ADVERTISEMENT

ഒരു പ്രശ്നത്തിനു പരിഹാരമായി മനസിലുദിക്കുന്ന ആശയങ്ങളാണ് പിന്നീടു വലിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായകമാകുന്നത്. മുംബൈയിലെ ഗരോഡിയ ഇന്റർനാഷനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തിലക് മേത്തയുടെ മനസിലുദിച്ച ഒരു ആശയം ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭമായി വികസിച്ചിരിക്കുന്നു. അമ്മാവന്റെ വീട്ടിൽ മറന്നുവച്ച തന്റെ പ്രിയപ്പെട്ട പുസ്തകം എത്രയും വേഗത്തിൽ തിരികെ എത്തിക്കാൻ ശ്രമിച്ചപ്പോൾ സാധ്യമാകാതെ വന്നതാണ് ഈ പ്രശ്നത്തിനൊരു പരിഹാരത്തെപ്പറ്റി ചിന്തിക്കാൻ കാരണമായത്. അതേ ദിവസംതന്നെ ഡെലിവറി ചെയ്യാൻ കൊറിയർ കമ്പനികൾ വലിയ തുകയാണു ചാർജ് ചെയ്തിരുന്നത്. എന്നാൽ ഓർഡർ ചെയ്യുന്ന ദിവസംതന്നെ കുറഞ്ഞ തുകയിൽ ചെറിയ പാഴ്സലുകൾ മുംബൈയിൽ എവിടെയും എത്തിക്കാൻ പ്രായോഗികമായ ഒരു മാർഗം തിലക് കണ്ടെത്തി.

പിഴവുകളില്ലാതെ സൂക്ഷ്മതയോടെയും കൃത്യതയോടെയും വേഗത്തിലും ഡെലിവറി ചെയ്യുന്നതിൽ ആഗോള പെരുമ നേടിയ മുംബൈയിലെ ഡബ്ബാവാലകളുടെ പ്രവർത്തന രീതി തിലകിന്റെ ശ്രദ്ധയിൽപ്പെട്ടു. അയ്യായിരത്തിലേറെ ഡബ്ബാവാലകൾ ദിവസേന ലക്ഷക്കണക്കിന് ആളുകൾക്കാണ് കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഉച്ചഭക്ഷണം എത്തിക്കുന്നത്. അത്യാവശ്യക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പാഴ്സലുകൾ എത്തിക്കാൻ ഡബ്ബാവാലകളുടെ പ്രവർത്തന രീതി പ്രായോഗികമാക്കാമെന്ന് തിലക് ചിന്തിച്ചു. അച്ഛന്റെ സഹകരണത്തോടെ 15 ദിവസം തുടർച്ചയായി രാപകൽ ഭേദമെന്യേ ഡബ്ബാവാലകൾക്കൊപ്പം പ്രവർത്തിച്ച് അവരുടെ രീതികൾ നേരിട്ടു മനസിലാക്കി. തിലക് എന്ന പതിമൂന്നുകാരന്റെ പ്രാപ്തിയും കാര്യക്ഷമതയും ഡബ്ബാവാല സംഘത്തെപ്പോലും അതിശയിപ്പിച്ചു.

കൊറിയർ സംവിധാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചതിനു ശേഷം അമ്മാവന്റെ സഹകരണത്തോടെ ഒരു മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി. അതാണ് പേപ്പേഴ്സ് എൻ പാർസൽസ് (Papers N Parcels). മുംബൈയിൽ വസിക്കുന്ന ഏതൊരാൾക്കും ഒരു ചെറിയ പാഴ്സൽ അതേ ദിവസംതന്നെ മുംബൈയിലെ മറ്റേതൊരു പ്രദേശത്തേക്കും നാലു മുതൽ എട്ടു മണിക്കൂറിനുള്ളിൽ എത്തിക്കാവുന്ന ഒരു സംവിധാനം. അതും ശരാശരി 40രൂപ ചെലവിൽ. മുന്നൂറോളം ഡബ്ബാവാലകൾ ഡെലിവറി ചുമതല ഏറ്റെടുത്തു. ബാങ്ക് ജോലി ഉപേക്ഷിച്ച് അമ്മാവൻ ഖൻശ്യാം കമ്പനിയുടെ സിഇഒ ചുമതല ഏറ്റെടുത്തു. കമ്പനിയിൽ ഇപ്പോൾ 180 തൊഴിലാളികളുണ്ട്. അതിദ്രുതം വളരുന്ന കമ്പനിയുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് പയ്യൻ തിലകാണ്.

വൈകീട്ട് സ്കൂൾ വിട്ടു വന്നാലുടൻ തിലക് കമ്പനിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. മുംബൈയിൽ നിന്നു മറ്റു നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്ക് ഇപ്പോൾത്തന്നെ നിരവധി കോർപറേറ്റ് ഉപഭോക്താക്കളെ ലഭിച്ചുവരുന്നു. ദിവസേന ആയിരക്കണക്കിനു പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ വിറ്റുവരവ് ഈ വർഷംതന്നെ 100 കോടിയിൽ എത്തുമെന്നു വിശ്വസിക്കുന്നു. നിരവധി സംരംഭക പുരസ്കാരങ്ങൾ ഇതിനോടകം നേടിയ തിലക് പല സർവകലാശാലകളിലെയും മാനേജ്മെന്റ് വിദ്യാർഥികൾക്കു സംരംഭകത്വത്തിന്റെ പാഠങ്ങളും അഭ്യസിപ്പിക്കുന്നു. ആശയങ്ങൾ ആരിലുമുണ്ടാകാം. എന്നാൽ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച് ആശയങ്ങളെ യാഥാർഥ്യമാക്കുന്നതാണു വിജയിക്കുന്നവരുടെ മിടുക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com