ലഹരി മാഫിയയെ പേടിച്ചു മുഖം മറച്ചു നടന്നത് 25 വർഷം; ഒടുവിൽ സംഭവിച്ചതോ?

piera-aiello
SHARE

1981, ഇറ്റലിയിലെ ട്രപ്പാനി, പ്രവിശ്യ, പാർടാ നഗരത്തിലെ തിരക്കേറിയ വീഥിയിലൂടെ പിയേറ അയേലോ എന്ന പെൺകുട്ടി വീട്ടിലേക്കു നടന്നു പോവുകയാണ്, 14 വയസ്സാണു പ്രായം വഴിയിൽ അവളെ കാത്ത് ഒരു ചെറുപ്പക്കാരനുണ്ട്. നിക്കോളസ്. അയാൾക്ക് ആ പെൺകുട്ടിയെ വിവാഹം കഴിക്കണം. കുറേ ദിവസങ്ങളായി ഇതേ ആവശ്യം പറഞ്ഞ് അയാൾ വഴിയിൽ കാത്തു നിൽക്കാറുണ്ട്. അവൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... ഇഷ്ടമല്ല. ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഓരോ ദിവസവും നിക്കോളസ് നിരാശനായി മടങ്ങി. പിന്നെ കുറേ നാളേയ്ക്കു പിയേറയുടെ കൺവെട്ടത്ത് അയാൾ വന്നില്ല.

1985 സെപ്റ്റംബർ 7 സായാഹ്നം. പിയേറയും മാതാപിതാക്കളും വീട്ടിലുണ്ട്. അവിടേക്ക് അജ്ഞാതനായ ഒരാൾ കയറി വന്നു. സ്വയം പരിചയപ്പെടുത്തി, വിറ്റോ ആട്രിയ. ആ പേരിനപ്പുറം അയാൾക്കൊരു വിശേഷം ആവശ്യമില്ല. സിസിലിയൻ മാഫിയാ തലവനാണയാൾ. അവരുടെ മേഖലയിലെ കിരീടം വയ്ക്കാത്ത രാജാവ്. അയാളുടെ ആവശ്യം തന്റെ മകൻ നിക്കോളസിനെ പിയേറ വിവാഹം കഴിക്കണം. അപ്പോഴാണ് ആട്രിയ കുടുംബത്തിലെ അംഗമാണു നിക്കോളസ് എന്നവൾ തിരിച്ചറിയുന്നത്. അയാൾ ഒരു കാര്യം കൂടി സൂചിപ്പിച്ചിട്ടാണു മടങ്ങിയത്. തന്റെ മകന്റെ ആവശ്യം നടന്നില്ലെങ്കിൽ പിയേയുടെ കുടുംബത്തെ ഇല്ലാതാക്കും. വിവാഹം നടക്കുമ്പോൾ അവള്‍ക്കു പ്രായം 18.

വിവാഹം നടന്ന് ഒൻപതാം ദിവസം വിറ്റോ ആട്രിയ അജ്ഞാതരായ രണ്ടു പേരുടെ വെടിയേറ്റു മരിച്ചു. ഇറ്റലിയിൽ ലഹരി വ്യാപാരം പ്രചാരത്തിലായ കാലമാണത്. അതിനെ എതിർത്ത അധോലോക നേതാക്കളെ വധിക്കുക എന്നതു പുതിയ തലമുറയിലെ മാഫിയ തലവന്മാരുടെ തീരുമാനമായിരുന്നു. പ്രതികാരം ചെയ്യുമെന്നു നിക്കോളസ് ശപഥം ചെയ്തു. 

നിക്കോളസിന്റെയും പിയേറയുടെയും ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. വിറ്റോ ആട്രിയുടെ മകൻ എന്ന ബഹുമാനം നാട്ടുകാരെല്ലാം നിക്കോളസിനു നൽകിയിരുന്നു. ഇതിനിടെ പിയേറ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. 

1991 ൽ അജ്ഞാതരായ രണ്ടു പേർ നിക്കോളസിനെ പിയേറയുടെ കൺമുൻപിൽ വെടിവച്ചു കൊന്നു. ദൃക്സാക്ഷിയായതോടെ ശത്രുക്കളുടെ അടുത്ത ലക്ഷ്യം താനും മകളുമാ ണെന്നു തിരിച്ചറിഞ്ഞ പിയേറ മൂന്നു വയസ്സുകാരി മകളുമായി പാർടായിൽ നിന്നു പലായനം ചെയ്തു. 

പലേർമോയിലെ മജിസ്ട്രേറ്റ് പൗലോ ബോർസെല്ലിനോ അവൾക്കും കുഞ്ഞിനും അഭയം നൽകി. മാഫിയകൾക്ക് എതിരെയുള്ള പോരാട്ടത്തിന് അദ്ദേഹം ധൈര്യം നൽകി. പോരാട്ടത്തിന്റെ തുടക്കമെന്നോണം ഭർത്താവിന്റെ കുടുംബത്തിന്റെ മുഴുവൻ വിവരങ്ങളും പൊലീസിനു കൈമാറി. ആ സംഘത്തിലെ ഒട്ടേറെപ്പേർ ജയിലിലായി. ഇതിനിടെ അവൾക്കു നേരെ വധശ്രമമുണ്ടായി. 

1993 ൽ പൗലോ ബോർസെല്ലിനോ ഒരു കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പിയേറയെ സഹായിച്ചതിനുള്ള പ്രതിഫലമായിരുന്നു അത്. പൗലോയുടെ മരണത്തോടെ വീണ്ടും ഒറ്റപ്പെട്ട  പിയേറ ആ നാടും വിട്ടു. വേഷം മാറി, പേരുമാറ്റി മറ്റൊരാളായി മകളോടൊത്തു ജീവിച്ചു. 1993 മുതൽ മാഫിയയെ ഭയന്ന് അവൾ കറുത്ത തുണികൊണ്ടു മുഖം മറച്ചാണു ജീവിച്ചത്. മകൾ പ്രായപൂർത്തിയാകുന്നതു വരെ പിതാവിനെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ പിയേറ അവളോട് ഒന്നും പറഞ്ഞില്ല. 

അങ്ങനെയിരിക്കെയാണ് ഇറ്റലിയിലെ പുതു തലമുറയുടെ ഫൈവ് സ്റ്റാർ മൂവ്മെന്റ് എന്ന പാര്‍ട്ടിയിലേക്ക് അവൾ ആകർഷിക്കപ്പെട്ടത്. അവരുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായെങ്കിലും മുഖം പുറത്തു പ്രദർശിപ്പിക്കാൻ അവൾ തയാറായില്ല. പതിയെ പിയേറയുടെ ജീവിതം സഹപ്രവർത്തർ അറിഞ്ഞു. അങ്ങനെയാണ് അവരോടു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെടുന്നത്. 

ആദ്യം എതിര്‍ത്തെങ്കിലും ഇറ്റലിയിലെ മാഫിയയെ തകർക്കാൻ മറ്റൊരു വേഷം കൂടി കെട്ടാൻ പിയേറ തയാറായി. 2018 ൽ ഇറ്റലിയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പിയേറ മത്സരിച്ചു. എന്നാൽ അവളുടെ മുഖം ഒരിക്കൽ പോലും വോട്ടർമാർ കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് സംവാദ വേദികളിലും പിയേറ പ്രത്യക്ഷപ്പെട്ടതു മുഖം മറച്ചാണ്. ഇറ്റലിയിലെ മാഫിയയ്ക്കെതിരെ പോരാടാനാണു ജനാധിപത്യത്തിന്റെ വഴി പിയേറ തിരഞ്ഞെടുത്തത്. 

തിരഞ്ഞെടുപ്പിൽ ജയിച്ചതിനു ശേഷം ലോകത്തിനു മുന്നിൽ തന്റെ മുഖം പിയേറ വെളിപ്പെടുത്തി. 25 വർഷം മാഫിയയെ പേടിച്ചു മുഖം മറച്ചു നടന്ന പിയേറ ഇന്ന് ഇറ്റാലിയൻ സ്ത്രീകളുടെ മുഖമാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA