sections
MORE

ഇല്ലായ്മകളോട് പൊരുതി നേടിയ നീറ്റ് വിജയവുമായി സ്‌നേഹ പ്രഭ

SnehaPrabha
SHARE

ആറു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സൗമിനിയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുന്നത്. ഈ അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കുമാണ് സോമിനിയുടെ മകള്‍ സ്‌നേഹപ്രഭ ജനിച്ചു വീണത്. സ്‌നേഹ പ്രഭയെയും വൃദ്ധരായ മാതാപിതാക്കളെയും സംരക്ഷിക്കാനായി ഹിന്ദി അധ്യാപികയാകാന്‍ യോഗ്യതയുണ്ടായിരുന്നെങ്കിലും അതിനു ശ്രമിക്കാതെ വീട്ടുവേലയ്ക്കായി സോമിനി പോയി. എല്ലുമുറിയെ പണിയെടുത്തു. ഈ കഷ്ടപ്പാടുകള്‍ക്ക് മകള്‍ സ്‌നേഹപ്രഭ പകരം നല്‍കിയത് മിടുക്കിയായി പഠിച്ചു കൊണ്ടായിരുന്നു. പത്താം ക്ലാസും പ്ലസ് ടുവും കടന്ന് ഇപ്പോള്‍ എംബിബിഎസിലേക്കുള്ള പടിവാതിലായ നീറ്റ് പരീക്ഷയിലെത്തി നില്‍ക്കുകയാണ് സ്‌നേഹ പ്രഭയുടെ വിജയക്കുതിപ്പ്. നീറ്റ് പരീക്ഷയ്ക്ക് ദേശീയ തലത്തില്‍ 4817-ാം റാങ്ക് നേടിയ ഈ കോതമംഗലം സ്വദേശി പട്ടിക ജാതി വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാം റാങ്കുകാരിയുമാണ്. 

SnehaPrabha_with-Family

ഇല്ലായ്മകളോട് പടപൊരുതി, ട്യൂഷനോ, കോച്ചിങ്ങോ ഒന്നുമില്ലാതെ നേടിയതാണ് സ്‌നേഹ ഈ മിന്നുന്ന വിജയം. വീട്ടിലെ കഷ്ടപ്പാടുകള്‍ ഒരിക്കല്‍ പോലും സ്‌നേഹയുടെ പഠനത്തെ ബാധിച്ചില്ല. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോ പഠന സാമഗ്രികളോ വേണമെന്ന് പറഞ്ഞ് അവള്‍ ഒരിക്കലും സൗമിനിയെ ബുദ്ധിമുട്ടിച്ചതുമില്ല. വീട്ടു ചെലവും മാതാപിതാക്കളുടെ ആശുപത്രി ചെലവുമായി വലഞ്ഞു നില്‍ക്കുന്ന സൗമിനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുമില്ലായിരുന്നു. 

ഒന്നാം ക്ലാസ് മുതല്‍ തന്നെ പഠനത്തില്‍ മികവ് കാട്ടിയ സ്‌നേഹ പ്രഭയ്ക്ക് പല്ലാരിമംഗലം പഞ്ചായത്തിലെ ഇര്‍ഷാദിയ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ഫീസിളവും മറ്റും നല്‍കി. ഈ അവസരങ്ങളെല്ലാം നന്നായി പ്രയോജനപ്പെടുത്തി സ്‌നേഹ പഠിച്ചു മുന്നേറി. പത്താം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കോടെ വിജയവും നേടി. പ്ലസ് ടുവിന് കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. ഇവിടെയും സ്‌നേഹ പിന്നോട്ട് പോയില്ല. 98.6 ശതമാനം മാര്‍ക്കോടെയായിരുന്നു പ്ലസ്ടു വിജയം. 

പത്താം ക്ലാസിനു ശേഷമാണ് മെഡിക്കല്‍ പ്രഫഷനോട് ഇഷ്ടം തോന്നി തുടങ്ങിയത്. പക്ഷേ, ഒത്തിരി ചെലവ് വരുന്ന ഇത്തരം പ്രഫഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്നതില്‍ സ്‌നേഹയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാലും നീറ്റ് പരീക്ഷ എഴുതാന്‍ തന്നെ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ സ്‌നേഹയെ തന്നെ ഞെട്ടിച്ചു കൊണ്ട് എംബിബിഎസിന്റെ പടിവാതില്‍ തുറക്കപ്പെട്ടു. നീറ്റില്‍ യോഗ്യത നേടിയ രാജ്യത്തെ തന്നെ 67 പട്ടികജാതി വിദ്യാർഥികളില്‍ ഒരാളാണ് സ്‌നേഹ. 

നീറ്റില്‍ റാങ്ക് കിട്ടിയ സ്‌നേഹയ്ക്ക് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സീറ്റ് അനുവദിക്കപ്പെട്ടത്. പക്ഷേ, ധൃതി വച്ച് അഡ്മിഷന്‍ എടുക്കേണ്ട എന്നാണ് സ്‌നേഹയുടെ തീരുമാനം. അതേ കോളജില്‍ സംസ്ഥാന മെറിറ്റ് ലിസ്റ്റില്‍ നിന്നു പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തരുതല്ലോ എന്നോര്‍ത്താണ് തത്ക്കാലം മെഡിക്കല്‍ കോളജില്‍ ചേരേണ്ടതില്ല എന്ന തീരുമാനം. 

എംബിബിഎസിനു ശേഷം ഓങ്കോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് സ്‌നേഹയുടെ ആഗ്രഹം. വീട്ടിലെ പണഞെരുക്കത്തിനിടെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ എംബിബിഎസ് പഠിച്ചു തീര്‍ക്കണം എന്നതാണ് ഈ മിടുക്കിയുടെ മുന്നിലുള്ള അടുത്ത കടമ്പ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA