sections
MORE

ഉറക്കത്തിൽ കാഴ്ച നഷ്ടമായി; അകക്കണ്ണാൽ നേടിയത് തകർക്കപ്പെടാത്ത റെക്കോർഡുകൾ!

Henry-Wanyoike
SHARE

രാവിലെ എഴുന്നേറ്റു വീട്ടു ജോലികളിൽ അമ്മയെ സഹായിക്കുന്നതു ഹെന്‍‍റിയുടെ പതിവാണ്. എന്നാൽ അന്നു നേരം പുലര്‍ന്ന് ഏറെ കഴിഞ്ഞിട്ടും മകൻ എഴുന്നേല്‍ക്കാതെ വന്നപ്പോൾ അമ്മ അവന്റെ മുറിയിലെത്തി. കഴുത്തുവരെ പുതപ്പു മൂടി കണ്ണു തുറന്നു കിടക്കുകയാണു മകൻ.

‘നേരം ഒത്തിരിയായി എഴുന്നേൽക്ക്’– അമ്മയുടെ ശബ്ദം കേട്ടിടത്തേക്കു ഹെൻറി നോക്കി. 

‘നേരം വെളുത്തെന്നോ....? അമ്മയ്ക്കെന്താ ഭ്രാന്തു പിടിച്ചോ....?’

‘എനിക്കു സ്കൂളിൽ പോകാൻ സമയമായി, എഴുന്നേറ്റ് ഭക്ഷണം കഴിക്ക്’. അധ്യാപികയായ അമ്മ ശാസിച്ചു. 

ഹെന്‍‍റിക്ക് ഒന്നും മനസ്സിലായില്ല. ചുറ്റും കൂരിരുട്ടാണ്. അമ്മ തമാശ പറയുകയാണെന്നു കരുതി കട്ടിലിൽ നിന്നെഴുന്നേറ്റു. കട്ടിലിന്റെ ചുവട്ടിൽ കിടന്ന സ്വന്തം ചെരുപ്പിൽ ചവിട്ടി വീണു. കിടക്കയിൽ ബലമായി പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്ന മകന്റെ ചെയ്തികളിൽ എന്തോ പ്രത്യേകത. 

‘നിനക്കെന്താ പറ്റിയത്....?’

‘എനിക്കൊന്നും കാണാനാകുന്നില്ല....’

ഒരു വിധത്തിൽ ഹെൻറി മുറിക്കു പുറത്തിറങ്ങി.

‘അമ്മാ, സത്യം പറ നേരം വെളുത്തോ.....?’ ഹെൻറിയുടെ ശബ്ദത്തിൽ വല്ലാത്തൊരു പേടിയുണ്ടായിരുന്നു. അമ്മ മകന്റെ അടുത്തേക്കു വന്നു. അമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരൻ അവരുടെ കൈകളിൽ പിടിച്ചു. വിറയാർന്ന ഒരു ബലമുണ്ടായിരുന്നു ആ കൈകൾക്ക്. മകൻ തമാശ പറയുകയല്ലെന്ന്. അപ്പോൾ അമ്മയ്ക്കുറപ്പായി. ഇന്നലെവരെ കാഴ്ചയുണ്ടായിരുന്ന കണ്ണുകൾ ഒരു രാത്രിയുടെ മറുകരയിൽ ഇുട്ടിലാകുമെന്നു വിശ്വസിക്കാൻ ഹെൻറിക്കായില്ല.

ആശുപത്രിയിൽ ‍ഡോക്ടറുടെ മുന്നിൽ വേദനയോടെ അവരിരുന്നു. രാത്രിയിൽ ഉണ്ടായ സ്ട്രോക്കിന്റെ ഫലമായി ഹെൻറിയുടെ ഒപ്റ്റിക് നെർവിനു പരുക്കേറ്റിരിക്കുന്നു. ഇനി ഒരിക്കലും കാഴ്ച വീണ്ടെടുക്കാനാകില്ല. ഡോക്ടറുടെ കണ്ടെത്തൽ ഹെൻറിക്കു വിശ്വസിക്കാനായില്ല. ജീവിതം ഇവിടെ അവസാനിച്ചെന്ന് ആ ചെറുപ്പക്കാരൻ ഉറപ്പിച്ചു. അമ്മ അവനെ മറ്റു പല ആശുപത്രികളിലും കൊണ്ടു പോയി. പക്ഷേ, വിലയിരുത്തൽ ഒന്നുതന്നെ. 

ലോകം അറിയുന്ന കായിക താരമാകണം എന്നു മോഹിച്ച മകനെ യാതൊരു ദയയുമില്ലാതെ വിധി തള്ളി വീഴ്ത്തിയ തോർത്ത് അമ്മ വല്ലാതെ ദുഃഖിച്ചു. എന്നാൽ ജീവിതത്തിന്റെ അവസാനമെന്നു കരുതിയിടത്തു നിന്നു ഹെന്‍‍റി വാന്യോക് ഒരു ഫിനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ കഥയ്ക്കാണു കാലം പിന്നീടു സാക്ഷ്യം വഹിച്ചത്. 

1974 മേയ് 10 നു കെനിയയിൽ ഒരു സാധാരണ കുടുംബത്തിലാണു ഹെൻറി വാന്യോക് ജനിച്ചത്. ഹെൻറിയുടെ കുഞ്ഞുനാളിൽ തന്നെ പിതാവ് മരിച്ചു. അമ്മ ഗ്ലാഡീസ് കികാത്തി ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. പഠനകാലം സ്കൂളിലെ ഓട്ടമത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു ഹെൻറി. അധ്യാപകർക്കും പരിശീലകർക്കും വലിയ മതിപ്പായിരുന്നു. എന്നെങ്കിലും കെനിയയെ പ്രതിനി ധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ ഹെൻറി വിജയിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. 

1995 ഏപ്രിൽ 30 നു വല്ലാത്ത തലവേദനയോടെയാണു ഹെൻറി ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് മേയ് ഒന്നിനാണ് ഇരുട്ടിലേക്ക് ഉണർന്നത്. മകനു കാഴ്ച നഷ്ടപ്പെട്ടതോടെ അമ്മ ജോലി ഉപേക്ഷിച്ചു. കൃഷി ചെയ്തായിരുന്നു പിന്നീടുള്ള ജീവിതം. ദിവസങ്ങൾ കഴിയും തോറും ഹെൻറി കൂടുതൽ വിഷാദരോഗത്തിന് അകപ്പെട്ടു തുടങ്ങി. അങ്ങനെയാണ് അമ്മ ഹെൻറിയെയും കൂട്ടി കാഴ്ച പരിമിതർക്കായുള്ള മക്കാക്ക ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്നത്. ജീവിതം വീണ്ടെടുക്കാൻ സാധിക്കുമെന്നു ഹെൻറി മനസ്സിലാക്കുന്നത് അവിടെ വച്ചാണ്. ഡോക്ടർമാർ അവനു തൊഴിൽ പരിശീലനവും കായിക പരിശീലനവും നൽകി. പതിയെ ഹെൻറി നിരാശയിൽ നിന്നു മുക്തനായി. 

Henry_with_kibunja
കളിക്കൂട്ടുകാരനും ഗൈഡുമായ കിബുൻജെയോടൊപ്പം ഹെൻറി

രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഒരു ദിവസം പരിശീലകനോടു ഹെൻറി പറഞ്ഞു. എങ്കിൽ ട്രാക്കിലിറങ്ങിക്കൂടെ എന്നായി പരിശീലകൻ. ഹെൻറി വീണ്ടും ഓട്ടം ആരംഭിച്ചു. ആദ്യമൊക്കെ ട്രാക്കിൽ വീണു പരുക്കേൽക്കുക പതിവായിരുന്നു. ഇപ്പോഴും പരിശീലനകാലത്തെക്കുറിച്ചു ചോദിച്ചാൽ ഹെൻറി കൈ ഉയർത്തിക്കാണിക്കും. ആ നാളുകളിലെ വീഴ്ചയുടെ പാടുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അന്ധരായ ഓട്ടക്കാർക്കു ഗൈഡിനെ വയ്ക്കുക പതിവാണ്. കളിക്കൂട്ടുകാരനായ കിബുൻജെയാണു ഹെൻറിയുടെ ഗൈഡ്. 2000 – ത്തിൽ സിഡ്നിയിൽ നടന്ന പാരാലിംപിക്സിൽ ഓട്ടത്തിനു 5000 മീറ്ററിൽ സ്വർണ െമഡൽ നേടിയാണു രാജ്യാന്തര തലത്തിൽ ഹെൻറി സാന്നിധ്യം അറിയിച്ചത്. പിന്നീടങ്ങോട്ടു വിജയത്തിന്റെ തുടർ യാത്രകളാണ് മാരത്തൺ, ഹാഫ് മാരത്തൺ, 1500, 5,000, 10,000 മീറ്റർ ഓട്ടത്തിലെല്ലാം സ്വർണ വേട്ട നടത്തി. പലതും ലോക റെക്കോർഡുകളാണ്. അതിന്നും ആർക്കും തകർക്കാനുമായിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA