ADVERTISEMENT

ആത്മവിശ്വാസത്തെ ഫ്രെയിമിലാക്കിയതാണ് ഈ ചിത്രം. പ്രതിസന്ധികളോടു പൊരുതിപ്പൊരുതി അതിജീവനശേഷി നേടിയെടുത്ത മൂന്നു മിടുക്കർ. ഒരിക്കൽ അകറ്റി നിർത്തിയവർക്കിടയിലേക്കു തലയുയർത്തി കടന്നുവന്ന്, സ്വപ്നം കണ്ട ഇടത്തിലൊക്കെ സ്വന്തം മുദ്ര പതിപ്പിച്ച്, ‘തിരുത്തേണ്ടവർ ഞങ്ങളായിരുന്നു’ എന്ന് സമൂഹത്തെക്കൊണ്ടു പറയിപ്പിച്ചവരുടെ പ്രതിനിധികൾ. ഒരു റഗുലർ  കോളജിലെ റഗുലർ കോഴ്സിൽ അഡ്മിഷൻ നേടുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ വിദ്യാർഥികളുമാണ് ഇന്ന് ഇവർ.

മലബാർ ക്രിസ്ത്യൻ കോളജ്
സഞ്ജന: ജനിച്ചുവളർന്ന നാട്ടിൽ, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ ട്രാൻസ്പഴ്സൻ എന്ന സ്വത്വത്തിൽ നിന്നുകൊണ്ടു പഠനം പൂർത്തിയാക്കണമെന്നു വലിയ ആഗ്രഹമായിരുന്നു; വാശിതന്നെയായിരുന്നു. അപ്പോഴും ഇങ്ങനൊരു കോളജ് ലൈഫ് പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം സ്വത്വം തുറന്നുപറഞ്ഞതിന്റെ പേരിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും ത്യജിക്കേണ്ടിവന്ന സ്വപ്നങ്ങളും സന്തോഷങ്ങളും ഒരുപാടുണ്ട്. എല്ലാം ഒന്നൊന്നായി തിരികെക്കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ കുട്ടി എംസിസിയിൽ പഠിക്കുന്നുണ്ട് എന്ന് അഭിമാനത്തോടെ, ഒരിക്കൽ തള്ളിപ്പറഞ്ഞവർ ഇപ്പോൾ പറയുന്നുണ്ട്.

അനാമിക: എന്താവശ്യത്തിനും ഓടിയെത്തുന്ന കൂട്ടുകാരും യൂണിയൻ ഭാരവാഹികളുമുണ്ട്  ഇവിടെ. ‘വേറാരോ’ എന്ന ചിന്തയൊന്നുമില്ലാത്ത അധ്യാപകർ. പ്രത്യേക പരിഗണനയുമില്ല, അവഗണനയുമില്ല. എംസിസിയിലെ നൂറുകണക്കിനു കുട്ടികളിലൊരൊൾ മാത്രമായി ഞങ്ങളും. അങ്ങനെ കരുതപ്പടുന്നതുതന്നെ ഇവിടുത്തെ സന്തോഷം. പ്ലസ്ടു കഴിഞ്ഞ് നീണ്ടൊരു ഇടവേള വന്നതുകൊണ്ട് പഠിച്ചെടുക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട് ഇപ്പോൾ. അതു മാറും.

അഞ്ജലി: അനാമിക പറഞ്ഞതു തന്നെ, ജെൻഡർ ഫ്രണ്ട്‌ലി ആയ വിദ്യാർഥികളും അധ്യാപകരും. പക്ഷപാതങ്ങളൊന്നുമില്ല, അകറ്റിനിർത്തുന്നില്ല. ഏതെങ്കിലും തരത്തിൽ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സദാ ശ്രദ്ധിക്കുകയും ചെയ്യുന്നു. 

സമൂഹം, അന്നും ഇന്നും
അനാമിക:  10 വർഷം മുൻപത്തെയും ഇപ്പോഴത്തെയും സാഹചര്യം നോക്കിയാൽ 10% മാറ്റം വന്നെന്നേ പറയാനൊക്കൂ. ട്രാൻസ്ജെൻഡർ എന്നാൽ സെക്സ് ഒബ്ജക്ട് എന്ന കാഴ്ചപ്പാട് മാറാത്തവർ ഏറെയുണ്ട് ഇപ്പോഴും. ആ മുൻവിധിയുള്ളവരിൽനിന്നു ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട് – കോളജിലല്ല കേട്ടോ.

നടന്നാണു കോളജിൽ പോകുന്നത്. വഴിയിൽ ശല്യപ്പെടുത്താൻ വരുന്നവരുണ്ട്. ഒരിക്കൽ പൊലീസിനെ വിളിച്ചു. അപ്പോൾ തന്നെ അവർ കടന്നുകളഞ്ഞു. പക്ഷേ, നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തി സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. മുൻപ് അടിയന്തരമായി ആശുപത്രിയിൽ പോകുംവഴി പോലും ‘മറ്റെന്തിനോ’ എന്ന മുൻവിധിയിൽ സമീപിച്ചിരുന്ന പൊലീസാണ്. പേടിയായിരുന്നു അന്ന്. ഇന്നു ധൈര്യമായി പുറത്തിറങ്ങി നടക്കാൻ പറ്റുന്നുണ്ട്. ഈ മാറ്റം വൈകാതെ സമൂഹത്തിലേക്കും വരും.

സഞ്ജന: സമൂഹത്തിന്റെ മാറ്റം തുടങ്ങേണ്ടത് കലാലയത്തിലല്ലേ. എംസിസിയിൽ അതു തുടങ്ങി. ഇവിടെ ഞങ്ങൾക്കൊപ്പം പഠിച്ചിറങ്ങുന്ന ഒരാളും നാളെ ഒരു ട്രാ‍ൻസ്ജെൻഡറിനെ മാറ്റിനിർത്തില്ലെന്ന് ഉറപ്പാണ്. ഇപ്പോൾ എല്ലാ മേഖലയിലും ഞങ്ങളുടെ മുന്നേറ്റം കാണുന്നില്ലേ? ആളുകളിൽ നിന്നൊളിക്കേണ്ടിവരുന്ന, ഭയം മൂലം സ്വത്വം മറച്ചുവയ്ക്കേണ്ടി വരുന്ന അവസ്ഥയിൽനിന്നു ഞങ്ങൾ മുഖ്യധാരയിലേക്കെത്തിയില്ലേ? സമൂഹം മാറിത്തുടങ്ങിയതിന്റെ തെളിവാണ്.

അഞ്ജലി: 2006ൽ സ്വത്വം വെളിപ്പെടുത്തിയതിനു പിന്നാലെ നാടുവിടേണ്ടി വന്നു. പല സംസ്ഥാനങ്ങളിലായിരുന്നു വർഷങ്ങളോളം ജീവിതം. ഇപ്പോഴെനിക്കു നാട്ടിൽ വ്യക്തിമുദ്ര പതിപ്പിച്ചു തലയുയർത്തി നിൽക്കാനാകുന്നുണ്ട്. ‘നിനക്കു നീയായി ജീവിക്കാൻ കഴിയുന്നതിൽ സന്തോഷമേയുള്ളൂ’വെന്ന്, ആദ്യം തള്ളിപ്പറഞ്ഞവർതന്നെ പറഞ്ഞു. അതുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. ഞാനാഗ്രഹിച്ചിടത്ത് എത്തിയത് എങ്ങനെ ഒളിച്ചുനിൽക്കാൻ തക്ക തെറ്റാകും? സമൂഹം അതു മനസ്സിലാക്കും.

ട്രാൻസ് ബിൽ, സെക്‌ഷൻ 377
അനാമിക: അടുത്തിടെ വില്ലേജ് ഓഫിസിൽ ഒരാവശ്യത്തിനു ചെന്നു. അപ്പോൾ തന്നെ കാര്യം നടന്നു. എന്താവശ്യത്തിനും വരാൻ മടിക്കേണ്ടെന്ന് ഓഫിസർ പറഞ്ഞു. ട്രാൻസ് ബിൽ കൊണ്ടുവന്ന മാറ്റമാണത്. ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും കാഴ്ചപ്പാട് മാറിക്കഴിഞ്ഞു. അതു പൊതു സമൂഹത്തിലേക്കു പ്രതിഫലിക്കേണ്ടതുണ്ട്. സർക്കാർ ഇപ്പോൾ ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസം, താമസം ഒക്കെ ഒരുക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. എന്നാൽ, അവയൊക്കെ യാഥാ‍ർഥ്യമാകാൻ വൈകുന്നുണ്ട്.

സഞ്ജന: മുൻപ് അവകാശങ്ങൾക്കായി സമീപിക്കുമ്പോൾ ‘അങ്ങനെ നിയമമില്ല’ എന്ന മറുപടി പലതവണ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു അവകാശവും ആനുകൂല്യവും കിട്ടാതെ എത്രയോ കാലം! ബിൽ പാസായതോടെ, സ്വന്തം സ്വത്വത്തിൽ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നു. ഈ കോളജിൽ ഇപ്പോൾ പഠിക്കാൻ കഴിയുന്നതുതന്നെ അതുകൊണ്ടല്ലേ? നിയമത്തിലും സമൂഹത്തിലും ഒരുപാട് മാറ്റങ്ങൾ വന്നു. പല സർക്കാർ കോളജിലും സംവരണം വന്നു. അഭിമാനത്തോടെ മറ്റു വിദ്യാർഥികൾക്കൊപ്പമിരുന്നു‌ പഠിക്കാൻ കഴിയുന്നു. ഇനിയൊരാൾക്കും സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ സമൂഹത്തിൽനിന്ന് ഒളിക്കേണ്ടി വരരുത്, പഠനം നിർത്തേണ്ടി വരരുത്.

അഞ്ജലി: സർക്കാരിന്റെ ഭാഗത്തുനിന്നു വലിയ പിന്തുണ കിട്ടിത്തുടങ്ങി. ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടുന്നു. ആത്മവിശ്വാസം കൂടി.

ലക്ഷ്യം
അഞ്ജലി: സിനിമകളിലൂടെയും ചാനൽ ഷോയിലൂടെയും അറിയപ്പെട്ടുതുടങ്ങി, ഒരു കാലത്തു സാമ്പത്തികമായുൾപ്പെടെ നേരിട്ട പ്രതിസന്ധികൾ കുറച്ചൊക്കെ മാറി. എങ്കിലും ഇപ്പോഴും ജീവിതം ഒരു പോരാട്ടം തന്നെയാണ്. നല്ല സിനിമകൾ ചെയ്യണം. കൊതിപ്പിക്കുന്ന ഒരു നാട്ടിൽ സ്ഥിരതാമസമാക്കണം, ശാന്തമായി ജീവിക്കണം. അത്ര എളുപ്പത്തിൽ അതു യാഥാർഥ്യമാകാനുള്ള സാമൂഹിക സാഹചര്യം നമ്മുടെ നാട്ടിൽ ഇപ്പോഴില്ലല്ലോ.

അനാമിക: ജീവിക്കാനുള്ള പോരാട്ടത്തിലാണ്. താമസത്തിനും പഠനത്തിനും യാത്രയ്ക്കും ചികിത്സയ്ക്കുമെല്ലാമായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. 2 മുറി അപാർട്മെന്റിലെ അടുക്കളയുടെ ഒരു കോണിലാണു ഞങ്ങൾ 2 പേർ താമസം. അതിനു കൊടുക്കേണ്ടത് 5000 രൂപ. സ്കോളർഷിപ് ഉണ്ടെന്നറിഞ്ഞു, അപേക്ഷയും കൊടുത്തു. ഇതുവരെ കിട്ടിയിട്ടില്ല. വീട്ടുകാരുൾപ്പെടെ ജീവിതത്തോടു ചേർന്നുനിന്നവരൊക്കെ ഒരിക്കൽ കൈവിട്ടെങ്കിലും ആദ്യത്തെ ഷോക്ക് മാറിയപ്പോൾ ഒപ്പം നിൽക്കുന്നത് ചെറുതല്ലാത്ത സന്തോഷം തരുന്നു. പാർട് ടൈം ജോലി പലയിടത്തും അന്വേഷിക്കുന്നുണ്ട്. താമസിക്കാൻ സ്വന്തമായൊരു വീടും വരുമാനവുമായി സാധാരണ ജീവിതം നയിക്കാൻ കഴിയണമെന്ന ചെറിയ സ്വപ്നമേയുള്ളൂ.

സഞ്ജന: ഡാൻസ് എനിക്കു ജീവിതംതന്നെയാണ്. അതു തിരിച്ചുപിടിക്കണം. ട്രാൻസജെൻഡേഴ്സ് കലോത്സവം നവംബറിൽ വരുന്നുണ്ട്. അതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. നൃത്തം മുന്നോട്ടു കൊണ്ടുപോകണം. പഠിക്കണം. തലയുയർത്തി ജീവിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com