ADVERTISEMENT

‘നീ മധുപകരൂ..’ എന്ന ഗാനം ജോയ് സാക്സഫോണിലൂടെ വായിക്കുമ്പോൾ കേൾവിക്കാരുടെ കാതുകളിൽ മധുരം നിറയും. സംഗീതസുഖം കൊണ്ടു മാത്രമല്ല, ഇമ്പമധുരമായി ഒഴുകിയെത്തുന്നതു സ്നേഹമാണെന്നതിനാലാണത്. പ്രതിഫലമൊന്നും വാങ്ങാതെ അനാഥാലയങ്ങളിലും പകൽവീടുകളിലും വയോജന മന്ദിരങ്ങളിലുമൊക്കെ ആനന്ദത്തിന്റെ മധുപകരുകയാണ് ജോയ് എന്ന സബ് ഇൻസ്പെക്ടർ. നെടുമ്പാശേരി വിമാനത്താവളത്തില്‍ അസി. സെൻട്രൽ ഇന്റലിജൻസ് ഓഫിസറായി ജോലി ചെയ്യുമ്പോഴും ‘പാർട് ടൈം’ സേവനമായി സംഗീതം ഒപ്പം. 

തൃശൂർ പാവറട്ടി വടുക്കൂട്ട് ജോയ് (52) സംഗീതം പഠിക്കുന്നതു തന്നെ പൊലീസ് സേനയിലെത്തിയ ശേഷമാണ്. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം പൊലീസ് അക്കാദമിയില്‍ ജോലിയാരംഭിച്ച കാലത്ത് ഒഴിവുസമയം എങ്ങനെ ചെലവഴിക്കുമെന്ന ചിന്ത സംഗീതത്തിലെത്തിച്ചു. പാലക്കാട് കൽപ്പാത്തിയിലെ കൃഷ്ണയ്യരുടെ ശിക്ഷണത്തിൽ ഓടക്കുഴൽ പഠനമായിരുന്നു ആദ്യം. ആറു വർഷത്തെ പരിശീലനത്തിനു ശേഷം തൃശൂരിൽ പാശ്ചാത്യ ഓടക്കുഴൽ വായനയിൽ ‘ഉപരിപഠനം.’ കുറുങ്കുഴൽ വിദ്വാൻ പല്ലാവൂർ കൃഷ്ണൻകുട്ടിക്കു കീഴിൽ മൂന്നുകൊല്ലം കൂടി ഓടക്കുഴൽ പഠനം നടത്തിയതോടെ വേദികളിൽ വായിച്ചുതുടങ്ങി. പൊലീസ് അക്കാദമിയിലെ വിവിധ ആഘോഷങ്ങളിലും കുടുംബ സദസുകളിലും കച്ചേരി അവതരിപ്പിച്ചു കയ്യടി നേടി. ഇതിനിടെ പൊലീസ് ബാൻഡിൽ സാക്സഫോൺ വായന കേട്ടപ്പോഴാണ് സ്വന്തമായൊന്നു വാങ്ങണമെന്ന ആശയുദിച്ചത്. സഹപ്രവർത്തകരിൽ ചിലർ പിന്തുണയുമായി ഒപ്പം നിന്നപ്പോൾ ധൈര്യസമേതം സാക്സഫോൺ വാങ്ങി. ഓൺലൈൻ ട്യൂട്ടോറിയലുകള‍ിലൂടെ വായിക്കാൻ പഠിച്ചു. ഛത്തിസ്ഗഡിൽ ഒന്നരമാസത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയപ്പോള്‍തോക്കിനൊപ്പം സാക്സഫോണും കയ്യിലെടുത്തു. ഇതെന്തിനെന്നു സഹപ്രവർത്തകർ അത്ഭുതം കൂറിയെങ്കിലും പ്രയോജനം മനസ്സിലായതു പിന്നീടാണ്. ഇന്റർനെറ്റും വൈദ്യുത‍ിയുമില്ലാത്ത കുഗ്രാമങ്ങളിൽ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കിയത് ജോയിയും സാക്സഫോണുമാണ്. തിരികെയെത്തുമ്പോൾ അമിത‍‌ാധ്വാനം മൂലം സാക്സഫോൺ പണിമുടക്കിയിരുന്നു. 

ഒരുലക്ഷം രൂപ സ്വരുക്കൂട്ടി വിദേശനിർമിത സാക്സഫോൺ സ്വന്തമാക്കി ജോയ് ‘ഡ്യൂട്ടി’ തുടർന്നു. തൃശൂരിലും പരിസരപ്രദേശങ്ങളിലുമുള്ള അനാഥമന്ദ‍ിരങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലുമെല്ലാം ക്ഷണമനുസരിച്ചു ജോയ് പോകും. സാക്സഫോണിൽ ‘നീ മധുപകരൂ, ആകാശമാകെ, മേരേ സപ്നോ കി റാണി കബ് ആയേഗ‍ി തൂ.. തുടങ്ങിയ പാട്ടുകൾ വായിക്കും. വയോധികർക്കായി ചില ഭക്തിഗാനങ്ങളും. ഓടക്കുഴലിൽ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, രാജഹംസമേ..’ തുടങ്ങിയ പാട്ടുകളാണ് ശീലം. മുന്നിലിരിക്കുന്ന മുഖങ്ങളിൽ വിടരുന്ന പുഞ്ചിരിയാണ് പ്രതിഫലം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com