sections
MORE

മുപ്പതാം വയസ്സിൽ അന്ധനായി, പിന്നീട് വരച്ച ചിത്രങ്ങൾ ലോകപ്രശസ്തനാക്കി; വിസ്മയമാണ് ഈ ജീവിതം

John_Bramblitt
SHARE

ജോൺ ബ്രാംബ്ലിറ്റ് ലോകമറിയുന്ന ചിത്രകാരനാണ്. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ നൂറ്റി ഇരുപതോളം രാജ്യങ്ങളിലുണ്ട്. ചിത്രകലയിലെ മഹാവിസ്മയം എന്നാണു ലോകം ബ്രാംബ്ലിറ്റിനെ വാഴ്ത്തുന്നത്. പക്ഷേ, ഇന്നോളം താൻ വരച്ച ഒരു ചിത്രവും അദ്ദേഹം കണ്ടിട്ടില്ല. കാരണം ജോൺ അന്ധനാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ 30 വയസ്സിനു മുൻപും ശേഷവും എന്നു രണ്ടായി തിരിക്കാം. 30 വയസ്സു വരെ അദ്ദേഹത്തിനു കാഴ്ചയുണ്ടായിരുന്നു. ആ കാലയളവിൽ ജോൺ ഒരു ചിത്രം പോലും വരച്ചിട്ടില്ല. അന്ധതയാണു ജോണിലെ ചിത്രകാരനെ വെളിച്ചത്തെത്തിച്ചത്. 

ജീവിതത്തിന്റെ ആദ്യ പകുതി
അമേരിക്കയിലെ െടക്സസിൽ 1971 ലാണു ജോൺ ബ്രാംബ്ലിറ്റ് ജനിച്ചത്. ചെറുപ്പം മുതൽ അപസ്മാരം വലച്ചിരുന്നു. സ്കൂള്‍ കാലഘട്ടത്തിൽ പലപ്പോഴും അപസ്മാരം കൂടി തലചുറ്റി വീഴുമായിരുന്നു. ജീവിതം മുന്നോട്ടു നീക്കാൻ മുടങ്ങാതെ മരുന്നു കഴിച്ചു. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ നിന്നു ബിരുദമെടുത്തു. 30–ാം വയസ്സിൽ അപസ്മാരം തുടർച്ചയായി ആക്രമിച്ചു തുടങ്ങി. അതിനൊപ്പം മസ്തിഷ്ക രോഗങ്ങളും. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പോരാതെ വന്നപ്പോഴാണു ഡോക്ടർ മരുന്നു മാറ്റി എഴുതിയത്. ആ മരുന്നു ജോണിന്റെ ജീവിതം മാറ്റി എഴുതി.

വല്ലാത്ത ക്ഷീണവും തലവേദനയും. മരുന്നു മാറിയതു കൊണ്ടാകാം എന്നു കരുതി. ഒരു ദിവസം വൈകുന്നേരം വീട്ടിൽ ഇരിക്കുകയാണ്. അപസ്മാരം കൂടി നിലത്തു വീണു പിടഞ്ഞു. വീട്ടുകാർ ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടർമാരും സമ്മതിച്ചു പുതിയ മരുന്നാണു വില്ലൻ. ബോധം തെളിയാൻ മണിക്കൂറുകളെടുത്തു. പക്ഷേ, ആ വീഴ്ച ജോണിന്റെ കാഴ്ച തകർത്തു കളഞ്ഞു. ജോൺ പൂർണമായും അന്ധനായി. കണ്ണുകൾക്കു ബാധിച്ച അന്ധത മനസ്സിലേക്കും പടർന്നു. ക്രമേണ വിഷാദരോഗത്തിന്റെ പിടിയിലായി. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന് ഏകാന്തതയിലേക്കു ബ്രാംബ്ലിറ്റ് ഒതുങ്ങി. 

വർണങ്ങളിലൂടെ പുനർജന്മം
ആദ്യമൊക്കെ ഓർമകൾ വേട്ടയാടിയെങ്കിലും പിന്നീടങ്ങോട്ട് അതേ ഓർമകൾ ജോണിനെ മറ്റൊരാളാക്കി. മനസ്സിലേക്കു വിരുന്നെത്തുന്ന ഓർമകളെ ക്യാൻവാസിലേക്കു പകർത്തിയാലോ എന്നുള്ള ചിന്ത ജീവിതം മാറ്റി മറിച്ചു. തുടക്കത്തിൽ പരാജയപ്പെട്ടെങ്കിലും ക്യാൻവാസെന്ന ഭൂമികയിൽ നിന്നു വിട്ടുപോകാൻ ജോൺ ഒരുക്കമായിരുന്നില്ല. മറ്റുള്ളവർ കണ്ണുകൾകൊണ്ടു കാണുന്നവ സ്പർശനം കൊണ്ടു മനസ്സിലാക്കാൻ ശ്രമിച്ചു. ആളുകളുടെ മുഖത്തു വിരലുകൾകൊണ്ടു സ്പർശിച്ചു. രൂപം മനസ്സിൽ വരച്ചു. ആ വരകൾ ക്യാൻവാസി ലേക്കും. ആദ്യമൊന്നും വരകൾ പിടികൊടുത്തില്ല. പക്ഷേ, ജോൺ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ വരകളെമാത്രം ധ്യാനിച്ചു. പതുക്കെ വരകൾ വഴങ്ങി. 

പിന്നീടാണു വർണങ്ങളിലേക്കു തിരിയുന്നത്. സ്പർശനം കൊണ്ടു വർണങ്ങൾ തിരിച്ചറിയാനായിരുന്നു അടുത്ത ശ്രമം. പെയിന്റുകളുടെ ടെക്സ്ചറുകളിൽ വിരൽ സ്പർശിച്ച് അവയെ വേർതിരിച്ചറിയാൻ നോക്കി. ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ക്രമേണ അതിലും വിജയിച്ചു. ഭാര്യയുടെയും മകന്റെയും അടക്കം ഒട്ടേറെ മുഖചിത്രങ്ങൾ അദ്ദേഹം പെയിന്റ് ചെയ്തു. ജീവിതത്തിന്റെ മുഴുവൻ സയമവും ജോൺ ചിന്തിക്കുന്നതു പെയിന്റിങ്ങിനെക്കുറിച്ചു മാത്രമാണ്. 

നല്ലൊരു എഴുത്തുകാരൻ കൂടിയാണു ജോൺ ബ്രാംബ്ലിറ്റ്. ‘ഷൗട്ടിUd ഇൻ ദ് ഡാർക്ക്’ എന്ന ആത്മകഥാംശമുള്ള പുസ്തകവും ഇതേപേരിൽ നിർമിച്ച ഡോക്യുമെന്ററിയും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചു 2005 മുതൽ 3 വർഷം യുഎസ് പ്രസിഡന്‍ഷ്യൽ അവാര്‍ഡ് നല്‍കി ആദരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA