ADVERTISEMENT

കണ്ണൂര്‍ എസ്പി എന്ന പദവി എപ്പോഴും മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നോട്ടപ്പുള്ളിയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏറെയുള്ള ജില്ലയില്‍ അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരില്‍ സ്ഥാനമേറ്റെടുത്ത അതേ സ്പീഡില്‍ തിരിച്ചു പോകുന്നവരാണ് അധികവും. പക്ഷേ ശിവവിക്രം എന്ന എസ്പി അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നു. മനോജ് എബ്രഹാം ഐപിഎസിനു ശേഷം ഏറ്റവുമധികം കാലം കണ്ണൂര്‍ എസ്പിയായി സേവനമനുഷ്ഠിച്ച ശിവവിക്രം കേസുകളില്‍ കൈക്കൊണ്ട കാര്‍ക്കശ്യം കൊണ്ടു മാത്രമല്ല ജനകീയത കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്. ഉത്തരവുകളേക്കാളും വിരട്ടലുകളേക്കാളും കണ്ണൂരില്‍ നടപ്പിലാക്കേണ്ടത് സൗമ്യവും അതേസമയം കര്‍ശനവുമായ നിലപാടുകളാണ്  എന്നാണ് ശിവ വിക്രം നമ്മോട് പറഞ്ഞത്. രണ്ടര വര്‍ഷത്തെ കണ്ണൂര്‍ ജീവിതത്തിനു ശേഷം പാലക്കാട് എസ്പിയായ അദ്ദേഹം കണ്ണൂരിലെ സര്‍വീസ് ജീവിതത്തെ കുറിച്ചും സിവില്‍ സര്‍വീസ് പഠനത്തെ കുറിച്ചും സംസാരിക്കുന്നു.

എന്തുകൊണ്ട് സിവില്‍ സര്‍വീസ്
അങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ വലിയ കഥകള്‍ ഒന്നും പറയാനില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപരീക്ഷയാണു സിവില്‍ സര്‍വീസ്. സര്‍ക്കാര്‍ തലത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജോലി. അതില്‍ തന്നെ എനിക്ക് യൂണിഫോം സര്‍വീസിനോടായിരുന്നു ഇഷ്ടം. അങ്ങനെ നോക്കുമ്പോള്‍ ഐപിഎസ് ആയിരുന്നു ആദ്യമേ മനസ്സില്‍. മറ്റൊന്ന് അമ്മയുടെ സഹോദരന്‍ സിവില്‍ സര്‍വീസിലായിരുന്നു. തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഓഫിസര്‍. ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തെ കണ്ടു വളര്‍ന്നതു കൊണ്ടാകണം അങ്ങനെയൊരു ഇഷ്ടം വന്നതെന്നു തോന്നുന്നു. 

Shiv_Vikram

തമിഴില്‍ നിന്നു മലയാളത്തിലേക്ക്
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ആണു സ്വന്തം നാട്. അച്ഛനും അമ്മയും കുടുംബവും അവിടെയാണ്. പക്ഷേ ഇന്നിപ്പോള്‍ ഞാന്‍ പാതിമലയാളിയാണെന്നു പറയാം. മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഏഴു വര്‍ഷമായി കേരളത്തില്‍ വന്നിട്ട്. കേഡര്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ഓപ്ഷന്‍ തമിഴ്‌നാട് തന്നെയായിരുന്നു. പക്ഷേ അവിടെ അന്ന് ആകെ മൂന്ന് ഒഴിവുകളേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നാലാമത്തെ ആള്‍ ആയിരുന്നു. ഇനി തമിഴ്‌നാട്ടിലേക്കു തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസില്‍ എവിടെ ജോലി ചെയ്യേണ്ടി വന്നാലും അതു സ്വന്തം നാടു പോലെ കരുതണം എന്നാണ്. കേരളത്തില്‍ അത്തരത്തിലൊരു അന്തരീക്ഷവുമുണ്ട്. അന്യ നാട്ടില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ എന്ന പരിഗണനയും കരുതലും നന്നായുണ്ട്. നമ്മള്‍ ചെയ്യുന്ന ജോലി മികവുറ്റതാണെങ്കില്‍ അത് ഇരട്ടിയാകും. നല്ല സഹകരണ മനോഭാവമുള്ളവരാണ് ഇവിടെയുള്ളവര്‍. ഒരു കാര്യം നിയമവിരുദ്ധമാണെന്നു പറഞ്ഞാല്‍ അത് മനസ്സിലാക്കാനും സമചിത്തതയോടെ ഇടപെടാനും ഇവിടുത്തുകാര്‍ക്ക് അറിയാം. അത് വലിയ കാര്യമാണ്. 

സിവില്‍ സര്‍വീസിലേക്ക് എപ്പോള്‍ തുടങ്ങണം
ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...മകള്‍ ഏഴാം ക്ലാസിലാണു പഠിക്കുന്നത്. അതിനോടൊപ്പം സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും പോകുന്നുണ്ട്...എന്നൊക്കെ. എന്റെ അഭിപ്രായത്തില്‍ അങ്ങനെ തുടങ്ങേണ്ട ഒന്നല്ല സിവില്‍ സര്‍വീസ് പരിശീലനം എന്നാണ്. ഒന്നാമതെ സ്‌കൂള്‍-കോളജ് കാലം എന്നു പറയുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ്. കളിയും പഠനവും ചങ്ങാത്തവും ആഘോഷവുമൊക്കെയായി അവര്‍ ആ കാലം അനുഭവിക്കട്ടെ. ആ ലോകത്തിലേക്കു നമ്മുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഒരുപക്ഷേ അവര്‍ നമ്മളെ അനുസരിച്ചേക്കാം. പക്ഷേ കാലം ചെല്ലുമ്പോഴായിരിക്കും ഇതല്ല തന്റെ വഴി എന്ന് തിരിച്ചറിയുന്നത്. അതു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സങ്കടവും ആശയക്കുഴപ്പവും മാത്രമാകും നല്‍കുക. ഞാന്‍ എന്റെ പഠനകാലം നന്നായി ആസ്വദിച്ച വ്യക്തിയാണ്. സത്യം പറഞ്ഞാല്‍ ഹൈസ്‌കൂള്‍ കാലത്തു പല വിഷയങ്ങള്‍ക്കും തോറ്റിട്ടു പോലുമുണ്ട്. പിന്നെ പത്താം ക്ലാസ് എത്തിയപ്പോഴാണ് നന്നായി പഠിച്ചു പരീക്ഷയൊക്കെ എഴുതിയത്. പരീക്ഷയോട് അനുബന്ധിച്ച് മാത്രം സീരിയസായി പഠിച്ചാണു സ്‌കൂളും കോളജുമൊക്കെ കടന്നുപോയത്. കോളജ് ഒക്കെ എത്തുമ്പോള്‍ നമുക്കു തന്നെ അറിയാനാകുമല്ലോ എന്താണു നമ്മുടെ വഴി എന്ന്. സിവില്‍ സര്‍വീസ് ആണ് ലക്ഷ്യമെങ്കില്‍ ആ നാളുകളില്‍ പത്രവായന ശീലമാക്കുക, സമാന ചിന്താഗതിക്കാരുമായി ആരോഗ്യപരമായ ചര്‍ച്ചകള്‍ പതിവാക്കുക, ചുറ്റുപാടുകളെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. കോച്ചിങ് അപ്പോള്‍ പോലും തുടങ്ങേണ്ടതില്ല. കോളജ് ഒക്കെ എന്‍ജോയ് ചെയ്ത് പതിയെ പഠിച്ചു തുടങ്ങുക. 

അടുത്തിടെ സര്‍വീസില്‍ എന്റെ സീനിയര്‍ ആയ, വളരെ പ്രശസ്തനായ ഒരു വ്യക്തി ജോലി രാജിവച്ച് പോയിരുന്നു. അണ്ണാമലൈ ഐപിഎസ്. സര്‍വീസില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിനു ബോധ്യപ്പെട്ടിരിക്കുക ഇതു മാത്രമല്ല, ഇതിനപ്പുറമുള്ള ഇടങ്ങളിലേക്ക് കൂടി കടന്നു ചെല്ലണം, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം എന്നൊക്കെ. അതിനു സര്‍വീസിലെ ചട്ടക്കൂടുകള്‍ തടസ്സമാകും എന്നു ബോധ്യപ്പെട്ടപ്പോള്‍ ധൈര്യപൂര്‍വ്വം അദ്ദേഹം ആ ജീവിതത്തില്‍ നിന്നു പടിയിറങ്ങി. അതു മനസ്സു പറയുന്നതു കേട്ടു പ്രവര്‍ത്തിച്ചതുകൊണ്ടാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമങ്ങളും ഘടനയും നല്ല ബോധ്യമുള്ള, അതേസമയം രാഷ്ട്രീയത്തിന്റെ മൂല്യം എന്താണെന്ന് ബോധ്യപ്പെട്ട് അവരെ പോലുള്ളവര്‍ രാഷ്ട്രീയത്തിലേക്കു കടക്കുന്നത് പോസിറ്റിവ് ആയ കാര്യമായിട്ടാണ് തോന്നുന്നത്. എവിടെയാണ് എന്താണ് തനിക്കു പറ്റിയ ഇടം എന്നു തിരിച്ചറിയാന്‍ അദ്ദേഹത്തിനു തന്നെ ഇത്രയും നാള്‍ വേണ്ടിവന്നു. അപ്പോള്‍ പിന്നെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അവര്‍ പഠിക്കട്ടെ. സിവില്‍ സര്‍വീസ് ആണ് ലക്ഷ്യമെങ്കില്‍ അന്നേരം മാനസ്സിക പിന്തുണ കൊടുക്കുക. അതാണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അനുമാനം.

Shiv_Vikram_with-_Mohanlal

കണ്ണൂര്‍ ജീവിതം
രണ്ടര വര്‍ഷമാണ് കണ്ണൂരില്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏറെ നടക്കുന്ന, എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന കണ്ണൂര്‍ പൊലീസില്‍ എസ്പിയായി അത്രയധികം നാള്‍ ഇരുന്നവര്‍ വിരളമാണ്. എനിക്കു മുന്‍പ് മനോജ് എബ്രഹാം സര്‍ ആയിരുന്നു ദീര്‍ഘകാലം കണ്ണൂര്‍ എസ്പിയായിരുന്നത്. കണ്ണൂര്‍ എസ്പി പോലീസില്‍ മാത്രമല്ല  മാധ്യമങ്ങള്‍ക്കിടയിലും നോട്ടപ്പുള്ളിയാണെന്ന് അറിയാം. 

എപ്പോഴും ടെന്‍ഷനുള്ള കാര്യം തന്നെയാണ് കണ്ണൂര്‍ എസ്പിയായി ഇരിക്കുക എന്നത്. പക്ഷേ എന്നെ സംബന്ധിച്ച് ഇതു തീര്‍ത്തും വ്യത്യസ്തമായ ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഇത്തരം ചലഞ്ചിങ് ആയ ഇടങ്ങളിലെ ജോലി സര്‍വ്വീസില്‍ ഗുണകരമാകുകയേയുള്ളൂ, വ്യക്തിപരമായും അങ്ങനെ തന്നെ. മാധ്യമങ്ങളില്‍ വരുന്ന പോലെയുള്ളത്ര രാഷ്ട്രീയ സമ്മര്‍ദ്ദം ഒരിക്കലും കണ്ണൂര്‍ എസ്പി എന്ന നിലയില്‍ നേരിട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം ഉള്ള ജില്ലയാണ് കണ്ണൂര്‍. എപ്പോഴും അദ്ദേഹത്തില്‍ നിന്നു നല്ല പിന്തുണയാണ് ലഭിച്ചത്. ഓരോ വിഷയങ്ങളിലും എടുത്ത നിലപാട് നല്ലതാണെങ്കില്‍ അങ്ങനെ ചെയ്തതു നന്നായി എന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ഭരണപക്ഷം മാത്രമല്ല, ജില്ലയിലെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും അങ്ങനെ തന്നെയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ എപ്പോഴും എല്ലായിടത്തും ഉണ്ടാകും. പക്ഷേ പൊലീസിന്റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഷുഹൈബ് കേസ് നടക്കുന്ന സമയത്ത് ഞാന്‍ പ്രതിഷേധ സൂചകമായി അവധിയില്‍ പോയി എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അതെല്ലാം തെറ്റായിരുന്നു. ഞാന്‍ എന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാലായിരുന്നു വാര്‍ത്തകള്‍. കണ്ണൂരില്‍ എന്നല്ല ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ച ഒരിടത്തും അത്ര ഭീകരമായിരുന്നില്ല പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം. 

എല്ലാത്തിനുമുപരിയായി കണ്ണൂര്‍ പൊലീസില്‍ സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സമീപനമാണ്. ഒരു ജില്ലയുടെ എസ്പിയുടെ ഏറ്റവും വലിയ ബലം സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ജില്ലയുടെ പ്രവര്‍ത്തനം നല്ലതാകുന്നുവെങ്കില്‍ അത് അവരുടെ കൂടി വിജയമാണ്. ഇവിടെ അങ്ങനെയുള്ള സഹപ്രവര്‍ത്തകരാണുള്ളത്. പൊലീസിനെ ജനകീയമാക്കുവാനും കുറ്റാന്വേഷണ രംഗത്തും ഒരുപോലെ മികവുള്ളവരും, എന്നെക്കാള്‍ എത്രയോ വര്‍ഷം പരിചയസമ്പന്നരായവര്‍ ആയിരുന്നു അവരെല്ലാം. അതെല്ലാം സര്‍വീസില്‍ ഉപകാരപ്പെട്ടു. കണ്ണൂരിലെ ജനങ്ങളാണെങ്കില്‍ മറ്റെല്ലായിടത്തും ഉള്ളതിനേക്കാള്‍ സഹകരണ മനോഭാവമുള്ളവരാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ജില്ലയുടെ ക്രമസമാധാന രംഗത്തിന് കോട്ടം വരുത്തുമ്പോഴും പൊലീസിന് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനാകുന്നത് അതുകൊണ്ടാണ്. ജില്ലയെ കുറിച്ചുള്ള അത്തരമൊരു ധാരണമാറ്റിയെടുക്കേണ്ടതും സമാധാനം കൊണ്ടുവരേണ്ടതും പൊലീസിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നവര്‍ക്ക് അറിയാം. 

ആ അവസ്ഥയില്‍ നിന്ന് കരകയറാനുള്ള പൊലീസിന്റെ പ്രവര്‍ത്തനത്തിന് ഉത്തരവാദിത്തത്തോടെ അവര്‍ ഒപ്പം നില്‍ക്കും. പൊലീസിനേയും ജനങ്ങളേയും കൂടുതല്‍ അടുപ്പിച്ചുകൊണ്ട് ക്രമസമാധാന പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആയാസകരമായി നടത്താനായത് അതുകൊണ്ടാണ്. കുറേ പരിപാടികള്‍ അങ്ങനെ നടപ്പിലാക്കാന്‍ ആയിട്ടുണ്ട്. അതെല്ലാം എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി തന്ന കാര്യങ്ങളായിരുന്നു.  

പുറത്തു കേള്‍ക്കുന്ന പോലെ തലവേദന നിറഞ്ഞ ജില്ലയല്ല കണ്ണൂര്‍. അതേസമയം കേസ് അന്വേഷണം, ക്രമസമാധാന പ്രശ്‌നം, കമ്യൂണിറ്റി പൊലീസിങ് എന്നിവയെ സംബന്ധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് മറ്റേതു ജില്ലയില്‍ നിന്നും കിട്ടാത്ത അനുഭവം ഇവിടെ നിന്നു ലഭിക്കും. എന്തു നൂതന ആശയവും അവതരിപ്പിക്കാന്‍ കണ്ണൂര്‍ പോലെ ആത്മവിശ്വാസം നല്‍കുന്ന ജില്ല വേറെയുണ്ടോയെന്നു സംശയമാണ്.

Shiv_Vikram_03

സ്‌പോര്‍ട്‌സും ഞാനും
കണ്ണൂരില്‍ ഒട്ടനവധി കായിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിനു കാരണം കണ്ണൂരിന്റെ സ്‌പോര്‍ട്‌സ് പ്രേമം തന്നെയാണ്. അതില്‍ പലതിലും ഞാനും നേരിട്ട് പങ്കാളിയായി. പലവട്ടം കളത്തിലിറങ്ങിയിട്ടുണ്ട്. കളിക്കുമ്പോള്‍ മനസ്സ് കുറേ കൂടി ഫ്രീ ആകും. എതിര്‍പക്ഷത്തുള്ളവരെ മനസ്സിലാക്കാനും നമുക്കു നമ്മുടെ ന്യൂനതകള്‍ തിരിച്ചറിയാനും സാധിക്കും. ആ തിരിച്ചറിവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും സര്‍വീസ് ജീവിതത്തിലെ പല പ്രതിസന്ധികളേയും സമചിത്തതയോടെ സൂക്ഷ്മതയോടെ നേരിടാന്‍ സഹായകരമായിട്ടുണ്ട്. എത്ര തര്‍ക്കങ്ങള്‍ നടന്നാലും അവസാനം സന്തോഷത്തോടെ പരസ്പരം ബഹുമാനിച്ചു കൈകൊടുത്ത് പിരിയാനുള്ള മനസ്സും തെറ്റ് എന്താണ് പ്രായോഗികമായതെന്താണ് എന്ന് മനസ്സിലാക്കി തരാനുള്ള കഴിവ് കളിക്കളങ്ങള്‍ക്കുണ്ട്. ആ ഒരു മനോനിലയാണ് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഏറെ നടക്കുന്ന കണ്ണൂരില്‍ കൂടുതല്‍ പ്രാവര്‍ത്തികമാകുക എന്നു തോന്നി. അത് തെറ്റായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. കണ്ണൂര്‍ പോലെ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന, വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാകുന്നിടത്തു പൊലീസും ജനങ്ങള്‍ക്കും ഇടയിലുള്ള അകലം കുറയ്ക്കാന്‍ കളിക്കളങ്ങള്‍ക്കു സാധിക്കും. അത് ഞാന്‍ അനുഭവിച്ച കാര്യമാണ്. ഓര്‍ഡറുകളേക്കാള്‍ അവരെ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് ഒരു പരിധിവരെ ഇത്തരം സ്ഥലങ്ങളില്‍ വിജയിക്കുക എന്നുതോന്നി. 

അതുപോലെ ലീഡര്‍ഷിപ്പ് ക്വാളിറ്റി ഒരു ഓഫിസറെ സംബന്ധിച്ച് അത്യാവശ്യമാണ്. സഹപ്രവര്‍ത്തകരേയും ജനങ്ങളേയും കേള്‍ക്കാനുള്ള ക്ഷമയും അതില്‍ നിന്നു വേണ്ടത് സ്വീകരിക്കാനുള്ള യുക്തിയും അതുപോലെ പ്രധാനപ്പെട്ടതാണ്. ഇതും രണ്ടും ഉണ്ടെങ്കിലേ ഒരു പൊലീസ് സംഘത്തെ കാര്യക്ഷമമായി നയിക്കാനാകൂ. ഇവ രണ്ടും അത്യാവശ്യത്തിനെങ്കിലും ഉണ്ട് എന്നൊരു ആത്മവിശ്വാസം എനിക്കു തന്നതില്‍ സ്‌പോര്‍ട്‌സിനു വലിയ പങ്കുണ്ട്. സ്‌കൂള്‍ കാലം തൊട്ടേ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ദേശീയ തലത്തില്‍ മത്സരിച്ചിട്ടുണ്ട്. അതുപോലെ ഐപിഎസ് ട്രിയിനിയായിരിക്കേ അവിടെയുള്ള ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ അംഗമായിരുന്നു. ദേശീയ തലത്തില്‍ മത്സരിച്ച് സമ്മാനം നേടിയിട്ടുണ്ട്. 

സിവില്‍ സർവീസ് പഠനം
ചെന്നൈ ലയോള കോളജിലായിരുന്നു ഡിഗ്രി. അതുകഴിഞ്ഞ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. കുറച്ചു കാലം ഡല്‍ഹി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അതുംകഴിഞ്ഞാണ് വളരെ ഗൗരവത്തോടെ സിവില്‍ സര്‍വീസിനെ സമീപിച്ചത്. ആദ്യം തോന്നുന്ന ആ സീരിയസ് മനോഭാവം അങ്ങനെ തന്നെ നിലനിര്‍ത്തുക എന്നതാണ് വിജയത്തിന്റെ ആദ്യ പടി. ഒരു വര്‍ഷം നീളുന്ന പരീക്ഷയാണ് സിവില്‍ സർവീസ്. ആ ഒരു വര്‍ഷത്തിനിടയില്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകാം. നമ്മള്‍ തന്നെ ചിന്തിച്ചു കൂട്ടുന്നതും ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങള്‍ ചാര്‍ത്തി തരുന്നതുമായ സംഘര്‍ഷങ്ങള്‍. അതിനെ അതിജീവിക്കുകയെന്നതിന് ഒറ്റവഴി നമ്മള്‍ നമ്മളെ തന്നെ ബോധ്യപ്പെടുത്തി ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ്. ഇടയ്ക്കിടെ സ്വയം സംസാരിക്കുന്നത് വളരെ നല്ലതാണ്. നമുക്ക് നമ്മളെ അപഗ്രഥിക്കാനും തിരുത്താനും അന്നേരം തോന്നും. ഇവ രണ്ടും സര്‍വീസിലുടനീളം നമുക്ക് ആവശ്യവുമാണ്.

പരീക്ഷ ജയിക്കുക എന്നതിലുപരി ഇനിയുള്ള കാലത്തും ഒരു ബലമാകും എന്നുറപ്പുള്ള ചങ്ങാതിമാരെ കണ്ടെത്തുക എന്നതു പ്രാധാന്യമേറിയ ഒന്നുതന്നെയാണ്. പഠനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും പഠനത്തിനിടയിലെ സമ്മർദ്ദങ്ങളെ കീഴ്‌പ്പെടുത്താനും അതിലും നല്ലൊരു മരുന്നില്ല. ചെറിയ യാത്രകള്‍ പോകുക, സിനിമ കാണുക, കളിക്കുക ഇതൊക്കെ പഠനത്തെ രസകരമാക്കും. അതുപോലെ എപ്പോഴും പഠിക്കേണ്ട കാര്യമില്ല. പക്ഷേ പഠിക്കാനിരിക്കുമ്പോള്‍ ജീവിതത്തില്‍ മുന്‍പൊരിക്കലും കൊടുത്തിട്ടില്ലാത്ത ഗൗരവം അതിനു നല്‍കുക. ഒട്ടുമേ മുറിഞ്ഞുപോകാത്ത അഥവാ അങ്ങനെ സംഭവിച്ചാലും അധികം വൈകാതെ തിരിച്ചെത്തുന്ന ഒരു ആവേശമാണ് സിവില്‍ സര്‍വീസ് പഠനത്തില്‍ വേണ്ടത്. 

ആവശ്യത്തലധികം മെറ്റീരിയലുകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ നിന്നു നമുക്കെന്താണ് വേണ്ടത് എന്നു കണ്ടെത്തുക. ഒരേ വിഷയത്തിന് ഒന്നോ രണ്ടോ മെറ്റീരയലുകളെ മാത്രം ആശ്രയിക്കുന്നതാണ് നല്ലത്. അതുപോലെ മെയിന്‍ സബ്ജക്ട് ഏതാണെന്ന് തീരുമാനിച്ചാല്‍ അതു പിന്നെ മാറ്റാന്‍ ഇടവരരുത്. പരീക്ഷ ജയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതില്‍ എളുപ്പമുള്ള വിഷയം പ്രയാസമേറിയ വിഷയം എന്നതിനേക്കാള്‍ നമുക്ക് ഏതാണ് മനസ്സിന് ഇണങ്ങിയത് അതു തിരഞ്ഞെടുക്കുക. ആ തീരുമാനം അധ്യാപികരുമായി ആലോചിച്ചും സ്വയം ചിന്തിച്ചും ആദ്യമേ ഉറപ്പിക്കുക.

ഇപ്പോള്‍ ഒരുപാട് പേര്‍ കോച്ചിങിന് പോകാതെ സിവില്‍ സര്‍വീസ് ജയിക്കുന്നുണ്ട്. അതു നല്ല കാര്യമാണ്. കോച്ചിങ് വേണമെന്നോ വേണ്ടെന്നോ ഞാന്‍ പറയില്ല. പക്ഷേ എന്റെ അനുഭവത്തില്‍ കടലു പോലെ പാഠ്യപുസ്തകങ്ങളും മാഗസിനുകളും അഭ്യൂഹങ്ങളും നിറഞ്ഞു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പഠനത്തിനു കൃത്യമായ വഴികാട്ടിയാകാന്‍ കോച്ചിങ് ഉപകാരപ്പെടും. പക്ഷേ കോച്ചിങ് വേണ്ട എന്ന ആത്മവിശ്വാസം മനസ്സിലുണ്ടെങ്കില്‍ അങ്ങനെ മുന്നോട്ട് പോകുന്നതില്‍ ഒരു തെറ്റുമില്ല.

എല്ലാവരും പറയുന്നത് അഭിമുഖമാണ് ഏറ്റവും പ്രയാസമേറിയത് എന്നാണ്. പക്ഷേ എന്റെ അനുഭവത്തില്‍ അങ്ങനെയല്ല. നമ്മള്‍ സത്യസന്ധമായി മാത്രം ഉത്തരംപറയുക എന്നതാണ് പ്രധാനം. അഭിമുഖത്തിനു പോകുന്നതിനു മുന്‍പു നിരവധി കഥകള്‍ ഞാനും കേട്ടിരുന്നു. അല്‍പം കൂട്ടി ഉത്തരം പറയുന്നതില്‍ തെറ്റില്ലെന്നും പലരും പറഞ്ഞിരുന്നു. പക്ഷേ എന്റെ മനസ്സില്‍ വന്നത്, നമ്മളേക്കാള്‍ എത്രയോ അറിവുള്ളവരാണു മുന്‍പിലിരിക്കുന്നത് കള്ളംപറഞ്ഞാല്‍ അവര്‍ കണ്ടുപിടിക്കും എന്നായിരുന്നു. എന്റെ നാടായ തിരുപ്പൂരില്‍ വളരെ മലിനമായ ഒരു നദിയുണ്ട്. ആ നദിയെ പറ്റിയും അതു വീണ്ടെടുക്കാനുള്ള ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ പങ്കാളിയായോ എന്നും എന്നോടു ചോദിച്ചു. നദി എനിക്കറിയാം പക്ഷേ ഒരു പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കാളിയായിരുന്നില്ല. അങ്ങനെ തന്നെ പറഞ്ഞു. ആ നദിക്കു വേണ്ടി എന്തു ചെയ്യാനാകും എന്നായിരുന്നു അടുത്ത ചോദ്യം അതിന് ഉത്തരം പറഞ്ഞു. ഇന്റര്‍വ്യൂവിന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മാര്‍ക്ക് എനിക്ക് സ്‌കോര്‍ ചെയ്യാനായി. 

Shiv_Vikram_01

ഞാന്‍ അഭിമുഖം നേരിട്ട ബോര്‍ഡ് വളരെ സൗഹാര്‍ദപരമായിരുന്നു.

കുടുംബവും ജോലിയും
സിവില്‍ സര്‍വീസിനു പഠിക്കുന്ന സമയത്തായാലും ജോലിയില്‍ കയറിയ ശേഷമായാലും കുടുംബത്തില്‍ നിന്നു പിന്തുണ അത്യാവശ്യമാണ്. അതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്റെ അച്ഛനും അമ്മയും കര്‍ഷകരാണ്. രണ്ടാള്‍ക്കും സിവില്‍ സര്‍വീസ് പഠനത്തെ കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. കോച്ചിങിന്റെ കാര്യത്തിലും പഠിക്കുന്നതിനെ സംബന്ധിച്ചും കൂട്ടുകാരുമൊത്തും അധ്യാപകരുമൊത്തും ആലോചിച്ചായിരുന്നു ഞാന്‍ മുന്നോട്ടു പോയത്. അച്ഛനും അമ്മയും അതിനു പിന്തുണ തന്നു. നെഗറ്റീവ് ആയി എന്നെ ബാധിക്കുന്ന ഒന്നും തന്നെ അവര്‍ ആ സമയത്തൊന്നും പറഞ്ഞിരുന്നില്ല. വിവാഹം കഴിച്ച ശേഷം ഭാര്യ കീര്‍ത്തനയും അങ്ങനെ തന്നെ. ജോലിയിലെ തിരക്കുകളും ടെന്‍ഷനും വീട്ടിലെത്തുമ്പോള്‍ മനസ്സില്‍ നിന്നു പോകുന്നത് അങ്ങനെയൊരു പങ്കാളിയെ കിട്ടിയതു കൊണ്ടാണ്. കീര്‍ത്തന ആര്‍ക്കിടെക്ട് ആണ്. രണ്ടു മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ മൂന്നു വയസുകാരി ആദ്യ, രണ്ടാമത്തെ മകള്‍ക്ക് നാലു മാസമേ ആയിട്ടേയുള്ളൂ, നിലവ്യ. രണ്ടാമത്തെ മകളെ ആദ്യ മൂന്നു മാസക്കാലവും എനിക്ക് കാണാനേ കഴിഞ്ഞിരുന്നില്ല. ഇവിടെ ലോക്‌സഭ ഇലക്ഷന്‍ നടക്കുകയായിരുന്നു. ലീവ് ചോദിക്കാനും എടുക്കാനും കഴിയാത്ത അവസ്ഥ. അത്തരം സന്ദര്‍ഭങ്ങളൊക്കെ ഏതൊരു ഓഫിസറുടെയും ജീവിതത്തിലുണ്ടാകും. വല്യ വിഷമമായിരിക്കും അന്നേരം. പക്ഷേ അതൈല്ലാം മനസ്സിലാക്കുന്ന കുടുംബമാണെങ്കില്‍ ആ വിഷമത്തെ നമുക്ക് കൈകാര്യം ചെയ്യാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com