sections
MORE

അനാഥക്കുട്ടികളുടെ വിശപ്പകറ്റാന്‍ ജോലി കളഞ്ഞു;തുടങ്ങിയ യൂട്യൂബ് ചാനൽ വൻഹിറ്റ്‌!

Khwaja-Moinuddin
SHARE

ജോലിക്കിടെ ഒഴിവുസമയങ്ങളില്‍ അല്‍പം സാമൂഹിക സേവനമൊക്കെ ആകാമെന്നു കരുതുന്നവരാണ് ഇപ്പോഴത്തെ പല ചെറുപ്പക്കാരും. എന്നാല്‍ സാമൂഹിക സേവനം ജോലിക്കു ഭീഷണിയായാലോ? ഒന്നുകില്‍ ജോലി ചെയ്യണം. അല്ലെങ്കില്‍ അത് ഉപേക്ഷിച്ച് സാമൂഹിക സേവനത്തിന് ഇറങ്ങണം. ഇത്തരമൊരു ഉപാധി ജോലി ചെയ്യുന്ന കമ്പനി മുന്നോട്ടു വച്ചാല്‍ നിങ്ങളെന്തു ചെയ്യും? ബഹുഭൂരിപക്ഷവും കയ്യിലുള്ള ജോലി കളയാതെ സാമൂഹിക സേവനത്തിനു തൽക്കാലം അവധി കൊടുക്കും. എന്നാല്‍ ഹൈദരാബാദ് സ്വദേശി എംബിഎക്കാരനായ ക്വാജ മൊയ്‌നുദ്ദീന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. 

ജോലിയും വരുമാനവും ഉപേക്ഷിച്ചു സന്നദ്ധ സേവനത്തില്‍ മുഴുകാനായിരുന്നു ക്വാജയുടെ തീരുമാനം. 'നവാബ്‌സ് കിച്ചൻ ഫൂഡ് ഫോര്‍ ഓള്‍ ഓര്‍ഫന്‍സ്' എന്ന യുട്യൂബ് ഫൂഡ് ചാനലാണ് ക്വാജ ഇതിനായി തിരഞ്ഞെടുത്തത്. യുട്യൂബില്‍ നിരവധി ഫൂഡ് ചാനലുകള്‍ നാം കണ്ടിട്ടുണ്ടാകും. ബാച്ചിലര്‍മാരുടെ പാചകപരീക്ഷണം മുതല്‍ ഫൈവ് സ്റ്റാര്‍ ഷെഫുകളുടെ സ്‌പെഷല്‍ ഐറ്റങ്ങള്‍ വരെ നിരന്നിരിക്കുന്ന ചാനലുകള്‍. ഇവയില്‍ നിന്നെല്ലാം നവാബ്‌സ് കിച്ചനിനെ വ്യത്യസ്തമാക്കുന്നത് പാചകശേഷം ആ ഭക്ഷണം ഇവര്‍ എന്തു ചെയ്യുന്നു എന്നതാണ്. നിര്‍മിക്കുന്ന കൊതിയൂറും വിഭവങ്ങളെല്ലാം അനാഥരായ കുട്ടികളുടെ വിശപ്പ് മാറ്റാനാണ് ക്വാജയും കൂട്ടുകാരും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പ്രതിമാസം 1200 അനാഥക്കുട്ടികള്‍ക്ക് ഇവര്‍ ഭക്ഷണമെത്തിക്കുന്നു. ഭക്ഷണം കൊണ്ടു മനസ്സു നിറയ്ക്കുന്ന ക്വാജയുടെ ചാനലിന് ഇന്ത്യയിലും വിദേശത്തുമായി ഏഴു ലക്ഷത്തോളം വരിക്കാരാണുള്ളത്. 

നിസാമി ബിരിയാണി, ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക് എന്നിങ്ങനെ സ്വദേശിയും വിദേശിയുമായ കൊതിയൂറുന്ന വിഭവങ്ങളുടെ പാചകം ഉള്‍ക്കൊള്ളിച്ച 220 ല്‍ പരം വിഡിയോകളാണ് ക്വാജയുടെ ചാനലിലുള്ളത്. വിഭവങ്ങള്‍ കഴിക്കുന്ന കുട്ടികളുടെ സന്തോഷം നിറഞ്ഞ മുഖങ്ങളോടെയാണ് ഓരോ വിഡിയോയും അവസാനിക്കുന്നത്. ഓരോ ആഴ്ചയും രണ്ടു മൂന്നു വിഡിയോയെങ്കിലും ക്വാജയും കൂട്ടുകാരും ചെയ്തിരിക്കും. രണ്ടു വര്‍ഷമായി ഇത്തരത്തില്‍ വിഭവങ്ങളുണ്ടാക്കിയും അവ സ്‌നേഹത്തോടെ വിളമ്പിയും യാത്ര ചെയ്യുകയാണ് ക്വാജയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം.

ടിവി ചാനലില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ക്വാജയും സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡിയും ഭഗത് റെഡ്ഡിയും യുട്യൂബ് ചാനലിനു വേണ്ടി ആദ്യ വിഡിയോകള്‍ നിര്‍മിച്ചത്. അവ ശ്രദ്ധിക്കപ്പെട്ടതോടെ, ജോലി വേണോ യുട്യൂബ് ചാനല്‍ വേണോ എന്ന തീരുമാനമെടുക്കാന്‍ ക്വാജയോടു കമ്പനി ആവശ്യപ്പെട്ടു. ചാനല്‍ നിര്‍ത്തി മുഴുവന്‍ സമയവും ജോലിയില്‍ മുഴുകാനായി ഉയര്‍ന്ന പാക്കേജും വാഗ്ദാനം ചെയ്തു. പക്ഷേ ചാനലുമായി മുന്നോട്ടു പോകാനായിരുന്നു ക്വാജയുടെയും കൂട്ടുകാരുടെയും തീരുമാനം. അങ്ങനെ ക്വാജയും ശ്രീനാഥും ഭഗത്തും ഒരേ ദിവസം രാജിവച്ചു.

ജോലിയും കളഞ്ഞു നാടു മുഴുവന്‍ പാചകത്തിനുള്ള പാത്രങ്ങളുമായി അലയുന്ന യുവാക്കളെ വിമര്‍ശിക്കാനും നിരവധി പേരുണ്ടായിരുന്നു. പക്ഷേ, ഒട്ടനവധി കുരുന്നുകളുടെ വിശപ്പകറ്റാനുള്ള ഈ ഉദ്യമത്തിനു നിറഞ്ഞ പിന്തുണയുമായി സ്വദേശത്തുനിന്നു വിദേശത്തുനിന്നു നിരവധി പേര്‍ എത്തിയതോടെ ക്വാജയും കൂട്ടരും ചാനലുമായി സധൈര്യം മുന്നോട്ട് പോയി. ചിലര്‍ വിദേശത്തുനിന്ന് ക്വാജയെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തി. ചില കുട്ടികള്‍ തങ്ങളുടെ പിറന്നാള്‍ ആഘോഷത്തിനു നീക്കി വച്ച തുക നവാബ്‌സ് കിച്ചനു സംഭാവന ചെയ്തു. വിഡിയോകളില്‍നിന്നു ലഭിക്കുന്ന വരുമാനവും ഇത്തരം സംഭാവനകളുമായി ക്വാജയും കൂട്ടുകാരും നവാബ്‌സ് കിച്ചനിലൂടെ ഒട്ടേറെ പേരുടെ വിശപ്പടക്കി മുന്നോട്ടു പോവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA