ADVERTISEMENT

പരസ്യങ്ങളുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ടി.ഒ. ഫിലിപ്പ് എൺപതിന്റെ നിറവിലേക്ക്. കേരളത്തിലെ പരസ്യ മേഖലയിലെ ആദ്യ അക്രഡിറ്റഡ് ഏജൻസിയായ കേരള പബ്ലിസിറ്റി ബ്യൂറോ (കെപിബി) യുടെ സ്ഥാപകരിൽ ഒരാളായ ടി.ഒ. ഫിലിപ്പിന് ഏഴിനു 80 തികയും. സഹോദരൻ ടി.ഒ. കുര്യാക്കോസുമായി ചേർന്ന് 1964ൽ  കോട്ടയത്ത് ആരംഭിച്ച കേരള പബ്ലിസിറ്റി ബ്യൂറോ (കെപിബി) പരസ്യ മേഖലയിൽ സമാനതകൾ ഇല്ലാത്ത സ്ഥാപനമാണ്. 

രാമമംഗലത്ത് തട്ടാനിയത്ത് കുര്യൻ ഔസേപ്പിന്റെയും ഏലമ്മയുടേയും രണ്ടാമത്തെ മകനായി 1939 ഓഗസ്റ്റ് ഏഴിനാണു ടി.ഒ.ഫിലിപ്പ് ജനിച്ചത്. പാഴ്സൽ സർവീസ് സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കുന്ന സമയത്താണു ചേട്ടൻ ടി.ഒ.കുര്യാക്കോസുമായി ചേർന്നു കേരള പബ്ലിസിറ്റി ബ്യൂറോ (കെപിബി) എന്ന പരസ്യ ഏജൻസി കോട്ടയത്ത് ആരംഭിക്കുന്നത്. കോട്ടയം ബിസിഎം കോളജിന്റെ ‘ആവശ്യമുണ്ട്’ എന്ന ക്ലാസിഫൈഡ് പരസ്യം മലയാള മനോരമയിൽ നൽകി തുടക്കമിട്ടു. പിന്നീട് പരസ്യ മേഖലയുടെ വളർച്ചയ്ക്ക് ഒപ്പം കെപിബിയും സഞ്ചരിച്ചു. ഭീമ ജ്വല്ലേഴ്സിന്റെ പ്രശസ്തമായ ലോഗോ അടക്കം കെപിബിയിൽ നിന്നു പുറത്തിറങ്ങിയതാണ്. 1973ൽ ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) യുടെ പ്രൊവിഷനൽ അക്രഡിറ്റേഷൻ ലഭിച്ചു. 1975ൽ ഫുൾ അക്രഡിറ്റേഷനും കെപിബി സ്വന്തമാക്കി. കോട്ടയത്തു നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കു വളർന്നു.  

ഫോണും സൈക്കിളും ഒന്നുമില്ലാതെ കാൽനടയായി നടന്നാണ്, പരസ്യം നൽകുന്ന കമ്പനികളെയും വ്യക്തികളെയും കണ്ടെത്തിയിരുന്നതെന്നു ടി.ഒ.ഫിലിപ്പ് പറയുന്നു. പത്രപ്പരസ്യങ്ങളിൽ നിന്നു റേഡിയോ, ടിവി പരസ്യങ്ങളിലേക്കും കെപിബിയെ അദ്ദേഹം വളർത്തി. 

മഴ മഴ കുട കുട..., പുറത്തു നിന്നു നോക്കിയാൽ ചെറിയ കടയാണെങ്കിലും അകത്തു വിശാലമായ ഷോറൂം....തുടങ്ങി ഇപ്പോഴും ഹിറ്റായിത്തുടരുന്ന വാചകങ്ങൾ പലതും പരസ്യമാക്കിയത് കെപിബിയാണ്. പരസ്യങ്ങളിൽ വരുന്ന മാറ്റങ്ങൾ സസൂക്ഷ്മം പഠിച്ചിരുന്ന ഫിലിപ്പ് എല്ലാ മാറ്റങ്ങളെയും ഉൾക്കൊണ്ടാണു മത്സരം ശക്തമായ മേഖലയിൽ തലയുയർത്തി നിൽക്കുന്നത്. 

സാമൂഹിക സാമുദായിക മേഖലയിലും തന്റേതായ സ്ഥാനം ടി.ഒ.ഫിലിപ്പിനുണ്ട്. വൈഎംസിഎ. വൈസ്മെൻ, റോട്ടറി ക്ലബ്, ക്നാനായ സോഷ്യൽ ഫോറം, ക്നാനായ അസോസിയേഷൻ തുടങ്ങിയവയുടെ സാരഥ്യത്തിൽ പ്രവർത്തിച്ചു. പരസ്യ ഏജൻസികളുടെ സംഘടനകളിലും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. വൈഎംസിഎ സെന്റിനറി ഇന്റർനാഷനൽ അവാർഡ്, അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, റോട്ടറി വൊക്കേഷനൽ എക്സലൻസ് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ രാജമ്മ. ജയിസൺ ഫിലിപ്പ്, ജബിസൺ ഫിലിപ്പ്, ജൂബി ഫിലിപ്പ് എന്നിവരാണു മക്കൾ. 

കെപിബിയുടെ രഹസ്യം ടി.ഒ. ഫിലിപ്പിന്റെ വാക്കുകളിൽ

വാക്കുകളിൽ നിന്നു കാഴ്ചയിലേക്ക്

പഴയ കാലത്ത് എഴുത്തുകൾ മാത്രമായിരുന്നു പരസ്യം. വാക്കുകളിലൂടെ ആണു മുഴുവൻ കാര്യവും പറഞ്ഞിരുന്നത്. പിന്നീട് കാർട്ടൂണുകളും കാരിക്കേച്ചറുകളും എത്തി തുടങ്ങി. കൈകൊണ്ട് എഴുതിയായിരുന്നു പരസ്യങ്ങൾ ഉണ്ടാക്കിയത്. ഇപ്പോൾ വാക്കുകളെക്കാൾ കൂടുതൽ കാഴ്ചയ്ക്കായി പ്രാധാന്യം. അക്ഷരങ്ങളിൽ നിന്നു ദൃശ്യത്തിലേക്ക് പരസ്യ മേഖല വളർന്നു. പണ്ട് പരസ്യങ്ങൾക്കു മോഡൽ‍ ആകാൻ ആളെ കിട്ടാത്ത അവസ്ഥയായിരുന്നു. ഇന്ന് മോഡലിങ് വലിയൊരു തൊഴിൽ മേഖലയായി. 

ഇടപാടുകാരെ പറഞ്ഞു മനസ്സിലാക്കണം 

പരസ്യം തരുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക വെല്ലുവിളിയാണ്. പരസ്യത്തിന്റെ ആവശ്യകത, ഉള്ളടക്കം എന്നിവയിൽ പൂർണ വിശ്വാസം വരുത്തണം. പണ്ട് സിനിമാ പരസ്യങ്ങൾ പത്രങ്ങളുടെ അവസാന പേജിൽ ആയിരുന്നു. ഒരു പരസ്യം ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി മുൻപേജിൽ നൽകാൻ നിർമാതാവ് സമ്മതിച്ചു. അതു വലിയ തോതിൽ ശ്രദ്ധനേടി. പിന്നെ എല്ലാവരും ഒന്നാം പേജ് വേണം എന്ന ആവശ്യവുമായി വന്നു തുടങ്ങി. ഇങ്ങനെ ഓരോ ആശയം കണ്ടത്തുക പ്രധാനമാണ്. 

പ്രതിസന്ധികൾ നേരിടാനുള്ളതാണ് 

പ്രതിസന്ധികളെ നേരിടാൻ പഠിക്കണം. കെപിബി അടച്ചു പൂട്ടി എന്ന വ്യാപക പ്രചാരണം ഉണ്ടായ സമയമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുണ്ട്. അതൊക്കെ ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഒരിടത്തും കെപിബി നൽകിയ ചെക്ക് ഇതുവരെ മടങ്ങിയിട്ടില്ല എന്നതു ഞങ്ങളുടെ അഭിമാനമാണ്. ഇടപാടുകാരുമായി നല്ല ബന്ധമാണ് എപ്പോഴും നിലനിർത്തുന്നത്. രണ്ടാം തലമുറയുമായി, പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇപ്പോഴും മുൻപന്തിയിൽ പ്രവർത്തിച്ചു മുന്നേറുകയാണു കെപിബി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com