ADVERTISEMENT

ആറാം വയസ്സില്‍ പിടിപ്പെട്ട പോളിയോ രോഗത്തെ തുടര്‍ന്നു കാലുകള്‍ തളര്‍ന്നു പോയ ഒരു പെണ്‍കുട്ടി. പിന്നീടു വര്‍ഷങ്ങളുടെ ചികിത്സയിലൂടെ തിരിച്ചു കിട്ടിയത് ഒരു കാലിന്റെ മാത്രം ശേഷി. ക്രച്ചസിന്റെ സഹായത്താല്‍ ബാല്യ, കൗമാരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം കേട്ടത് ''നിന്നെ കൊണ്ട് ഒന്നിനും കഴിയില്ല'' എന്ന സ്ഥിരം പല്ലവി. കാല്‍ വയ്യാത്ത കുട്ടിയുടെ കൂടെ കളിക്കാന്‍ കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. പഠിക്കാന്‍ ഒരു സ്‌കൂള്‍ കണ്ടെത്താന്‍ മാത്രമല്ല,  ജോലി നേടാനും ഒരുപാടു കഷ്ടപ്പെട്ടു. 

ബന്ധുക്കളുടെ ഒപ്പം സ്വന്തം പിതാവു പോലും തള്ളി പറഞ്ഞപ്പോഴും ബലമായി, ആത്മവിശ്വാസമേകി കൊണ്ട് ഒരമ്മ അവള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇടയ്ക്ക് താങ്ങായി ഒരു സ്‌നേഹിതനെത്തിയെങ്കിലും വിധി അപകടത്തിന്റെ രൂപത്തില്‍ വന്ന് അവനെയും അവളില്‍ നിന്നു തട്ടിയെടുത്തു. ശരീരവും മനസ്സും തളര്‍ന്ന അവളെ വീണ്ടും ജീവിതത്തിലേക്കു കൂട്ടിക്കൊണ്ട് വന്നത് ബാസ്‌കറ്റ്‌ബോള്‍ എന്ന സ്‌പോര്‍ട്‌സായിരുന്നു. 

പണ്ടു കൂട്ടുകാര്‍ തന്നെ കൂട്ടാതെ ചെയ്തിരുന്ന സ്‌പോര്‍ട്‌സ് മേഖലയില്‍ തന്നെ ഒടുവില്‍ ആ പെണ്‍കുട്ടി തന്റെ ജീവിത നിയോഗം കണ്ടെത്തി. ഇന്ന് ഇന്ത്യന്‍ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ഭാഗമാണ് ഗീത ചൗഹാന്‍ എന്ന ആ പെണ്‍കുട്ടി. ഏഷ്യന്‍ പാരാ ഗെയിംസിലേക്കു യോഗ്യത നേടിയ ഗീത പാരലിംപിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതെല്ലാം ഗീത കയ്യെത്തി പിടിച്ചതു സമൂഹത്തിന്റെ ഒന്നടങ്കമുള്ള മുന്‍ധാരണകളെ എല്ലാം അവഗണിച്ചും ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്തുമാണ്. 

Geetha2

അഡ്മിഷന് വേണ്ടി അലഞ്ഞ കുട്ടിക്കാലം
എതിര്‍പ്പുകളോടുള്ള പട പൊരുതലായിരുന്നു ഗീതയ്ക്കു തന്റെ ജീവിതം. പ്രതിബന്ധങ്ങള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കി വളര്‍ന്ന ഗീത അതില്‍ നിന്ന് ഒളിച്ചോടാതെ അവയെ സധൈര്യം നേരിട്ടു പരാജയപ്പെടുത്താന്‍ ശീലിച്ചു. മുംബൈയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ അഞ്ചു സഹോദരങ്ങളോടൊപ്പമായിരുന്നു ഗീതയുടെ കുട്ടിക്കാലം. പോളിയോ ബാധിച്ചു കാലുകള്‍ തളര്‍ന്ന കുട്ടിയെ പഠിപ്പിക്കാന്‍ പല സ്‌കൂളുകളും തയ്യാറായില്ല. മകളുടെ അഡ്മിഷനു വേണ്ടി അമ്മ നിരവധി സ്‌കൂളുകള്‍ കയറിയിറങ്ങി. ഒടുവില്‍ മുനിസിപ്പാലിറ്റി സ്‌കൂളില്‍ പ്രവേശനം ലഭിച്ചു. 

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കോളജില്‍ ചേരാന്‍ ഗീത ആഗ്രഹിച്ചു. എന്നാല്‍ പാന്‍ കട നടത്തിയിരുന്ന പിതാവിന് ഇതിനോട് എതിര്‍പ്പായിരുന്നു. ഗീതയുടെ ഭാവി നാലു ചുവരുകള്‍ക്കുള്ളിലാകുമെന്ന മുന്‍വിധി പുലര്‍ത്തിയ പിതാവ് അവളുടെ പഠനത്തിന് വേണ്ടി പണം മുടക്കുന്നതു പാഴ്‌ചെലവാണെന്ന് വിശ്വസിച്ചു. പക്ഷേ, അമ്മയുടെ നിര്‍ബന്ധം ഗീതയുടെ തുണയ്‌ക്കെത്തി. അങ്ങനെ പിതാവിന്റെയും ഭൂരിപക്ഷം വരുന്ന ബന്ധുക്കളുടെയുമെല്ലാം എതിര്‍പ്പുകള്‍ അവഗണിച്ച് ഗീത കോളജില്‍ ചേര്‍ന്നു. പണം കണ്ടെത്താന്‍ ഒരു പാര്‍ട്ട് ടൈം ജോലിയും സംഘടിപ്പിച്ചു. അങ്ങനെ ബികോമും എംകോമും എല്ലാം ഗീത പാസ്സായി. അപ്പോഴാണ് അടുത്ത വെല്ലുവിളി എത്തിയത്. ഒരു മുഴുവന്‍ സമയ ജോലി. 

അവഗണന തുടര്‍ക്കഥയായ അഭിമുഖപരീക്ഷകള്‍
പല വാതിലുകളും മുട്ടിയെങ്കിലും അംഗപരിമിതി അവിടെയെല്ലാം തടസ്സമായി. 28 അഭിമുഖങ്ങളില്‍ പങ്കെടുത്തെങ്കിലും എവിടെയും ഗീതയെ ജോലിക്ക് എടുത്തില്ല. അവസാനം ഒരു മാര്‍ക്കറ്റിങ് ജോലി ഗീത തരപ്പെടുത്തി. മകള്‍ ജോലിക്കു പോകുന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ച പിതാവ് ഇതിന്റെ പേരില്‍ അവളോടു മിണ്ടുന്നത് തന്നെ നിര്‍ത്തി. പത്തു വര്‍ഷത്തോളം പിതാവ് ഇത്തരത്തില്‍ ഗീതയോട് മിണ്ടാതിരുന്നു. 

പ്രണയത്തെ കവര്‍ന്ന വിധി
കുടുംബത്തിന്റെയും ബന്ധുക്കളുടെയുമെല്ലാം എതിര്‍പ്പു ഗീതയിലെ പോരാളിയെ കൂടുതല്‍ കരുത്തയാക്കി. കരുതലുമായി അമ്മയെ പോലെ കുറച്ചു സുഹൃത്തുക്കളും അവള്‍ക്കൊപ്പമുണ്ടായിരുന്നു. അവരിലൊരാള്‍, ഗീതയും ഏറ്റവും അടുത്ത സുഹൃത്ത് സുജിത്തുമായി അവള്‍ പ്രണയത്തിലുമായി. ഗീത എംകോമിനു പഠിക്കുമ്പോള്‍ മെഡിസിനു പഠിക്കുകയായിരുന്നു സുജിത്. ഗീതയുടെ അമ്മയെ പോലെ തന്നെ സുജിത്തും അവളുടെ കഴിവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. അവള്‍ക്കു വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു ചിന്തിച്ചു. ഗീതയ്ക്ക് ജോലി ലഭിച്ച ശേഷം ഇരുവരും വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ഈ സമയത്താണു സുജിത്ത് ബെംഗളൂരുവിലേക്ക് പോകുന്നത്. എല്ലാം നന്നായി പോകുമ്പോള്‍ ഗീതയുടെ ജീവിതത്തിലേക്ക് കടുത്ത ആഘാതമായി സുജിത്തിന്റെ അപകടമെത്തി.

സ്‌നേഹിതനെ കാണാനായി ബെംഗളൂരുവിലെത്തിയ ഗീതയെ എതിരേറ്റതു സുജിത്തിന്റെ ചേതനയറ്റ ശരീരമായിരുന്നു. അതോടെ ചീട്ടു കൊട്ടാരം തകരുന്നതു പോലെ ഗീത തകര്‍ന്നു പോയി. 2012ല്‍ നടന്ന ഈ സംഭവം അവളുടെ ജീവിതം കീഴ്‌മേല്‍ മറിച്ചു. ഇതിനിടെ കുടുംബവുമായുള്ള ബന്ധം മോശമാവുകയും ഗീത വീട് വിട്ടു മറ്റൊരു വീട്ടില്‍ സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഗീതയ്ക്ക് റിലയന്‍സ് മണിയില്‍ ബ്രാഞ്ച് മാനേജറായി ഉദ്യോഗക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ സുജിത്തിന്റെ വിയോഗം അവളെ കടുത്ത ഡിപ്രഷനിലാഴ്ത്തി. 

കുട്ടയിലാക്കിയ ജീവിതം
ശരീരത്തിന്റെ കുറവുകള്‍ക്കൊപ്പം മനസ്സിന്റെ ആഘാതവും കൂടി ഏറ്റ് ആകെ തകര്‍ന്ന ഗീതയെ അവിടെ നിന്നു രക്ഷിച്ചത് വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോളാണ്. 2017ല്‍ ഗീത ജോലി ഉപേക്ഷിച്ച് വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു തുടങ്ങി. അതേ വര്‍ഷം തന്നെ മഹാരാഷ്ട്ര വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ അംഗമായി. പതിയെ പതിയെ ഈ ഇനത്തില്‍ കഴിവു തെളിയിച്ച ഗീത നിരവധി ദേശീയ മത്സരങ്ങളില്‍ വിജയിക്കുകയും ഒടുവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുകയും ചെയ്തു. 

ദേശീയ തല മത്സരങ്ങളില്‍ നാലു സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്. ബാങ്കോക്കില്‍ അടക്കം നടന്ന രാജ്യാന്തര മത്സരങ്ങളിലും കളിച്ചു. 2018 മാര്‍ച്ചിലാണ് ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. അംഗപരിമിതയായ കുട്ടി ഒരു ബാധ്യതയായി കരുതിയ കുടുംബം ഇന്നു ഗീതയെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ്. സമൂഹം വരച്ചു തരുന്ന മാര്‍ഗ്ഗങ്ങളിലൂടെ നടക്കാതെ സ്വന്തം ബോധ്യങ്ങളനുസരിച്ചു ധൈര്യപൂര്‍വം മുന്നോട്ട് പോയതാണ് തന്റെ വിജയരഹസ്യമെന്ന് ഗീത പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com