sections
MORE

കടുകട്ടി പരീക്ഷ, അഞ്ചു ദിവസം നീളുന്ന ഇന്റർവ്യൂ; സി‍ഡിഎസ് റാങ്ക് ജേതാവിന്റെ അനുഭവങ്ങൾ

Lakshmi-R-Krishnan
SHARE

അറിവിന്റെ ആഴം മാത്രമല്ല, മനസ്സിന്റെ ശേഷിയും അതീവ പ്രധാനമായ പരീക്ഷയാണു കംബൈൻഡ് ഡിഫൻസ് സർവീസസ് (സി‍ഡിഎസ്) എക്സാം. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളുമെന്നു പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ കടുപ്പം. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ കൊല്ലം അഞ്ചൽ അലയമൺ അഷ്ടപദിയിൽ ലക്ഷ്മി ആർ.കൃഷ്ണൻ പറയട്ടെ, ബാക്കി.

സിഡിഎസ് വിജയത്തിനു സ്കൂൾ കാലം മുതലേയുള്ള തയാറെടുപ്പ് വേണോ ?
യുപിഎസ്‌സിയാണു പരീക്ഷ നടത്തുന്നത്. ഡിഗ്രി കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം ചിട്ടയായി പഠിച്ചാൽ മതി. കറന്റ് അഫയേഴ്സ് നന്നായി അറിയണം. സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പെടെ വായിച്ചുറപ്പിക്കണം. എന്നാൽ, ഇന്റർവ്യൂവിൽ നമ്മുടെ വ്യക്തിത്വമാണു പരിശോധിക്കുന്നത്. നന്നായി പഠിച്ചതു കൊണ്ടു മാത്രം അതു വിജയിക്കണമെന്നില്ല; ഓരോ സംഭവത്തിലുമുള്ള നമ്മുടെ കാഴ്ചപ്പാട് വരെ നിർണായകമാണ്.

എഴുത്തുപരീക്ഷ എങ്ങനെയായിരുന്നു? എന്തൊക്കെ ശ്രദ്ധിക്കണം ?
വനിതകൾക്കുള്ള ഷോർട്ട് സർവീസ് കമ്മിഷൻ വിഭാഗത്തിലാണു ഞാൻ അപേക്ഷിച്ചത്. ഇതിൽ പരീക്ഷയ്ക്കു രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്, ജനറൽ സ്റ്റഡീസ്; മറ്റൊന്ന്, ഇംഗ്ലിഷ്. ജനറൽ സ്റ്റഡീസിനു സിവിൽ സർവീസിന്റെ അതേ സിലബസാണ്. കറന്റ് അഫയേഴ്സ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. പ്രത്യേകിച്ച് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. എൻസിഇആർടി പുസ്തകങ്ങളിലെ സയൻസിനും പ്രാധാന്യം നൽകണം. 

ഇംഗ്ലിഷിന് ഉയർന്ന കട്ട് ഓഫ് മാർക്കായിരിക്കും. ഗ്രാമർ ഉൾപ്പെടെ ചോദിക്കും. കഴിഞ്ഞ 10 വർഷത്തെ ചോദ്യക്കടലാസുകൾ ചെയ്തുപഠിച്ചായിരുന്നു എന്റെ പരിശീലനം. അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കരുത്. നെഗറ്റീവ് മാർക്കുണ്ട്.

എസ്എസ്ബി ഇന്റർവ്യൂ അഞ്ചു ദിവസമുണ്ടല്ലോ. തയാറെടുത്തതെങ്ങനെ ?
ആദ്യ ദിനം സ്ക്രീനിങ്ങാണ്. 100 മാർക്കിന്റെ അഭിരുചി പരീക്ഷയുണ്ട്. പിന്നെ ഒരു ചിത്രം 30 സെക്കൻഡ് കാണിക്കും. അതുപയോഗിച്ച് 4 മിനിറ്റിൽ കഥയുണ്ടാക്കണം. അതുവച്ച് ചർച്ച. അതിലെ പ്രകടനം കണക്കിലെടുത്താണ് അടുത്ത ഘട്ടം.

രണ്ടാം ദിനം സൈക്കളോജിക്കൽ ടെസ്റ്റ്. 11 സ്ലൈഡ് കാണിക്കും; ഇവ ഉപയോഗിച്ചു കഥയുണ്ടാക്കണം. പോസിറ്റീവ് ആറ്റിറ്റ്യൂഡ് വേണം. 

വേഡ് അസോസിയേഷൻ ടെസ്റ്റാണ് അടുത്തത്. 60 വാക്കുകൾ 15 സെക്കൻഡ് കാണിക്കും. അവ വച്ചൊരു വാചകം ഉണ്ടാക്കണം. അതും പോസിറ്റീവാകാൻ ശ്രദ്ധിക്കുക.

പിന്നെ, സിറ്റുവേഷൻ റിയാക്‌ഷൻ ടെസ്റ്റ് – 60 സാഹചര്യങ്ങൾ. അവയെ എങ്ങനെ നേരിടുമെന്ന് 30 മിനിറ്റിൽ കാണിക്കണം. 

അവസാനം സെൽഫ് അപ്രൈസൽ എഴുതണം; മാതാപിതാക്കളും സുഹൃത്തുക്കളും അധ്യാപകരും ശത്രുക്കളും നമ്മളെക്കുറിച്ച് എന്തു കരുതുന്നുവെന്നും എഴുതണം. പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ പറയണം. മെച്ചപ്പെടേണ്ട മേഖല വ്യക്തമാക്കണം. നേരിട്ടുള്ള ഇന്റർവ്യൂവിൽ ഇവയിലെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കണം. ‌

രണ്ടു തവണയാണ് പാനലിലുള്ളവർ ഷെയ്ക്ഹാൻഡ് തരുന്നത്– ഇന്റർവ്യൂവിനായി ചെല്ലുമ്പോഴും അവസാനിച്ച് ഇറങ്ങുമ്പോഴും. എപ്പോഴും ഉറച്ച കൈകളോടെ വേണം. അടുത്തത് ജിടു ടാസ്ക്. ഗ്രൂപ്പായും ഒറ്റയ്ക്കുമുള്ള ടാസ്കുകളുണ്ട്. വെല്ലുവിളികളെ എങ്ങനെ നേരിടുന്നെന്നു നോക്കും. 

അവസാനം 15 പേരുടെ പാനൽ നമുക്കു ചുറ്റുമിരുന്നു ചോദ്യങ്ങൾ ചോദിക്കും. ചില സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നെന്ന പരിശോധനയാണു മുഖ്യം. ആ ഘട്ടം ടെൻഷനില്ലാതെ നേരിട്ടതാണ് എന്നെ ഏറെ സഹായിച്ചത്.

മനക്കരുത്ത് അളക്കാനുള്ള പരിശോധനകൾ എങ്ങനെ ?
എസ്എസ്ബി കേന്ദ്രത്തിൽ ചെല്ലുമ്പോൾ മുതൽ ഓരോ ചലനവും വിലയിരുത്തും. എല്ലാ ടെസ്റ്റുകളിലും പല തരത്തിൽ മനക്കരുത്ത് പരിശോധിക്കും. ടെൻഷനില്ലാതെ ആത്മവിശ്വാസത്തോടെ നേരിടുക.

ഇന്റർവ്യൂവിന്റെ ഏതു ഘട്ടമായിരുന്നു ഏറ്റവും വെല്ലുവിളി ?
ഫിസിക്കൽ ടാസ്കുകൾ. വായിച്ചു പരിചയമുണ്ടെങ്കിലും മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി ടാസ്കുകൾ ചെയ്യേണ്ടി വന്നതു ബുദ്ധിമുട്ടിച്ചു. ഇൻഡിവിജ്വൽ ടാസ്കുകളിൽ 5 എണ്ണമേ ചെയ്യാൻ കഴിഞ്ഞുള്ളൂ. 3 മിനിറ്റിൽ 10 ടാസ്കുകളാണു ചെയ്യേണ്ടത്.

ഈ ടെസ്റ്റുകളെക്കുറിച്ചു വിശദീകരിക്കാമോ ?
കമാൻഡ് ടാസ്കിൽ ഒരു സിറ്റുവേഷനും കുറച്ച് ഒബ്സ്റ്റക്കിൾസും മെറ്റീരിയൽസും തരും. രണ്ടു സഹായികളെ തിരഞ്ഞെടുക്കാം. നമ്മുടെ ആശയങ്ങളും സഹായികളുടെ ആശയങ്ങളും മാത്രമേ ഉപയോഗപ്പെടുത്താവൂ. ഓഫിസർ ഇടപെടാൻ ശ്രമിക്കും. പരിഭ്രമിക്കാതെ നമ്മുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കുക.

ഒബ്സ്റ്റക്കിൾ ടാസ്ക്കിൽ 3 മിനിറ്റിൽ 10 പ്രതിബന്ധങ്ങൾ തരണം ചെയ്യണം. ശരിയായ പ്ലാനിങ് വേണം. എളുപ്പമുള്ളതു കഴിഞ്ഞ് ബുദ്ധിമുട്ടുള്ളതിലേക്കു പോയാൽ മതി. ഒരു തവണ സാധിച്ചില്ലെങ്കിൽ രണ്ടും മൂന്നും തവണ ശ്രമിക്കണം. 

പഴ്സനൽ ഇന്റർവ്യൂവിലും ഗ്രൂപ്പ് ടാസ്കുകളിലും ഡ്രസ് കോഡ് എങ്ങനെ ? ആഭരണം ധരിക്കാമോ ?
കോൾ ലെറ്ററിൽ ഇതിനെപ്പറ്റി വിശദീകരിക്കും. ഫോർമൽ ഡ്രസ് വേണം– ഷർട്ടും പാന്റ്സും. ഷർട്ട് ടക്ക് ഇൻ ചെയ്യണം. ആവശ്യമെങ്കിൽ സ്യൂട്ട് ധരിക്കാം. ചുരിദാർ ആകാം. ഷൂസ് ഫോർമലാകണം. സ്ലീവ്‌ലെസ്, ടീഷർട്ട്, ത്രീ ഫോർത്ത് തുടങ്ങിയവ അനുവദിക്കില്ല. നിറം കൂടിയതോ തീരെ മങ്ങിയതോ ആയ വസ്ത്രങ്ങൾ വേണ്ട. ഞാൻ ആഭരണങ്ങൾ ധരിച്ചിരുന്നില്ല; ഇല്ലാതിരിക്കുന്നതാണു നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA