരിയാണ് സംസാരിക്കുന്നതെന്ന ഭാവമൊന്നുമില്ല. ബേബി മെമ്മോറിയൽ നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ റോയ് കെ.ജോർജിന്റെയും ഇവിടെ അധ്യാപികയായ ആഗ്നറ്റ് ബീന മാണിയുടെയും മകളാണ് അഥീന.

ഇരട്ട സഹോദരനൊപ്പം ‘കട്ടയ്ക്കു കട്ട’ നിന്നു പഠിച്ചാണ് അഥീന ചേവായൂരിലെ മൂങ്ങാമാക്കൽ ‘ഉർവി’ എന്ന വീട്ടിലേക്ക് റാങ്ക് കൊണ്ടുവന്നത്. ഇരട്ട സഹോദരൻ ഏബൽ മാണി റോയിയും മോശമാക്കിയില്ല, വെറും 6 മാർക്കിനു മാത്രമാണു പിന്നിലായത്. ‘ട്വിൻസ്’ സ്പിരിറ്റാണ് ഈ വിജയത്തിനു പിന്നിലെ രഹസ്യമെന്ന് അഥീന പറയുന്നു. സിൽവർ ഹിൽസ് സ്കൂളിലാണ് പഠനം. വീട്ടിൽ എത്തിയാൽ രണ്ടു പേരും ആദ്യം പഠിക്കാനിരിക്കും. ബാക്കിയെല്ലാം പിന്നാലെ. രാത്രി വൈകി ഇരുന്നു പഠിക്കുകയോ അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയോ ചെയ്യുന്ന ശീലക്കാരല്ല. എപ്പോൾ പഠിക്കാൻ തോന്നുന്നോ അപ്പോൾ മാത്രം പഠനം. അതിനു കൃത്യമായ ടൈം ടേബിളോ ടാർ‌ഗറ്റോ ഒന്നുമില്ല. 

എല്ലാ ദിവസവും ഇത്ര മണിക്കൂർ പഠിച്ചോളാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടൊന്നുമില്ലല്ലോ എന്നാണ് അഥീനയുടെ തിയറി. ഓരോ ദിവസത്തെ പാഠഭാഗത്തിന് അനുസരിച്ചാണ് സമയം ‘സെറ്റു ചെയ്യൽ’. പഠിച്ചു മടുക്കുമ്പോൾ ‘റിലാക്സ്’ ചെയ്യാൻ ടിവി കാണലും വായനയും ചിത്രം വരയുമെല്ലാമുണ്ട്. 

വിജയമന്ത്രം?
പഴയ ചോദ്യക്കടലാസുകൾ സംഘടിപ്പിച്ച് പഠിക്കുക എന്നതാണ് ‘എളുപ്പവഴി’. ഗൂഗിളിലും മറ്റും തിരഞ്ഞ് പല വർഷങ്ങളിലെ ചോദ്യക്കടലാസ് കണ്ടെത്തി ഉത്തരമെഴുതി നോക്കും, അറിയാത്തവ അപ്പോൾ തന്നെ പഠിക്കും. പിന്നെ മറക്കില്ല. ‌‌

ലക്ഷ്യം?
സയൻസാണ് ഇഷ്ടവിഷയം. സയൻസ് വിഷയങ്ങളിൽ റിസർച് ചെയ്യണം. മെഡിക്കൽ, എൻജിനീയറിങ് വഴിക്കില്ല. ഐസറിലോ മറ്റോ നല്ല കോഴ്സുകളാണ് ലക്ഷ്യം. 

∙ടിപ്സ്? 
പത്താം ക്ലാസിലേക്ക് എത്തുമ്പോൾ എല്ലാവരും പറഞ്ഞു പേടിപ്പിക്കും, അത്ര പേടിക്കാനൊന്നുമില്ല. നന്നായി ‘പ്ലാൻ’ ചെയ്തു മുന്നോട്ടു പോയാൽ പഠിക്കാനൊരു ബുദ്ധിമുട്ടും ഇല്ല. പ്രയാസമാണെന്നു തോന്നുന്ന വിഷയത്തെ മാറ്റി നിർത്താതെ വീണ്ടും വീണ്ടും ശ്രമിച്ചു കീഴടക്കാനാണ് നോക്കേണ്ടത്. എനിക്ക് മാത്‌സ് കടുപ്പമായിരുന്നു. കുറച്ചധികം സമയം മാത്‌സിനു വേണ്ടി കഠിനപ്രയത്നം ചെയ്തതോടെ അതിനെയും കീഴടക്കാനായി. എനിക്കു പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും, അതെനിക്കുറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com