ADVERTISEMENT

1935 ഫ്ലോറിഡയിലെ ഗെയ്നസ് വില്ല അഞ്ചുവയസ്സുകാരൻ ചാൾസും കൂട്ടുകാരും പന്തുകളിക്കുകയാണ്. അനുജൻ ജോർജ് അവർക്കിടയിലൂടെ ഓടി നടക്കുന്നുണ്ട്. 3 വയസ്സാണു ജോർജിനു പ്രായം. ചാൾസിന്റെ കണ്ണൊന്നു തെറ്റിയപ്പോൾ അനുജനെ കാണാതായി.

മുറ്റത്തെ ആഴമേറിയ കുഴിയിൽ വീണു കിടക്കുന്ന ജോർജിനെ കൂട്ടുകാരിൽ ഒരാളാണു കണ്ടെത്തിയത്. കുഴിയിലെ വെള്ളത്തിൽ ശിരസ്സു പൂർണമായും മുങ്ങിക്കിടക്കുകയാണ്. അപകടം കണ്ടു ഭയന്നു കൂട്ടുകാർ ഓടി. അനിയനെ രക്ഷിക്കാൻ ചാൾസ് ആകുന്നതും പരിശ്രമിച്ചു. പക്ഷേ, ആ കുരുന്നിനെന്തു ചെയ്യാനാകും. കൺമുന്നിൽ അനുജൻ ശ്വാസം മുട്ടി മരിച്ചു. കൂട്ടുകാർ മാതാപിതാക്കളുമായി തിരിച്ചെത്തിയപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു. 

അനുജന്റെ മരണം നേരിൽ കണ്ടതിന്റെ ആഘാതത്തിലായിരുന്നു ചാൾസിന്റെ പിന്നീടുള്ള ജീവിതം. വർഷം ഒന്നു കടന്നു പോയി. ചാൾസിന്റെ കണ്ണുകളിൽ അന്ധത ബാധിച്ചു. തുടങ്ങി. 7 വയസ്സായപ്പോഴേക്കും പൂർണമായും അന്ധനായി. ചാൾസിനു 15 വയസ്സുള്ളപ്പോൾ അവന്റെ അമ്മയും മരിച്ചു. ചെറുപ്പത്തിൽ വേദനയുടെ കയ്പ്പുനീർ ഏറെ കുടിച്ച ആ കൊച്ചു ചാൾസാണ് പിന്നീടു ലോകത്തിനു മുഴുവൻ സംഗീതത്തിന്റെ മധുരം വിളമ്പിയ റേ ചാൾസ് റോബിൻസൺ ആയത്. 

1930 സെപ്റ്റംബർ 23 നു ജോർജിയയിലെ ആൽബാനിയിലായിരുന്നു ചാൾസിന്റെ ജനനം. പിതാവ് ബെയ്‍ലി റോബിൻസൻ ഒരു മെക്കാനിക്കായിരുന്നു. അമ്മയ്ക്ക് ഒരു മില്ലിൽ ജോലിയും. പിതാവ് ഉപേക്ഷിച്ചതോടെ അമ്മ മക്കളെയും കൂട്ടി ഫ്ളോറിഡയിലേക്കു താമസം മാറി. വളരെ ചെറുപ്പം മുതൽ ചാൾസിൽ സംഗീതത്തിന്റെ കിരണങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ വയസു മുതൽ തൊട്ടടുത്തുള്ള കഫേയിൽ ചാൾസ് ദിവസവും പോകുമായിരുന്നു. കഫേയിലെ പിയാനോ വായന കേൾക്കാനായിരുന്നു ആ സഞ്ചാരം. അവിടുത്തെ സംഗീതത്തിനൊപ്പം ചാൾസിന്റെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു. പക്ഷേ, ആ ജീവിതത്തിനിടയിലാണ് അനുജന്റെ മരണവും അന്ധതയും വിളിക്കാത്ത അതിഥികളെപ്പോലെ അദ്ദേഹത്തിന്റെ ജീവിതത്തിൽ എത്തിയത്. 

ബധിരരും അന്ധരുമായ കുട്ടികൾക്കുള്ള ബോർഡിങ് സ്കൂളിലായിരുന്നു ചാൾസിന്റെ പഠനം. പല വാദ്യോപകരണങ്ങളും വായിക്കാൻ ഈ കാലയളവിലാണു ചാൾസിനു ഭാഗ്യമുണ്ടായത്. ആ കാലത്താണ് അമ്മയുടെ മരണം. ജീവിതത്തിലെ വേദനകളെ മറക്കാൻ ചാൾസ് കണ്ടെത്തിയ മരുന്നായിരുന്നു സംഗീതം. 

1940 അവസാനത്തിൽ അദ്ദേഹം ലോസ് ആഞ്ചൽസിൽ താമസമാക്കി. അവിടെ വച്ചാണ് ആൽബങ്ങൾ പുറത്തിറക്കിത്തുടങ്ങുന്നത്. 1950കൾ ആയപ്പോഴേക്കും റേ ലോക പ്രശസ്തനായി. തന്റെ അമ്മയും ഉള്ളിലെ സംഗീതവുമാണു ചെറുപ്പത്തിലെ അന്ധനായി മാറിയ തന്നെ രക്ഷിച്ചതെന്നു റേ പിൽക്കാലത്തു പറഞ്ഞു. അമേരിക്കൻ കലാരംഗത്തു പോലും കടുത്ത വംശീയത നിലനിൽക്കുന്ന കാലമായിരുന്നു അത്. പക്ഷേ, റേ ചാൾസിനെ ആരാധിക്കാതിരിക്കാൻ സംഗീത പ്രേമികൾക്കു കഴിയില്ലായിരുന്നു. അത്ര മേൽ മാന്ത്രികമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. 

1950 ൽ ‘ജോർജിയ ഓൺ മൈ മൈൻഡ്’ എന്ന പേരിൽ അദ്ദേഹം രചിച്ച ഗാനം ജോർജിയയുടെ ഔദ്യോഗിക ഗാനമായി സർക്കാർ അംഗീകരിച്ചു. 1970 കളിൽ പ്രതിഭാധനനായ സംഗീതജ്ഞൻ എന്ന നിലയിൽ മാത്രമല്ല, മയക്കുമരുന്ന് ഉപയോക്താവ് എന്ന നിലയിൽ കുപ്രസിദ്ധിയും നേടി. 55 സ്റ്റുഡിയോ ആൽബവും 7 ലൈവ് ആൽബവും 127 സിംഗിൾസും ചാൾസ് റോബിൻസന്റെ പേരിലുണ്ട്. 12 ഗ്രാമി അവാർ ഡുകൾക്ക് അർഹനായി. അമേരിക്കൻ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കാൻ ക്ഷണം കിട്ടിയ ചുരുക്കം ചില കലാകാരന്മാരിൽ  ഒരാളാണു റേ ചാൾസ് റോബിൻസൺ. ‘ജീനിയസ് ലവ്സ് കമ്പനി’ എന്ന ആൽബം 2004 ജൂൺ 10 നു റിലീസ് ചെയ്യുന്നതിനു തീരുമാനിച്ചെങ്കിലും രണ്ടു മാസം മുൻപ് ആ പ്രതിഭ മരിച്ചു. 2005 ലും 2006 ലും മരണാനന്തരമുള്ള രണ്ട് ആൽബങ്ങൾ കൂടി പുറത്തിറങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com