കേള്‍വിക്കുറവ് തടസ്സമായില്ല; ആദ്യ ശ്രമത്തിൽ സൗമ്യ നേടിയത് സിവിൽ സർവീസ് 9-ാം റാങ്ക്!

Saumya-sharma
SHARE

ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് റാങ്ക് നേടുകയെന്നത് ചില്ലറ കാര്യമല്ല. അംഗപരിമിതിയുള്ള ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ ശ്രമകരമായ കാര്യവുമാണ്. എന്നാല്‍ സൗമ്യ ശര്‍മ്മയെന്ന ബധിരയായ പെണ്‍കുട്ടി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയെന്നു മാത്രമല്ല, ആദ്യ പത്തിലെത്തി ഈ വിജയത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്തു. 2017ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അഖിലേന്ത്യ തലത്തില്‍ തന്നെ 9-ാം റാങ്കാണ് സൗമ്യ കരസ്ഥമാക്കിയത്. യാതൊരു കോച്ചിങ്ങിനും പോകാതെയാണ് ഈ സമാനതകളില്ലാത്ത വിജയം. 

ഡല്‍ഹി സ്വദേശിയായ സൗമ്യയ്ക്ക് തന്റെ 16-ാം വയസ്സിലാണ് കേള്‍വി നഷ്ടപെടുന്നത്. അതിനു ശേഷം ഹിയറിങ്ങ് എയ്ഡ് മെഷീനെ ആശ്രയിക്കേണ്ടി വന്നു. പക്ഷേ, അതൊന്നും യുപിഎസ്‌സി  പരീക്ഷയില്‍ നിന്നുള്ള സൗമ്യയുടെ ശ്രദ്ധ തിരിച്ചില്ല. എല്ലാ കുറവുകളെയും വകഞ്ഞു മാറ്റി തന്റെ 23-ാം വയസ്സില്‍ തന്നെ സൗമ്യ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. സൗമ്യയെ സംബന്ധിച്ചിടത്തോളം യുപിഎസ് സി പരീക്ഷ മറ്റേതൊരു പരീക്ഷയെയും പോലെയാണ്. കൃത്യമായ ആസൂത്രണവും നല്ല തയ്യാറെടുപ്പമുണ്ടെങ്കില്‍ എളുപ്പം കീഴടക്കാവുന്ന ഒരു പരീക്ഷ! ഒരു ശക്തമായ അടിത്തറ ഉണ്ടാകണമെന്ന് മാത്രം. 

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2017ലാണ് സൗമ്യ എല്‍എല്‍ബി പൂര്‍ത്തീകരിച്ചത്. ആ വര്‍ഷം തന്നെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം ആരംഭിച്ചു. കേള്‍വിക്കുറവുള്ളതിനാല്‍ സൗമ്യയ്ക്ക് വേണമെങ്കില്‍ ഡിസേബിള്‍ഡ് പേഴ്‌സണ്‍സ് വിഭാഗത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതമായിരുന്നു. എന്നാല്‍ അതിനു വിസമ്മതിച്ച സൗമ്യ ജനറല്‍ വിഭാഗത്തില്‍ തന്നെയാണ് അപേക്ഷ നല്‍കിയത്. പരീക്ഷയെഴുതുന്നതിന്റെ തലേന്ന് സൗമ്യയ്ക്ക് പനി പിടിച്ചു. 102 ഡിഗ്രി പനി വച്ചു കൊണ്ടാണ് സൗമ്യ പരീക്ഷാ ഹാളിലെത്തിയത്. മകളുടെ ആരോഗ്യം ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ട് ഡോക്ടര്‍മാരായ മാതാപിതാക്കള്‍ ഹാളിനു പുറത്ത് കാത്തിരുന്നു. 

ദിനം പത്രിയുള്ള പത്രം വായന, മോഡല്‍ പരീക്ഷാ പേപ്പറുകള്‍ ചെയ്തു നോക്കല്‍, ഓപ്ഷണല്‍ വിഷയങ്ങളിലുള്ള ഗ്രാഹ്യം എന്നിവയാണ് പരീക്ഷാ വിജയത്തിനുള്ള സൗമ്യയുടെ ഫോര്‍മുല. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ഒരേ സമയത്ത് പഠിച്ചു തുടങ്ങണമെന്നും സൗമ്യ കൂട്ടിച്ചേര്‍ക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA