ADVERTISEMENT

തൊഴുത്തിലെ തണുത്ത തറയിൽ, മക്കളെ ചേർത്തുപിടിച്ചിരുന്ന ആ രാത്രി. നാഴി അരി പോലും സമ്പാദ്യമായില്ലാത്ത ജീവിതം. അവിടെനിന്നാണ്, ദുരിതങ്ങളുടെ ആ ഒറ്റവരമ്പിൽനിന്നാണ് ഉഷാകുമാരി യാത്ര തുടങ്ങിയത്. കൊല്ലം ജില്ലയിലെ പോളച്ചിറ ഏലായുടെ കരയിലൂടെ മഴയേറ്റു നടക്കുമ്പോഴും ചിറക്കര പഞ്ചായത്തിലെ ഈ സിഡിഎസ് ചെയർപഴ്സന്റെ വാക്കുകൾക്കു തീച്ചൂടുണ്ട്. ചിറക്കര നെടുങ്ങോലത്തെ പൊയ്കയിൽ തൊടിയിൽ എന്ന വീട്ടിൽനിന്ന് അവർ സമൂഹത്തിന്റെ മുൻനിരയിലേക്കു കയറിവന്നത്, തോറ്റുപോകുമെന്നു പേടിയുള്ളവർക്കു മാതൃകയാക്കാം

ഉറച്ച കാൽവയ്പുകൾ

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെന്ന നിസ്സഹായത. വീടില്ല, തൊഴുത്തിലെ ഒറ്റമുറിയിൽ താമസം. പറക്കമുറ്റാത്ത മക്കൾ... എന്നിട്ടും ഉഷ തോറ്റില്ല. മണ്ണിലേക്കിറങ്ങി. പകൽ തൊഴിലുറപ്പു ജോലി. മതിൽ നിർമിക്കുന്ന കമ്പനിയിൽനിന്ന് ഇരുമ്പുകമ്പികൾ വീട്ടിലെത്തിച്ച്, രാത്രി മക്കളോടൊപ്പം അവ കെട്ടി. അതിനൊപ്പം തന്നെ, സ്ത്രീകളുമായി ചേർന്നു വയലിൽ കൃഷി ചെയ്തു. കുടുംബശ്രീക്കൊപ്പം കാറ്ററിങ് ജോലികളും. കെഎസ്ഇബിയിൽ ക്ലാർക്കായിരുന്ന അച്യുതന്റെയും തങ്കമ്മയുടെയും മകളാണ് ഉഷ (51). അച്ഛൻ മരിക്കുമ്പോൾ ഉഷയ്ക്ക് അമ്മയുടെ വയറ്റിൽ 6 മാസം. ദാരിദ്ര്യത്തിലേക്കു പിറന്നുവീണ മകളെ പക്ഷേ, എന്നും തങ്കമ്മ ചേർത്തുപിടിച്ചു; 3 മാസം മുൻപു മരിക്കും വരെ.

കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സിഡിഎസ് അംഗമായതാണു ഉഷാകുമാരിയെ വഴിതിരിച്ചു വിട്ടത്. കൂട്ടുകാർക്കൊപ്പം പോളച്ചിറയിൽ പത്തേക്കറിൽ നെൽക്കൃഷി ചെയ്തതോടെ മികച്ച കർഷകസ്ത്രീയെന്ന അംഗീകാരവും തേടിയെത്തി.  2015ൽ ചിറക്കര ഗ്രാമപഞ്ചായത്ത്  സിഡിഎസ് ചെയർപഴ്സനായി, ഇപ്പോൾ രണ്ടാമൂഴമാണ്. സിപിഎം പ്രവർത്തകയായ ഉഷാകുമാരി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായും പ്രവർത്തിക്കുന്നു.

കൃഷി മാത്രമല്ല, പാചകവും വഴങ്ങും. നാലുവർഷം മുൻപു കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുബായ് ഫെസ്റ്റിൽ പങ്കെടുത്ത ഓർമകൾക്കിന്നും ഏലായിലെ പച്ചപ്പുപോലെ തിളക്കം. ‘സ്വന്തം ജില്ല പോലും കാണാനാവാത്ത എനിക്കു ദുബായ് കാണാൻ കഴിഞ്ഞല്ലോ...’

ഇപ്പോൾ പഞ്ചായത്തിന്റെ  ഒരു നെല്ലും മീനും പദ്ധതിയുടെ ഭാഗമായുള്ള മത്സ്യക്കൃഷിക്കു നേതൃത്വം വഹിക്കുകയാണ്.  നെൽക്കൃഷിയുടെ വിളവെടുത്തു കഴിഞ്ഞു. ചാക്കുകളിലാക്കിയ നെല്ല് പുഴുങ്ങിക്കുത്തണം. ചിറക്കരയുടെ പേരിൽ ബ്രാൻഡ് ആക്കി വിൽക്കണം. അതിനുള്ള ഒരുക്കത്തിലാണ്. 

ഇപ്പോൾ പ്ലസ്ടു വിദ്യാർഥി!

മണ്ണിനൊപ്പം നടക്കുമ്പോഴും പഠിക്കാൻ ആഗ്രഹം തോന്നിയിരുന്നു.  പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടി. ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി. ഉപേക്ഷിക്കപ്പെട്ട വയോധികരെ ആശ്രയകേന്ദ്രങ്ങളിലെത്തിക്കാനും ഉഷാകുമാരി മുൻകയ്യെടുക്കുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടിക്കു സംരക്ഷണമൊരുക്കാനും പ്രതിയെ കുടുക്കാനും കുടുംബശ്രീ പ്രവർത്തകർക്കൊപ്പം കഴിഞ്ഞു എന്നതും അവർ ആശ്വാസത്തോടെ പങ്കുവയ്ക്കുന്നു.

മക്കൾ രാഹുലും രമ്യയും അമ്മയുടെ കഷ്ടതകളിലും ഇഷ്ടങ്ങളിലും കൂട്ടായുണ്ട്. മരുമകൻ സുമേഷും പേരക്കുട്ടി ശ്രാവണും പുതിയ കുടുംബാംഗങ്ങൾ. ‘ മക്കളെ പഠിപ്പിച്ചു, വീടു വച്ചു, മകളുടെ വിവാഹം നടത്തി. കടങ്ങളുണ്ട്. മണ്ണിൽ പണിയെടുത്ത് അതൊക്കെ വീട്ടണം’, പതറാതെ ഉഷയുടെ വാക്കുകൾ.

ദുഃഖങ്ങൾ ഉഷാകുമാരിക്കൊപ്പം എത്താൻ ഏറെ പാടുപെടും, കാരണം അത്ര വേഗത്തിലാണ് അവരുടെ യാത്ര. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com