sections
MORE

28 വർഷത്തിനിടെ ജോലി ചെയ്തത് 16 ഗവർണർമാർക്കൊപ്പം; രാജ്ഭവനിലെ ജയ പടിയിറങ്ങുന്നു

tvm-jaya-p-nair
SHARE

28 വർഷത്തെ ജോലിക്കു ശേഷം രാജ്ഭവനിൽ നിന്നു പടിയിറങ്ങുമ്പോൾ വീടു വിട്ടുപോകുന്നതു പോലെ  ജയ പി.നായർക്ക് നൊന്തിട്ടുണ്ടാവണം. കാരണം, ജനനം മുതൽ വിരമിക്കൽ വരെ 56 വർഷവും ജയ കഴിഞ്ഞത് രാജ്ഭവൻ എന്ന വലിയ വീടിനുള്ളിലാണ്. കംപ്ട്രോളറായി വിരമിച്ച ജയ 28 വർഷത്തിനിടെ  ജോലി ചെയ്തത് 16 ഗവർണർമാർക്കൊപ്പം. രാജ്ഭവനിൽ പരിപാലിച്ചിരുന്ന 200 ൽ അധികം വരുന്ന തന്റെ ബോൺസായ് ചെടികളുമായി മരുതൻകുഴിയിലെ വീട്ടിൽ താമസം പച്ച പിടിപ്പിച്ചു വരുന്ന ജയ പറയുന്നൂ, സന്തോഷം നിറഞ്ഞ ജോലിയായിരുന്നൂ. 

തളർന്നിരിക്കാൻ നേരമേ കിട്ടിയിട്ടില്ല. രാജ്ഭവനിൽ നിന്ന് ഡപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചയാളായിരുന്നു ജയയുടെ അച്ഛൻ ശങ്കരൻ നായർ. അതുകൊണ്ടു തന്നെ ജനിച്ചതും വളർന്നതുമെല്ലാം രാജ്ഭവന്റെ ഉള്ളിലായിരുന്നു. കുട്ടിക്കാലം മുതലേ പാർട്ടികൾക്കും മറ്റുമായെല്ലാം ഗവർണർമാരെ അടുത്തു കണ്ടിരുന്നതിനാൽ ആരോടും പേടി തോന്നിയിട്ടില്ലെന്ന് ജയ. എംജി കോളജിൽ നിന്ന് എംഎസ്‌സി ബോട്ടണി പൂർത്തിയാക്കി ഭർത്താവ് ശ്രീകാന്തിനും മകനുമൊപ്പം ദുബായിലേക്ക് പോയ ജയ ജീവിതം തുടങ്ങിയത് ബയോളജി ടീച്ചറായാണ്. 3 വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങി. അച്ഛൻ വിരമിച്ചപ്പോൾ രാജ്ഭവനിൽ ജയയ്ക്കു ജോലി ലഭിച്ചു.

വലിയ ഭാഗ്യം,  ഗവർണർ സദാശിവത്തിന് ഒപ്പമുള്ള ദിനങ്ങൾ
കൂടെ ജോലി ചെയ്തവരെക്കുറിച്ചെല്ലാം വിശേഷങ്ങൾ പറയാനുണ്ടെങ്കിലും ജസ്റ്റിസ് പി. സദാശിവത്തിനൊപ്പം ജോലി ചെയ്യാനായതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ജയ. കുട്ടികളോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് പെൺകുട്ടികളെ. അദ്ദേഹത്തിന് ചെറുമക്കളായി പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് എന്റെ പേരക്കുട്ടി സിദ്ധിയോട് വലിയ വാൽസല്യമാണ്. അടുത്ത കുടുംബാംഗത്തെപ്പോലെയാണ് എന്റെ ബന്ധുക്കളോടെല്ലാം. കാർഷിക മേഖലയോട് അദ്ദേഹത്തിനുള്ള താൽപര്യം കൊണ്ടാണ് രാജ്ഭവനിൽ ഇത്രയേറെ ചെടികളും പൂക്കളുമെല്ലാം വന്നത്. ഗ്രീൻ ക്യാംപസ് ആക്കണമെന്ന് സാറിനായിരുന്നു നിർബന്ധം. ജയ പറയുന്നു.

ഗവർണറുടെ ഭാര്യ, അമ്മായിഅമ്മയോ?
ആർ.എസ് ഗവായ്, ഭാര്യ കമൽതായ് എന്നിവരെക്കുറിച്ചുമുണ്ട് ജയയ്ക്ക് മനസ്സു നിറഞ്ഞ ഓർമകൾ. വീട്ടിൽ വരികയും അതിഥികളെ സ്വീകരിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന കമൽതായ് അമ്മായിഅമ്മയാണോയെന്ന് ജയയോട് രഹസ്യമായി ചോദിച്ചവരേറേ. 16 ഗവർണർമാരിൽ ഷീല ദീക്ഷിത് മാത്രമായിരുന്നു ഏക വനിത. തന്നെക്കുറിച്ച് എന്തു വാർത്ത കണ്ടാലും മാധ്യമങ്ങളുടെ ഓഫിസിൽ വിളിച്ചന്വേഷിച്ചിരുന്ന ഷീല ദീക്ഷിത് ആളുകൾ കരുതും പോലെ അത്ര പരുക്കനായിരുന്നില്ലെന്നാണ് ജയയുടെ അനുഭവം. 

വേദനയായ  മുഖങ്ങളും...
സിക്കന്ദർ ബക്ത്, എംഒഎച്ച് ഫറൂക്ക് എന്ന ഗവർണർമാരാണ് ഇക്കാലത്തിനിടെ കേരളത്തിൽ വച്ച് മരിച്ച രണ്ടു പേർ. രണ്ടാളെക്കുറിച്ചും നിറഞ്ഞ ഓർമകളുണ്ട് ജയയ്ക്ക്. ഒപ്പം ഉദയകുമാർ എന്ന സഹപ്രവർത്തകന്റെ മരണവും. സന്തോഷത്തോടെ എല്ലാവർക്കും പ്രിയപ്പെട്ടവനായി ജോലി ചെയ്തിരുന്ന ഉദയകുമാറിന്റെ മരണമാണ് സർവീസ് കാലം സമ്മാനിച്ച ഏറ്റവും വലിയ നോവ്. വോളിബോൾ കളിക്കാരനും അർജുന അവാർഡ് ജേതാവുമായ അദ്ദേഹം പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പഠിച്ചു, പല ഭാഷകൾ,  പല സംസ്കാരങ്ങൾ
28 വർഷത്തിനിടെ ഗവർണർമാരോടും ഭാര്യമാരോടും സംസാരിക്കാൻ ജയ ഒട്ടേറേ ഭാഷകൾ പഠിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകൾ.  15 വർഷമായി കേരള ബോൺസായ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് ജയ. പുതിയ വീട്ടിൽ 3 നിലകളിലും ബോൺസായ്കളെ ഒരുക്കിവയ്ക്കുന്ന തിരക്കിലാണ്. 25 വർഷമായി വളർത്തിയെടുക്കുന്നവ വരെയുണ്ട് അക്കൂട്ടത്തിൽ. വിരമിച്ചെങ്കിലും വെറുതേയിരിക്കാനേ നേരമില്ല. ഉള്ളിലെ ബോട്ടണിക്കാരിക്ക് ചെടികളെ കണ്ടുതീർക്കാൻ 24 മണിക്കൂർ തികയുമോയെന്ന സംശയമേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA