ADVERTISEMENT

തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരിക്ക് പലപ്പോഴും ജോലിക്കായുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുമായിരുന്നു. പലതും ഭിന്നശേഷിക്കാരായ വ്യക്തികളുടെ. ഇവര്‍ക്കെല്ലാം ഗവണ്‍മെന്റ് ജോലി നല്‍കാന്‍ തനിക്കാവില്ലെന്നു മനസ്സിലാക്കിയ കലക്ടര്‍ അവര്‍ക്ക് സ്വാശ്രയത്വം നേടിക്കൊടുക്കാന്‍ ഒരു ആശയം അവതരിപ്പിച്ചു. അതാണ് ഭിന്നശേഷിക്കാരായവര്‍ നടത്തുന്ന ഹോട്ടല്‍.

കഫേ ഏബില്‍ എന്നു പേരിട്ട ഈ ഹോട്ടല്‍ വഴി 12 ഭിന്നശേഷിക്കാരാണ് സംരംഭകര്‍ കൂടിയായി മാറിയത്. ഹെഡ് ഷെഫ്, ജ്യൂസ് മാസ്റ്റര്‍, ടീ മാസ്റ്റര്‍, ബില്ലിങ് ക്ലര്‍ക്ക് എന്നിങ്ങനെ പല തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലിക്കായി അപേക്ഷിച്ച ഭിന്നശേഷിക്കാരായ വ്യക്തികളെ ചേര്‍ത്തൊരു സ്വയം സഹായ സംഘം രൂപീകരിക്കുകയാണ് സന്ദീപ് ആദ്യം ചെയ്തത്.

Cafe

എന്നിട്ട് രാജപാളയത്തെ ഓസ്‌കാര്‍ ഹോട്ടല്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് ഇവരെ 45 ദിവസത്തെ കുക്കിങ്, കേറ്ററിങ്, ബേക്കിങ് പരിശീലന ക്ലാസിന് ചേര്‍ത്തു. ഉപഭോക്താക്കളോട് പെരുമാറേണ്ട വിധം, സാമ്പത്തികം കൈകാര്യം ചെയ്യല്‍, ഒരു അടിയന്തിര സാഹചര്യം എങ്ങനെ നേരിടണം എന്നതിനെ പറ്റിയും ഇവരെ പഠിപ്പിച്ചു. മൂന്നു സ്വകാര്യ കമ്പനികളുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടും ജില്ലാ ഭരണകൂടത്തിന്റെ സഹായവും കൊണ്ടു കലക്ടറേറ്റ് പരിസരത്ത് തന്നെ കഫേ ഏബിള്‍ സ്ഥാപിച്ചു. ഇവര്‍ ഇതിനു പ്രത്യേക വാടകയൊന്നും ജില്ലാ ഭരണകൂടത്തിനു നല്‍കേണ്ടതില്ല.

അത്യാധുനിക കിച്ചന്‍, ബേക്കിങ് സൗകര്യങ്ങളാണ് കഫേ ഏബിളില്‍ ഉള്ളത്. ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണവും, ഉച്ചയൂണും രാത്രിഭക്ഷണവും, ചായയും ജ്യൂസും എല്ലാം മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. കലക്ടര്‍ തന്റെ പല യോഗങ്ങളും ഇവിടെ വച്ചു സംഘടിപ്പിച്ചു കഫേ ഏബിളിനു പരമാവധി പിന്തുണ നല്‍കുന്നു.

പ്രതിദിനം 10,000 രൂപയ്ക്കടുത്തു കഫേയില്‍ വിറ്റുവരവുണ്ട്. അതിന്റെ പാതി ശമ്പളത്തിനായിട്ടു ബാങ്കില്‍ നിക്ഷേപിക്കുകയും ബാക്കി തുക ഭക്ഷണമുണ്ടാക്കുന്നതിനുള്ള സാമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യും. ആദ്യമൊക്കെ ചെറിയ സഹായം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു വേണ്ടി വന്നെങ്കിലും ഇപ്പോള്‍ തൊഴിലാളികള്‍ തന്നെ ഇതു മികച്ച രീതിയില്‍ നടത്തുന്നു. നൂറോളം പേര്‍ പ്രതിദിനം ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ തൊഴിലാളികളുടെ മനോഭാവത്തിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ടെന്നു കലക്ടര്‍ പറയുന്നു. പാചക പരിശീലനം ആരംഭിക്കുമ്പോള്‍ പലരും ആത്മവിശ്വാസം കുറഞ്ഞവരും പരാജയഭീതിയുള്ളവരും ആയിരുന്നു. എന്നാല്‍ ഇന്ന് അവരുടെ പേടികളൊക്കെ എങ്ങോ പോയ് മറഞ്ഞു. അവര്‍ക്ക് ഈ സംരംഭം വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com