sections
MORE

22 പേരുടെ ജീവനും കയ്യിൽ പിടിച്ചവൾ നീന്തി; ഇന്നവൾ ഒളിംപിക്സ് താരം, യുഎൻ ഗുഡ്‍വിൽ അംബാസിഡർ

Yusra_mardini
SHARE

സിറിയയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. കയ്യിൽ കിട്ടിയ സാധനങ്ങളുമെടുത്ത് അഭയാർഥികൾ ജർമനിയിലേക്കു പലായനം തുടങ്ങി. ഒരു സംഘം ആളുകൾ കടല്‍ മാര്‍ഗം ബോട്ടില്‍ രക്ഷാതീരം തേടി പോവുകയാണ്. 7 പേർക്കു കയറാവുന്ന ബോട്ടിൽ 22 പേരാണുള്ളത്. യാത്രാമധ്യേ എൻജിൻ തകരാറിലായി കടലിൽ ബോട്ട് ആടി ഉലയാൻ തുടങ്ങി. യാത്രികരുടെ സിരകളിൽ പേടി അരിച്ചു കയറി. നടുകടലിൽ ജീവിതം അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്തു ചെയ്യണമെന്നറിയാത്ത അവർക്കിടയിൽ നിന്ന് യുസ്റ മാർഡിനി എന്ന 17 കാരി കടലിലേക്കു ചാടി.

‘നമ്മളാറും കടലിൽ കിടന്നു മരിക്കാനുള്ളതല്ല, ധൈര്യമായിരിക്കൂ...’

യുസ്റെയുടെ വാക്കുകൾ കുറച്ചൊന്നുമല്ല സഹയാത്രികർക്ക് ആശ്വാസമായത്. ആടിയുലഞ്ഞ ബോട്ടിനെ ഒരു കൈകൊണ്ട് ഉന്തി മുന്നോട്ടു നീക്കി അവൾ കരയിലേക്കു നീന്താൻ ശ്രമിച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല ദൗത്യം. യുസ്റയുടെ സഹോദരി സാറയും രണ്ടു കൂട്ടുകാരും അവളെ സഹായിക്കാൻ കടലിലേക്കു ചാടി. അങ്ങനെ ആ 4 പേർ ഒരു വിധത്തിൽ കരയിലേക്കു ബോട്ട് അടുപ്പിച്ചു. 3 മണിക്കൂറാണു സ്വന്തം പ്രാണനോടൊപ്പം മറ്റുള്ളവരുടെ ജീവനും മുറുകെ പിടിച്ച് അവർ നീന്തിയത്. ആ യാത്ര അവസാനിച്ചതു ജർമനിയുടെ തീരത്താണ്. 22 പേരുടെ ജീവൻ രക്ഷിച്ച യുസ്റ 2016 ൽ റിയോ ഒളിംപിക്സിൽ അഭയാർഥികളുടെ ടീമിലൂടെ നീന്തൽ മത്സരത്തിനെത്തിയതോടെയാണ് അവളുടെ കഥ ലോകം ശ്രദ്ധിക്കുന്നത്. 

സിറിയയിലെ ദമാസ്കസിലാണു യുസ്റയുടെ ജീവിതം തുടങ്ങുന്നത്. 1998 മാർച്ച് അഞ്ചിനായിരുന്നു ജനനം. കുഞ്ഞുന്നാൾ മുതൽ നീന്തലിൽ അവൾ താൽപര്യമുണ്ടായിരുന്നു. യുസ്റയെ നീന്തൽ പഠിപ്പിച്ചതും പ്രോത്സാഹനം നൽകിയതും പിതാവാണ്. എല്ലാദിവസവും യുസ്റയും സഹോദരി സാറയും നീന്തൽ പരിശീലിക്കുമായിരുന്നു. നീന്തലിൽ യുസ്റയുടെ കഴിവു തിരിച്ചറിഞ്ഞ സിറിയൻ ഒളിംപിക്സ് കമ്മിറ്റി അവളുടെ പരിശീലനം ഏറ്റെടുത്തു. 2012 ൽ ഐഎൻഎ വേൾഡ് സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ വിജയിച്ചതോടെ യുസ്റ സിറിയയുടെ പ്രതീക്ഷയായി. അങ്ങനെയിരിക്കെയാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നാടുമുഴുവൻ സ്ഫോടനങ്ങൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളും അലഞ്ഞു നടന്നു. യുസ്റയുടെ നീന്തൽക്കുളവും ബോംബ് സ്ഫോടനത്തിൽ തകർന്നു. അധികം വൈകാതെ വീടും. മാതാപിതാക്കൾ എങ്ങോട്ടോ ഓടിപ്പോയി. 

Yusra-Mardini2

ഒരു നിമിഷം കൊണ്ടു യുസ്റയും സാറയും അനാഥരായി. എവിടേക്കു പോകണം എന്നറിയാതെ അവർ അഭയാർഥികൾക്കൊപ്പം കൂടി. അങ്ങനെയാണു ജർമനിയിലേക്കു പോകുന്ന സംഘത്തിനൊപ്പം യുസ്റയും സഹോദരിയും ചേരുന്നത്. ആ യാത്രയിലാണു ബോട്ട് കേടാവുന്നതും ഒടുക്കം ജർമനിയിലേക്ക് അവർ എത്തുന്നതും. 

അവിടെ വച്ച് യുസ്റ മാതാപിതാക്കളെ കണ്ടുമുട്ടി. അഭയാർഥിയായി കഴിയുമ്പോഴും നീന്തൽ എന്ന വികാരത്തെ മറച്ചു വയ്ക്കാൻ സാധിച്ചില്ല. കിട്ടിയ സാഹചര്യങ്ങൾ പാഴാക്കാതെ അവൾ പരിശീലനം നടത്തി. അങ്ങനെയാണ് ഒളിംപിക്സ് പതാകയുടെ കീഴിൽ അഭയാർഥി ടീമിലൂടെ 2016–ൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. അഭയാർഥി ടീമിനെ പ്രതിനിധീകരിച്ചു 10 പേരാണ് ഒളിംപിക്സിൽ പങ്കെടുത്തത്. വിവിധ താരങ്ങൾ രാജ്യത്തിന്റെ പതാകയുമായി ഒളിംപിക്സ് മത്സരവേദിയിലെത്തിയപ്പോൾ അഭയാർഥികൾ മേൽവിലാസവും പതാകയുമില്ലാതെയാണു കളത്തിലിറങ്ങിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നീ ഇനങ്ങളിൽ യുസ്റ മികച്ച പ്രകടനം കാഴ്ച വച്ചു. 

അഭയാർഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യുഎന്നിന്റെ ഗുഡ്‍വിൽ അംബാസിഡർ എന്ന പദവി യുസ്റയെ തേടിയെത്തി. യുസ്റയുടെ ജീവിതകഥ ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 2018 ഏപ്രിൽ 26 ന് ബട്ടർഫ്ലൈ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA