ADVERTISEMENT

ലക്ഷ്മി സുരേഷ് കൃഷ്ണ– 52 മിനിറ്റ് ഭരതനാട്യക്കച്ചേരിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ പേരു ചേർത്ത ഏഴാം ക്ലാസുകാരി. ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയെ ഇച്ഛാശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും തോൽപിച്ച മിടുക്കി. ദോഹയിലെ നൃത്തവേദികളിൽ ഒരുപാടുതവണ ചിലങ്കയണിഞ്ഞിട്ടുണ്ട്, തൃശൂർ വെട്ടിക്കാട്ടിരി സ്വദേശികളായ സുരേഷ്‌കുമാറിന്റെയും സിന്ധുവിന്റെയും ഈ മകൾ. 

ലക്ഷ്മി ജനിച്ച് 3-4 ദിവസങ്ങൾക്കുള്ളിൽ തന്നെ ഡൗൺ സിൻഡ്രോം ആണെന്നു ഡോക്ടർമാർ പറഞ്ഞെന്നു സിന്ധു. ആദ്യമായാണ് ആ പേര് കേൾക്കുന്നത്. അതുകൊണ്ട് രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിഞ്ഞില്ല. വലുതാകുമ്പോൾ രോഗവും മാറുമെന്നാണ് ഡോക്ടർമാർ പറഞ്ഞതും. 6 മാസത്തിനു ശേഷമാണു ഗൗരവം പിടികിട്ടിയത്. പിന്നീട് പ്രാർഥനയുടെ നാളുകൾ. രണ്ടാം വയസ്സിൽ തെറപ്പി തുടങ്ങി. സമൂഹത്തിന്റെ സമീപനം പലപ്പോഴും തളർത്തിക്കളഞ്ഞെന്നും രണ്ടര വയസ്സിൽ മകൾ നടക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണെന്നും അമ്മ പറയുന്നു.

ദോഹയിലേക്ക്
സുരേഷ്‌കുമാര്‍ ദോഹയിലെ അക്ടോര്‍ എസ്എ/എല്‍വൈഎസ്ജെ ജെവിയിലെ ഉദ്യോഗസ്ഥനാണ്. മൂന്നര വയസ്സിൽ ദോഹയിലെത്തിയപ്പോൾ മുതലാണ് ലക്ഷ്മി ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളായ ഹോപ് ഖത്തറിൽ ചേർത്തു. 4 വർഷം പഠനം. നാട്ടിൽ നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസത്തിനു റജിസ്റ്റർ ചെയ്തു. വീട്ടിൽ സ്പെഷൽ എജ്യുക്കേഷൻ അധ്യാപകർ പഠിപ്പിക്കാനെത്തിത്തുടങ്ങി. ഇതിനിടയിൽ ഫിസിയോ തെറപ്പിയും. പഠനനിലവാരം മെച്ചപ്പെട്ടതോടെ സാധാരണ സ്കൂളിൽ ചേർക്കാനായി അച്ഛനമ്മമാരുടെ ശ്രമം. നോബിൾ ഇന്റർനാഷനൽ സ്കൂളിലെ പ്രവേശന ടെസ്റ്റിൽ ലക്ഷ്മി വിജയിച്ചു. രണ്ടാം ക്ലാസിൽ  ഇരുത്താമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഒന്നിൽ നിന്നു തുടങ്ങട്ടെയെന്ന് കരുതി. വലിയ സ്‌കൂൾ, ഒരുപാട് കുട്ടികൾ, സ്‌കൂൾ ബസിലെ യാത്ര- നല്ല ടെൻഷൻ ആയിരുന്നു. പക്ഷേ, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദും അധ്യാപകരും നൽകിയ പിന്തുണയിൽ സാധാരണ കുട്ടികളെ പോലെ തന്നെ ലക്ഷ്മി മുന്നോട്ടുപോയി. മിടുക്കിയായി പഠനം തുടരുന്നുവെന്നും മാതാപിതാക്കൾ. 

തുടക്കം സിനിമാറ്റിക്കിൽ
ടിവിയൽ ഡാൻസ് കണ്ടു ചുവടുവയ്ക്കാൻ തുടങ്ങിയപ്പോഴാണു ലക്ഷ്മിയുടെ നൃത്താഭിരുചി മനസ്സിലായതും സിനിമാറ്റിക് ഡാൻസിനു ചേർത്തതും. സ്‌കൂൾ വാർഷികത്തിൽ ഡാൻസ് ചെയ്തു. നല്ല താളത്തിൽ ഓരോ ചുവടും ആസ്വദിച്ച് നൃത്തം ചെയ്തതു കണ്ടപ്പോൾ, പ്രവാസി കലാപഠന കേന്ദ്രമായ കലാക്ഷേത്രയിൽ 2016ൽ ഭരതനാട്യത്തിന് ചേർത്തു. 

lakshmi-family

വേദികളിലെ സജീവ സാന്നിധ്യം
2017 ൽ കലാക്ഷേത്രയിലെ പരിപാടി. ഗ്രൂപ്പ് ഇനങ്ങൾ മാത്രമായിരുന്നെങ്കിലും ലക്ഷ്മിയെ ഒറ്റയ്ക്ക് നൃത്തം ചെയ്യിക്കാൻ നൃത്താധ്യാപിക നിത്യാ മണിക്കുട്ടൻ മാനേജ്മെന്റിൽ നിന്ന് അനുമതി തേടി. എല്ലാവർക്കും പേടിയുണ്ടായിരുന്നു. ചുവടുകൾ തെറ്റുമോ, ലക്ഷ്മി പരിഭ്രമിക്കുമോ, പരിപാടി മോശമാകുമോ എന്നെല്ലാം. പക്ഷേ, അവൾ അരങ്ങ് കീഴടക്കി. അന്നാണ് ആത്മധൈര്യം കിട്ടിയത്. നൃത്തലോകത്ത് അവൾക്ക് സ്വന്തമായ ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായതെന്നും സിന്ധുവും സുരേഷും പറയുന്നു. വിവിധ പ്രവാസി സംഘടനാ വേദികളിൽ പരിപാടി അവതരിപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയായിരുന്നു അരങ്ങേറ്റം നടത്താമെന്നുറപ്പിച്ചത്. 2018 മാർച്ച് 23നായിരുന്നു 52 മിനിറ്റ് ഭരതനാട്യക്കച്ചേരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് അപേക്ഷിച്ചു. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ നൃത്തത്തിൽ ആദ്യമായാണ് അവർക്ക് അപേക്ഷ ലഭിക്കുന്നത്. നൃത്തം മനോഹരമായി പൂർത്തിയാക്കിയതോടെ ആ വിഭാഗത്തിൽ ലക്ഷ്മിക്കു ലഭിച്ച ടൈറ്റിൽ ഇങ്ങനെ, ‘ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രതിഭ.’ 

അഭിനയം മുതൽ നീന്തൽ വരെ
അഭിനയം, നീന്തൽ, പാട്ട്, കളറിങ് ഇവയിലും ലക്ഷ്മി മികച്ച പ്രതിഭയാണ്. എ.ജെ.അൽതാനി സംവിധാനം ചെയ്ത ഐസ്‌ക്രീം എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചു. ടിവി കാണാൻ ഏറെ ഇഷ്ടമാണ്. അനിയത്തി നവമിയോടു പ്രത്യേക സ്നേഹവും കരുതലുമാണ് ലക്ഷ്മിക്ക്. അനിയത്തിക്കും ബെസ്റ്റ് ഫ്രണ്ട് ചേച്ചി തന്നെ. അടുക്കളയിൽ അമ്മയെ സഹായിക്കും. ചെറിയ കാര്യങ്ങളിൽ പോലും കരുതലും ശ്രദ്ധയുമുണ്ട് ലക്ഷ്മിക്കെന്ന് സാക്ഷ്യപ്പെടുത്തുന്നത് അമ്മ തന്നെ. 

വിദ്യാഭ്യാസമാണ് പ്രധാനം
ഞങ്ങളുടെ കാലം കഴിഞ്ഞാൽ ആരുണ്ടെന്ന ചിന്തയിലാണ് ലക്ഷ്മിക്കു കൂടപ്പിറപ്പ് വേണമെന്നു തോന്നിയത്. എന്നാൽ രണ്ടാമത്തെ കുട്ടിക്കും രോഗം വരില്ലേ എന്നു പലരും ചോദിച്ചു. വിമർശനങ്ങൾ ചുറ്റിലുമുണ്ടായി. പക്ഷേ, നവമി പൂർണ ആരോഗ്യവതിയായി ജനിച്ചു. രോഗത്തെ അതിജീവിക്കാൻ, അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ ഒപ്പം നിൽക്കണം. സമൂഹത്തിന്റെ ചോദ്യങ്ങളല്ല കുഞ്ഞിന്റെ ഭാവിയാണ് പ്രധാനം. അവരുടെ ചെറിയ സന്തോഷങ്ങൾക്ക് പോലും പ്രാധാന്യം നൽകണം. വിദ്യാഭ്യാസം കൊടുത്ത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കണം. സമ്പാദ്യമല്ല, വിദ്യാഭ്യാസവും ആത്മധൈര്യവുമാണ് കുട്ടികൾക്കു നൽകേണ്ടത്,’’ സിന്ധുവും സുരേഷും പറയുന്നത് വെറുതെയല്ല; ലക്ഷ്മിയെന്ന മകളെ മുന്നിൽ നിർത്തിയാണ്.  ലക്ഷ്മി ചിരിക്കുമ്പോൾ... ചടുലതാളത്തിൽ നൃത്തം ചെയ്യുമ്പോൾ, മിടുക്കോടെ പഠിക്കുമ്പോൾ എന്തിന് അവിശ്വസിക്കണം ഈ മാതാപിതാക്കളെ ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com