ADVERTISEMENT

തന്റെ ജീവിതം തന്നെ വഴിതിരിച്ചുവിട്ട അധ്യാപകനെ കുറിച്ചു ഐജി വിജയൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധയമാകുന്നു. അന്തരിച്ച പ്രഫസർ ടി ആർ കുഞ്ഞമ്പു സാറിനെക്കുറിച്ചാണ് ഈ കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ഏതൊരാളുടെയും മുന്നോട്ടുള്ള യാത്രയിൽ ഒരുപറ്റം അധ്യാപകരുടെ, ഗുരുനാഥൻമാരുടെ അനുഗ്രഹവും ആശീർവാദവും വഴികാട്ടലുമൊക്കെ അനിവാര്യമാണ്. എന്റെ ജീവിതവും എന്നെ സ്നേഹിക്കുകയും വഴിതെളിക്കുകയും ചെയ്ത ഒരുകൂട്ടം അധ്യാപകരുടെയും ഗുരുനാഥന്മാരുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാണ്. അവരിൽ, എന്നെ ഹൃദയത്തോട് ഏറെ ചേർത്ത് പിടിച്ചിരുന്ന പ്രൊഫസർ ടി ആർ കുഞ്ഞമ്പു സാറിനെ ഈ വർഷം എനിക്ക് നഷ്ടപ്പെടുകയുണ്ടായി.  

1994 ൽ യുജിസിയുടെ ഫെലോഷിപ്പുമായി തിരുവനന്തപുരത്തു എത്തിയതിനു ശേഷം സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് കൂടി ശ്രദ്ധ തിരിച്ച സമയത്താണ്  ഐഎംജിയിൽ വെച്ച്  കുഞ്ഞമ്പു സാറിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എക്കണോമിക്സ് വിഭാഗത്തിന്റെ തലവനായി റിട്ടയർ ചെയ്തതിനു ശേഷം  വിദ്യാർഥികൾക്ക് ആവശ്യാനുസരണം കോച്ചിങ് നൽകുന്നതിനിടയിലാണ് അദ്ദേഹം  ഐഎംജിയിൽ  എത്തുന്നത്. പരിചയപ്പെട്ട അന്നു മുതൽ ഒരു വലിയ ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു. കിന്റർ ഗാർഡൻ വിഭാഗത്തിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് രക്ഷിതാക്കൾ അവരുടെ പുസ്തകത്തിൽ എഴുതി കൊടുക്കുന്നതുപോലെ ഞാൻ പഠിക്കേണ്ടി വരുന്ന കാര്യങ്ങളെ വലിയ ഗ്രന്ഥങ്ങൾ റഫർ ചെയ്തുകൊണ്ട് ക്യാപ്സ്യൂൾ രൂപത്തിൽ കുറിപ്പുകളാക്കി എനിക്ക് തരുമായിരുന്നു അദ്ദേഹം. അത്തരത്തിലൊരു പിന്തുണ എനിക്ക് ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

ആ കാലത്ത്  ഞാൻ താമസിച്ചിരുന്നത് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ആയിരുന്നു. ഒരു വൈകുന്നേരം അദ്ദേഹം ഒരു സർപ്രൈസ് വിസിറ്റ് എന്ന നിലക്ക് എന്റെ റൂമിലേക്ക് കയറി വന്നു. ആ സമയം ഞാൻ എന്നോടൊപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളുമായി തമാശ പറഞ്ഞു ഇരിക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം ഒരുപാട് നേരം എന്റെ കൂടെഇരുന്നു ഞങ്ങൾ പറയുന്നതെല്ലാം കേട്ടു. കുറേനേരം കഴിഞ്ഞു സുഹൃത്തുക്കളെല്ലാം പോയപ്പോൾ അദ്ദേഹം എന്നോട് എന്റെ വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ പാക്ക് ചെയ്യാൻ വേണ്ടി പറഞ്ഞു. തെല്ല് അത്ഭുതത്തോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു ഇവിടെ ഇരുന്നാൽ നിന്റെ പഠനമൊന്നും കൃത്യമായി നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. സുഹൃത്തുക്കളെ വിട്ടുപിരിയാൻ എനിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്നേഹനിർബന്ധത്തിനു മുന്നിൽ വഴങ്ങി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാൻ താമസം മാറി.

കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ നാടായ കാഞ്ഞങ്ങാട് ആയിരുന്നതിനാൽ അദ്ദേഹം തനിച്ചായിരുന്നു അവിടെ. അതിരാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന അദ്ദേഹം എന്നെയും വിളിച്ചുണർത്തും. യോഗയിലും മറ്റും എന്നെ പങ്കെടുപ്പിക്കുകയും ചെയ്യും. തികഞ്ഞ സോഷ്യലിസ്റ്റായ ഒരു യോഗിയായിട്ടാണ് അദ്ദേഹത്തെ എനക്കു അനുഭവപെട്ടിട്ടുള്ളത്. വേവിച്ച ഭക്ഷണം വളരെ കുറച്ചു മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ. പഴങ്ങളും പച്ചക്കറികളുമാണ് അധികവും. അദ്ദേഹത്തിന്റെ ഭക്ഷണ ശൈലി പിന്തുടരാൻ എനിക്ക് പ്രയാസമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് എനിക്ക് വേണ്ട ഭക്ഷണം അദ്ദേഹം പുറത്തുനിന്നു വാങ്ങിക്കൊണ്ടു വരികയും ചെയ്തിരുന്നു. പലപ്പോഴും ബിരിയാണിയും മറ്റും വാങ്ങിച്ചുകൊണ്ടുവരുമ്പോൾ ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടി അദ്ദേഹവും കൂടെ ഇരിക്കുമായിരുന്നു. ഒരു യോഗിയെ ഭോഗി ആക്കി മാറ്റിയ ആളാണ് ഞാൻ എന്ന് ഈ അനുഭവം വച്ച് പലരോടും പിന്നീട് ഞാൻ തമാശ രൂപേണ പറയാറുണ്ട്. പി വിജയൻ ഐപിഎസ് എന്ന വ്യക്തിയെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്റെ സ്നേഹത്തിനും പരിലാളനക്കുമുള്ള പങ്കു പ്രത്യേകം പറയേണ്ടതില്ലല്ലോ! 

ഐപിഎസ് ലഭിച്ചതിനു ശേഷം പല ജില്ലകളിൽ ജോലിയിൽ ഏർപ്പെട്ടപ്പോഴെല്ലാം  അദ്ദേഹത്തെ ഇടക്കൊക്കെ വിളിക്കാനും ബന്ധം പുതുക്കാനും ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഏതാനും നാളുകൾക്കു മുമ്പ് അദ്ദേഹത്തെ ഒന്ന് വിളിക്കണമെന്നും കാണണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും പലകാരണങ്ങളാൽ സാധിച്ചിരുന്നില്ല .ഒരു ദിവസം രാവിലെ ഞാൻ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എന്നെ ഫോണിൽ വിളിച്ചു.  അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥത അനുഭവപെട്ടതുമൂലം കാഞ്ഞങ്ങാട്ടു നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലായിരുന്നു അവർ.  മറ്റാരെയും വിളിക്കേണ്ടതില്ല വിജയനെ മാത്രം വിളിച്ചൊന്ന്  വിവരം പറഞ്ഞേക്കണം എന്ന് അദ്ദേഹം  പറഞ്ഞത്കൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിവരമറിയിക്കുന്നത്.  ഉടനെ തന്നെ ഞാൻ പരിയാരം മെഡിക്കൽ കോളേജിലെ എന്റെ സുഹൃത്തായ ഡോക്ടറെ വിളിച്ച് വിവരമറിയിച്ചു. കൂടെ കൂടെ  അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ ഫോണിൽ ബന്ധപെട്ടുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ അസ്വസ്ഥത കൂടിയപ്പോൾ അദ്ദേഹത്തെ അവിടെ വഴിയരികിലുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു.  

അദ്ദേഹത്തിന്റെ ഭാര്യ ഉത്കണ്ഠയോടെ ഫോൺ അവിടെയുള്ള ഡോക്ടർക്ക് കൈമാറിയപ്പോൾ അദ്ദേഹത്തിൽ നിന്നും ഞാൻ കേട്ട വാക്കുകൾ  'ഹി ഈസ് നോ മോർ എന്നാണ്'. നഷ്ടങ്ങളുടെ ആഴം  നിശ്ചേയിക്കുന്നത് നമുക്ക് നഷ്ടമാവുന്നവർ എത്രത്തോളം നമ്മുക്ക് പ്രിയപെട്ടവരാണെന്നതിനനുസരിച്ചാണല്ലോ! 

പഠനസമയത്ത് മാത്രമല്ല സർവീസിൽ കയറിയതിനു ശേഷം തുടക്കം കുറിച്ച  പല സാമൂഹ്യ പ്രവർത്തനങ്ങൾക്കും കുഞ്ഞമ്പു സാറിന്റെ ഗുരുതുല്യമായ പ്രോത്സാഹനം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞങ്ങൾക്കിടയിലുള്ള ആത്മബന്ധമായിരിക്കണം അദ്ദേഹത്തിന്റെ അവസാനനാളുകളിൽ അദ്ദേഹത്തെ കാണണമെന്ന അതിയായ ആഗ്രഹം എന്നിലുടലെടുത്തത്.  മരണത്തിലേക്കുള്ള യാത്രയിൽ എന്നെ മാത്രം ബന്ധപ്പെടണമെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതും അതുകൊണ്ടായിരിക്കാം. ആ യാത്രയിൽ വിദൂരത്തു നിന്ന് ആണെങ്കിലും ഒപ്പമുണ്ടാകാൻ സാധിച്ചു എന്നുള്ളതു മാത്രമാണ് ആശ്വാസം. 

എന്റെ ഗുരുനാഥനായ കുഞ്ഞമ്പു സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപകദിന ആശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com