sections
MORE

ചായക്കടയില്‍ വച്ച് ആശയമുദിച്ചു; ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങി; സംഭവം വൻഹിറ്റ്‌!

Vinay_Kothari
SHARE

ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴുന്നതു പോലെയാണ് പലപ്പോഴും പലരുടെയും മനസ്സില്‍ സംരംഭകത്വ ആശയങ്ങള്‍ മുളയ്ക്കുന്നത്. വഴിയിലൂടെ നടന്നു പോകുമ്പോഴോ, വണ്ടിയോടിക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെയാകാം തലയില്‍  ആശയത്തിന്റെ ബള്‍ബ് മിന്നി തെളിയുന്നത്. 

മാര്‍ക്കറ്റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിനയ് കോത്താരിയുടെ തലയില്‍ സംരംഭകത്വ ആശയമുദിച്ചത് ഒരു ചായക്കടയില്‍ വച്ചാണ്. പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്തേക്കുള്ള ട്രക്കിങ്ങിനിടെ ഒരു ചായക്കടയില്‍ കയറിയ വിനയ്ക്കു കഴിക്കാന്‍ ലഭിച്ചത് ചക്കപ്പഴം കൊണ്ടുണ്ടാക്കിയ ബാറുകളാണ്. രുചിയേറിയ ഈ ചക്കബാറുകള്‍ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാതെ ആ പ്രദേശത്തെ സ്ത്രീകളുടെ സ്വയം സഹായ സംഘം ഉണ്ടാക്കിയതാണ്. ഇതൊക്കെയെന്താ തന്റെ നഗരത്തില്‍ ലഭിക്കാത്തത് എന്ന ചിന്തയാണ് വിനയ് കോത്താരിയെ സംരംഭകനാക്കിയത്. 

പിറ്റേന്ന് ആ പ്രദേശത്തുണ്ടാക്കിയ 30 കിലോ ഉത്പന്നങ്ങളുമായിട്ടാണു വിനയ് ബാംഗ്ലൂരിലേക്കു വണ്ടി കയറിയത്. അവിടെ ഒരു മാര്‍ക്കറ്റിലെ സ്റ്റാളില്‍ അവ വില്‍പനയ്ക്കു വച്ചു. മൂന്നു ദിവസത്തേക്കാണു സ്റ്റാള്‍ ബുക്ക് ചെയ്തിരുന്നതെങ്കിലും ആദ്യ ദിവസം ഉച്ച നേരത്തോടെ തന്നെ കൊണ്ടു വന്ന ഉത്പന്നങ്ങളെല്ലാം വിറ്റു പോയി. തനതു നാടന്‍ ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് ആണെന്ന് പരീക്ഷിച്ചറിഞ്ഞ വിനയ്  വൈകാതെ ഗോ ദേശി എന്ന സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി. പ്രാദേശിക രുചികള്‍ പാക്ക് ചെയ്ത് എത്തിക്കുന്ന ഫുഡ് ബ്രാന്‍ഡാണ് ഗോ ദേശി. 

പ്രാദേശിക വിഭവങ്ങളുണ്ടാക്കുന്ന സംരംഭകരെ കണ്ടെത്തി അവ സംഭരിക്കുകയായിരുന്നു ആദ്യ വെല്ലുവിളി. ഇതിനായി പ്രാദേശിക എന്‍ജിഒകളുടെയും ദേശ്പാണ്ഡേ ഫൗണ്ടേഷന്‍, കഡംബ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ശ്രമം ആരംഭിച്ചു. പതിയെ പതിയെ അവരുടെ വിശ്വാസം ആര്‍ജ്ജിച്ചു. പ്രാദേശിക സംരംഭകര്‍ക്കും ഈ ബന്ധം കൊണ്ടു മെച്ചമുണ്ടായി. 25 ശതമാനം ലാഭത്തിലാണു ഗോ ദേശിയുടെ മുന്നോട്ടുള്ള പ്രയാണം. 

തനതു ചേരുവകള്‍ മാത്രം ചേര്‍ത്തൊരുക്കുന്ന രുചിയാണ് ഇവരുടെ പ്രത്യേകത. പുളി മിഠായി, ചക്കപ്പഴ ബാര്‍, നാരങ്ങാ ഛാട്ട്, പഴം ഉണക്ക് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഈ സ്റ്റാര്‍ട്ട് അപ്പിന്റേതായി വിപണിയിലുണ്ട്. ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇമ്‌ലി പോപ് എന്ന പുളിമിഠായി മാത്രം 20 ലക്ഷമെണ്ണമാണ് നാളിതു വരെ വിറ്റഴിച്ചത്. 

വിനയ്‌യെ കൂടാതെ സഹോദരി രക്ഷയും സുഹൃത്ത് അഖിലും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 9 കോര്‍ അംഗങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന 75 പേരുമുണ്ട്. ഇവയില്‍ തന്നെ 80 ശതമാനം പേരും സ്ത്രീകളാണ്. ഒരു പ്രധാന യൂണിറ്റും ആറു മൈക്രോ യൂണിറ്റുകളുമുണ്ട്.

നിലവില്‍ കര്‍ണ്ണാടകത്തില്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങൾ ദക്ഷിണേന്ത്യയിലാകെ വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിനയ് കോത്താരിയും സംഘവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA