sections
MORE

യൂട്യൂബില്‍ നിന്ന് ഈ കർഷകൻ ഒരു മാസം 'കൊയ്തെടുക്കുന്നത്' 2 ലക്ഷം രൂപ!

Darshan
SHARE

ഹരിയാനയിലെ കര്‍ഷകനായ ദര്‍ഷന്‍ സിങ്ങിന്റെ ഒരു മാസത്തെ വരുമാനം രണ്ടു ലക്ഷം രൂപയാണ്. എന്നാല്‍ ഈ രണ്ടു ലക്ഷം ദര്‍ഷനുണ്ടാക്കുന്നത് കൃഷിയില്‍ നിന്നല്ല എന്നു മാത്രം. യൂടൂബിലാണ് ദര്‍ഷന്റെ കൃഷി. യൂടൂബിലെ ഹിറ്റായ ഫാര്‍മിങ് ലീഡര്‍ എന്ന കൃഷി സംബന്ധമായ ചാനല്‍ വഴിയാണ് ദര്‍ഷന്‍ സിങ് പണമുണ്ടാക്കുന്നത്. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 22 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഫാര്‍മിങ് ലീഡര്‍ ചാനലിനു ലഭിച്ചത്. പ്രതിദിനം ലക്ഷക്കണക്കിനു പേര്‍ ഈ ചാനലിലെ വിഡിയോകള്‍ കാണുന്നു. 

കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷനും തന്റെ വഴി കൃഷിയാണെന്നു പണ്ടു തന്നെ തിരിച്ചറിഞ്ഞിരുന്നു. 2015 വരെ ദര്‍ഷന്‍ പഠനവും കുടുംബത്തിന്റെ 12 ഏക്കര്‍ സ്ഥലത്തെ കൃഷിയുമൊക്കെ ഒരുമിച്ചു കൊണ്ടു പോയി. എല്ലാവരും രാസവളത്തിനു പിന്നാലെ പാഞ്ഞപ്പോള്‍ ദര്‍ഷന്‍ ജൈവ കൃഷിയിലേക്കു തിരിഞ്ഞു. ആദ്യം രണ്ടേക്കറെടുത്തു ജൈവ കൃഷി നടത്തി തുടര്‍ന്നു പതിയെ പതിയെ മൂന്നു വര്‍ഷം കൊണ്ടു മുഴുവന്‍ ഇടത്തും ജൈവകൃഷി തുടങ്ങി.

2017ല്‍ വരുമാനം വർധിപ്പിക്കാനായി ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതാണു ദര്‍ഷന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങള്‍ പൊന്തി വന്നു. ഓണ്‍ലൈനില്‍ പരിഹാരങ്ങള്‍ക്കായി തിരഞ്ഞപ്പോള്‍ കിട്ടിയതൊക്കെ വെറുതേ ക്ലിക്ക് ലഭിക്കാനിട്ടിരിക്കുന്ന വസ്തുക്കള്‍. ഒന്നില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അതു കൊണ്ടു ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. 

ഈ യാത്രകളില്‍ വച്ചാണു യൂട്യൂബ് ചാനല്‍ എന്ന ആശയം ദര്‍ഷനു ലഭിച്ചത്. കൃഷിയില്‍ വിജയിച്ച കര്‍ഷകരില്‍ നിന്നു ലഭിക്കുന്ന പാഠങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടുന്നതിനാണ് അവ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇടാന്‍ തീരുമാനിച്ചത്. അങ്ങനെ 2017 സെപ്റ്റംബറില്‍ ഫാര്‍മിങ് ലീഡര്‍ പിറന്നു. വിഡിയോകള്‍ക്കു നല്ല പ്രതികരണം ലഭിച്ചതോടെ ദര്‍ഷന്‍ ഒരു ലേപ്പല്‍ മൈക്കും കൂടി വാങ്ങി, പ്രതിവാരം മൂന്നും നാലും വിഡിയോകള്‍ വീതം പോസ്റ്റു ചെയ്യാന്‍ തുടങ്ങി. 

ആറു മാസം കൊണ്ടു തന്നെ വിഡിയോകള്‍ക്കു ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി. 2018 മാര്‍ച്ച് മാസം ആയപ്പോഴേക്കും യൂട്യൂബില്‍ നിന്നു പണം ലഭിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്ന് അത്ര നാള്‍ സമ്പാദിച്ച തുകയേക്കാൾ കൂടുതല്‍ യൂട്യൂബില്‍ നിന്നു കിട്ടാന്‍ തുടങ്ങിയതോടെ ദര്‍ഷന്‍ അതു മുഴുവന്‍ സമയ പ്രഫഷനാക്കി. നിലവില്‍ 500ല്‍ അധികം വിഡിയോകളാണു ചാനലില്‍ ഉള്ളത്. മൊബൈലിന് പകരം പ്രഫഷണല്‍ ക്യാമറയില്‍ വിഡിയോകള്‍ ചിത്രീകരിച്ചു തുടങ്ങി. 

നിരവധി കര്‍ഷകരുടെ വിജയകഥകള്‍ ചാനല്‍ വഴി പുറം ലോകമറിഞ്ഞു. ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തു മാതളനാരകം കൃഷി ചെയ്ത് 25 ലക്ഷം സമ്പാദിച്ച സന്തോഷ് ദേവി, കാലികള്‍ക്കു 24 മണിക്കൂറും ഓട്ടോമാറ്റിക്കായി വെള്ളം കൊടുക്കാനുള്ള ഡ്രിങ്കിങ് ബൗള്‍ കണ്ടു പിടിച്ച അംബാലയിലെ കര്‍ഷകന്‍ ഹര്‍വിലാസ് സിങ്, എന്നിങ്ങനെ നിരവധി കര്‍ഷകരുടെ കഥകള്‍ ചാനലിലെത്തി. 

ഇതിലൂടെ ആ കര്‍ഷകര്‍ക്കും നിരവധി ഗുണങ്ങളുണ്ടായി. ഹരിയാനയിലെ സിര്‍സയില്‍ ആടു വളര്‍ത്തല്‍ ഫാം നടത്തുന്ന സന്ദീപ് സിങ്ങായിരുന്നു എങ്ങനെ ഒരു ആടു ഫാം ആരംഭിക്കാം എന്ന് വിഡിയോയില്‍ അതിഥിയായി എത്തിയത്. നാളിതു വരെ ആ വിഡിയോയ്ക്കു ലഭിച്ചത് 16 ലക്ഷം സന്ദര്‍ശകരാണ്. നിരവധി പേരാണ് ആടു വളര്‍ത്തല്‍ പരിശീലനത്തിനും മറ്റുമായി സന്ദീപ് സിങ്ങിനെ ഇന്നും വിളിച്ചു കൊണ്ടിരിക്കുന്നത്. ദര്‍ഷന്റെ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതോടെ പല കര്‍ഷകരും ചെറിയ തോതില്‍ നാട്ടിലെ സെലിബ്രിട്ടികള്‍ തന്നെയായി മാറി. ഇത് അവരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ പലരും ദര്‍ഷന്റെ പാത പിന്തുടര്‍ന്ന് യൂട്യൂബ് ചാനലുകളും ആരംഭിക്കുന്നുണ്ട്. 

കര്‍ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ തേടി രാജ്യമെമ്പാടും ദര്‍ഷന്‍ സഞ്ചരിക്കുന്നുണ്ട്. ചില സമയത്ത് ഒരു വിഡിയോ ഇടാന്‍ ആഴ്ചകളെടുക്കും. ചിലപ്പോള്‍ ഒരു ദിവസം കൊണ്ട് തന്നെ അവ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യും. 

ദര്‍ഷനെ സഹായിക്കാന്‍ ഇപ്പോള്‍ രണ്ടു പേര്‍ കൂടി ഈ ടീമിലുണ്ട്. വൈകാതെ അത് അഞ്ചായി ഉയരും. കൂടുതല്‍ പേരെത്തുന്നതോടെ ആഴ്ചയില്‍ 10 വിഡിയോ എങ്കിലും ഇടാമെന്നാണ് പ്രതീക്ഷ. ഇതിനിടെ ദര്‍ഷന്‍ തന്റെ ഫാം ഒരു സുഹൃത്തിനു കൈമാറി. സുഹൃത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇപ്പോള്‍ ഫാം നടക്കുന്നത്. ഔഷധ സസ്യങ്ങളുടെ ഫാം ആരംഭിക്കാനും പദ്ധതിയുണ്ട്. 

ചിലപ്പോഴൊക്കെ ചില വിഡിയോകള്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നതിനാല്‍ പിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ, തെറ്റുകളില്‍ നിന്നു പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികവുറ്റ, കൃത്യതയാര്‍ന്ന വിഡിയോകളുമായി മുന്നോട്ട് പോവുകയാണ് ദര്‍ഷന്‍ സിങ് എന്ന ഈ യൂട്യൂബ് കര്‍ഷകന്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA