ADVERTISEMENT

1983, വെയിൽസിലെ കാഡിഫ്. ടിവിയിൽ ലണ്ടൻ മാരത്തൺ ആകാംക്ഷയോടെ കാണുകയാണ് പീറ്റർ ഗ്രേയും കുടുംബവും. ഇളയ മകൾ ടാനി പിതാവിനോടു പറഞ്ഞു, എനിക്കും മാരത്തണിൽ പങ്കെടുക്കണം. അതുവരെയുണ്ടായിരുന്ന ബഹളമെല്ലാം നിശബ്ദതയിലേക്കു വഴിമാറി. പിതാവു ദുഃഖത്തോടെ മകളെ നോക്കി. ‘എനിക്കു ലോകമറിയുന്ന കായിക താരമാകണം’ ആത്മവിശ്വസത്തോടെ ഇത്രകൂടി പറഞ്ഞ് വീൽചെയർ ഉരുട്ടി ടാനി അവളുടെ മുറിയിലേക്കു പോയി. ജന്മനാ കാലുകൾ തളർന്നു വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന മകളുടെ ആഗ്രഹത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആ പിതാവിന് അറിയില്ലായിരുന്നു. അന്ന് അതിശയത്തോടെ നോക്കിയ കുടുംബാംഗങ്ങളെപ്പോലും ഞെട്ടിച്ച് അടുത്ത വർഷം ടാനി വീൽചെയറിൽ ലണ്ടൻ മാരത്തണിൽ പങ്കെടുത്തു. അവളുടെ വേഗം കണ്ടു ലോകം ഞെട്ടി. തുടർ വർഷങ്ങളിൽ കായിക ലോകത്തിന് അത്ഭുതത്തോടെ മാത്രമേ ടാനിയെ കാണാനായുള്ളു. കാരണം, നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്കു സഞ്ചരിക്കുകയായിരുന്നു അവൾ. വീൽചെയറിലെ കൊടുങ്കാറ്റായിരുന്നു ടാനി.

കാലുകൾ തളർന്നവൾ വേഗത്തെ തോൽപിച്ച കഥ, ടാനിയുടെ ജീവിത‌ത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പാരാലിംപിക്സിൽ 16 മെഡലുകൾ നേ‌ടി. അതിൽ 11 സ്വർണ മെഡൽ. 6 തവണ ലണ്ടൻ മാരത്തൺ ചാംപ്യനായി. 30 ലോക റെക്കോർഡുകൾ സ്വന്തം പേരിനൊപ്പം ചേർത്തു. പൊതു പ്രവർത്തകയായും ടെലിവിഷൻ അവതാരകയായും നോർത്തംബ്രിയ സർവകലാശാലയുടെ ചാൻസലറായും ടാനി പ്രവർത്തിച്ചു.

1969 ജൂലൈ 26ന് പീറ്റർ ഗ്രേയുടെയും സൽവൻ ഗ്രേയുടെയും രണ്ടാമത്തെ മകളായിട്ടായിരുന്നു ജനനം. കേരിസ് ഡേവിനാ ഗ്രേ എന്നതായിരുന്നു അവളുടെ മുഴുവൻ പേര്. മൂത്ത സഹോദരി സിയാൻ സ്നേഹത്തോടെ അവളെ ടിനി എന്നാണു വിളിച്ചിരുന്നത്. പിന്നീട് ആ വിളി ടാനി എന്നായി മാറി. സ്പൈനാ ബിഫിഡ എന്ന രോഗമാണ് അവളെ വീൽചെയറിൽ തളച്ചിട്ടത്. 7 വയസായപ്പോൾ മുതൽ വീൽചെയർ ഉപയോഗിച്ചു തുടങ്ങി. ചെറുപ്പം മുതലേ ടാനി സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തി നേടി. ബാസ്ക്കറ്റ്ബോൾ, അമ്പെയ്ത്ത് നീന്തൽ, കുതിരയോട്ടം തുടങ്ങിയ കാര്യങ്ങളിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കാൻ അവൾക്കായി.

1988ൽ ബ്രിട്ടനു വേണ്ടി പാരാലിംപിക്സിൽ പങ്കെടുത്തു. സൗത്ത് കൊറിയയിൽ നടന്ന ഒളിംപിക്സിൽ വെങ്കല മെഡൽ നേടി. 1992ൽ സ്പെയിനിലെ ബാർസിലോനയിൽ നടന്ന ഒളിംപിക്സിൽ 4 സ്വർണ മെഡലുകൾ സ്വന്തമാക്കി.100, 200, 400, 800 മീറ്റർ ഓട്ടങ്ങളിലായിരുന്നു നേട്ടം. 1994ൽ കാനഡയിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ ടാനിയുടെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. 400 മീറ്റർ ഒരു മിനിറ്റുകൊണ്ട് പൂർത്തിയാക്കുന്ന വീൽചെയർ കായിക താരം എന്ന നേട്ടം അന്ന് സ്വന്തമാക്കി. 1996ൽ അറ്റ്ലാന്റയിൽ നടന്ന ഒളിംപിക്സിൽ ഒരു സ്വർണ മെഡലും 3 വെള്ളിമെഡലും നേടി. 2000ത്തിൽ സിഡ്നിയിൽ നടന്ന ഒളിംപിക്സിൽ 4 സ്വർണമെഡലുകൾ. 2004ലെ കോമൺവെൽത്ത്‌ ഗെയിംസിന്റെ ഓപ്പണിങ് സെറിമണിയിൽ വെയിൽസിന്റെ പതാകയേന്തി. ആ വർഷം 2 സ്വർണമെഡലുകൾ കൂടി കരസ്ഥമാക്കി.

2007ൽ ടാനി കായിക ലോകത്തോടു വിടപറഞ്ഞു.3 തവണ വെയിൽസിലെ മികച്ച കായിക താരത്തിനുള്ള ബിബിസിയുടെ പുരസ്കാരം നേടി. ഡോ. ഇയാൻ തോംസനാണു ഭർത്താവ്. കാരിസ് എന്നാണു മകളുടെ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com