ADVERTISEMENT

പ്ലസ്ടുവിനു ഹ്യുമാനിറ്റീസ്, ഡിഗ്രിക്കു ലിബറൽ ആർട്സ് – ഈ പഠന വഴികളിലൂടെ പോകുന്നൊരു വിദ്യാർഥി ബിരുദ കോഴ്സിനൊടുവിൽ എവിടെ വരെയെത്തിയിരിക്കും ?

അവസാനപരീക്ഷയും കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന കൊച്ചി സ്വദേശി രേഷ്മ ജോളി ജോസഫ് അതിനുള്ള മറുപടി പറയും. പുണെ സിംബയോസിസിലെ നാലു വർഷ ഡിഗ്രി കോഴ്സിനിടെ രേഷ്മ പഠിച്ചത് അവിടെ മാത്രമല്ല, മൂന്നു വിദേശ സർവകലാശാലകളിൽ കൂടിയാണ്– ജർമനി, നെതർലൻഡ്സ്, ഇസ്രയേൽ എന്നിവിടങ്ങളിലായി. ആ അനുഭവ വൈവിധ്യത്തെക്കുറിച്ച് രേഷ്മ തന്നെ പറയട്ടെ.

@ ജർമനി
ഹാനോവറിലുള്ള ലെയ്ബ്നിസ് (Leibniz) യൂണിവേഴ്സിറ്റിയിലേക്കു കൾചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണു സിംബയോസിസിൽനിന്നു പോയത്. ‘ഹിസ്റ്ററി ഓഫ് ആഫ്രിക്ക’ എന്ന വിഷയത്തിലായിരുന്നു പഠനം. പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കൊപ്പമുള്ള ജീവിതം. ഇന്ത്യൻ വസ്ത്രധാരണരീതി പോലും അവിടെ ചർച്ച ചെയ്യപ്പെട്ടു. വീസാ നടപടിക്രമങ്ങളും മറ്റും പൂർത്തിയാക്കിയുള്ള ആദ്യ വിദേശയാത്ര ശരിക്കും മാറ്റിമറിച്ചു. സ്വയംപര്യാപ്തത ശീലിക്കാനും ആത്മബലം കൂട്ടാനും സഹായിച്ചത് ആ പഠനകാലമാണ്.

@ നെതർലൻഡ്സ്
റാഡ്ബോഡ് ( Radboud) യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്ത്യൻ ഓഷൻ വേൾ‍ഡ് കോൺഫറൻസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളായി. ‘കുടിയേറ്റം’ എന്നതായിരുന്നു വിഷയം. കേംബ്രിജ് അടക്കമുള്ള ലോകപ്രശസ്ത സർവകലാശാലകളിൽനിന്നുള്ളവർ പങ്കെടുത്ത കോൺഫറൻസിലെ ഏക ഇന്ത്യൻ പ്രതിനിധി. ‘ലക്ഷദ്വീപ് മലയാളികൾക്കിടയിലെ മരുമക്കത്തായം’എന്ന പേപ്പർ  ആണ് അവതരിപ്പിച്ചത്.  യൂണിവേഴ്സിറ്റി അധികൃതരുടെ സഹായമില്ലാതെ ഒറ്റയ്ക്കു ഗൂഗിളിൽ തിരഞ്ഞു കണ്ടെത്തിയ പ്രോഗ്രാമായിരുന്നു അത്. പേപ്പർ പ്രപ്പോസൽ അയച്ചു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

@ ഇസ്രയേൽ
ടെൽ അവീവ് (Tel Aviv) യൂണിവേഴ്സിറ്റിയുടെ രണ്ടു മാസത്തെ സ്കോളർഷിപ് പ്രോഗ്രാമിനു സിംബയോസിസിൽനിന്ന് അയയ്ക്കുകയായിരുന്നു. ‘മിഡിൽ ഈസ്റ്റ് കോൺഫ്ലിക്റ്റ്സ്’ എന്ന വിഷയത്തിൽ പഠനം. എല്ലാ സൗകര്യങ്ങളും യൂണിവേഴ്സിറ്റി അനുവദിച്ചു. ഈ വിഷയത്തിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ പോയി പഠിക്കുക വലിയ അനുഭവമാണ്. ക്ലാസ് മുറികൾക്കരികിലും ഹോസ്റ്റലിലുമെല്ലാം ബങ്കറുകളുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ എങ്ങനെ രക്ഷപ്പെടണമെന്നു കാണിക്കുന്ന ഹാൻഡ് ബുക് ആദ്യദിനം തന്നെ കിട്ടി. ബങ്കറിലേക്കുള്ള വഴിയും കാണിച്ചുതന്നു. കൗതുകകരമായ അനുഭവം.

കൊച്ചിയിൽ ബിസിനസ് ചെയ്യുന്ന ജോളി ജോസഫിന്റെയും മറൈൻ ബയോളജിസ്റ്റ് ഇന്ദു മേനോന്റെയും മകളാണു രേഷ്മ.

സ്കോളർഷിപ് ടിപ്സ്
വെറുതെ ഗൂഗിളിൽ തിരയുന്നതിലല്ല കാര്യം; എന്ത്, എവിടെ, എങ്ങനെ പഠിക്കണമെന്ന കൃത്യമായ ധാരണയോടെ തിരയണം. വിദേശ സ്കോളർഷിപ് എന്നു ഗൂഗിളിൽ സേർച് ചെയ്താൽ അവസരങ്ങളുടെ കടലിലേക്കിറങ്ങിയതു പോലെ തോന്നും. അതുപാടില്ല. വിഷയത്തിലും ലക്ഷ്യത്തിലും ഊന്നിയുള്ള അന്വേഷണമായിരിക്കണം. ഇന്ത്യൻ വിദ്യാർഥികൾക്കു മാത്രമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പ്രത്യേകമായുമൊക്കെ വിദേശ സ്കോളർഷിപ്പുകളുണ്ട്. അവ കണ്ടെത്തുന്നതിലാവണം മിടുക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com