അന്ന് വെള്ളപ്പാണ്ടിനെ കളിയാക്കി; ഇന്ന് ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ മത്സരിക്കുന്നു!

winnie harlow
SHARE

ഈ കഥ നടക്കുന്നതു കാനഡയിലാണ്. ടൊറന്റോയിൽ. ജമൈക്കയിൽ നിന്നു കുടിയേറിയ വിൻഡസർ യങ്ങിന്റെയും ലിസാ ബ്രൗണിന്റെയും മകളായി 1994 ജൂലൈ 27 നു ചാന്റ്‍ലി ബ്രൗൺ യങ് ജനിച്ചു. രണ്ട് ഇളയ സഹോദരിമാരെയും ചാന്റ്‍ലിയെയും അമ്മയാണു വളർത്തിയത്. സഹോദരിമാരോടൊന്നിച്ച്, കൂട്ടുകാർക്കിടയിൽ വളരെ മിടുക്കിയായാണ് അവൾ 4 വയസ്സു വരെ ജീവിച്ചത്. 1998ലാണു ചാന്റ്‍ലിയുടെ ജീവിതം കീഴ്മേൽ മറിയുന്നത്. 

മുഖത്തു ചെറിയ നിറവ്യത്യാസം ആദ്യം കണ്ടെത്തിയത് അമ്മയാണ്. ദിവസങ്ങൾ കടന്നു പോകുമ്പോൾ അതു വലുതായി. അമ്മ മകളെയും കൂട്ടി ആശുപത്രിയിലെത്തി. പരിശോധനകൾക്കു ശേഷം ഡോക്ടർ പറഞ്ഞു, വിറ്റിലിഗോ എന്ന രോഗമാണ്. മരുന്നില്ല, മാറ്റവും. പൗഡറും മേക്കപ്പ് ക്രീമുകളും നിറം മങ്ങിയ ശരീരഭാഗങ്ങളിൽ പുരട്ടിയാണ് അമ്മ അവളെ വീടിനു വെളിയിൽ ഇറക്കിയത്. 

ഒരുദിവസം പതിവുപോലെ കളിക്കുമ്പോഴാണു കൂട്ടത്തിലൊരാൾ അവളുടെ ശരീരത്തിലെ വെള്ളപ്പാണ്ടു കണ്ടുപിടിച്ചത്. നീയെന്താ സീബ്രയാണോ എന്നു കളിയാക്കുകയും ചെയ്തു. അന്നോളം അമ്മ മറച്ചു വച്ച രഹസ്യം ആ ദിവസം മറനീക്കി പുറത്തു ചാടി. പിന്നെ കാതുകളിൽ നിന്നു കാതുകളിലേക്കു പറന്നു. അതോടെ കളിക്കളത്തിൽ അവൾ ഒറ്റപ്പെട്ടു. 

winnie-harlow2

കൂട്ടുകാരുടെ കളിയാക്കലുകൾ വല്ലാതെ വേദനിപ്പിച്ചു. ഹൈസ്കൂളിൽ ചേർന്നതോടെ അവഗണനയുടെ കാഠിന്യം കൂടി. ഇനി സ്കൂളിൽ പോകുന്നില്ലെന്ന് അമ്മയോടു പറഞ്ഞു. അവളെ മറ്റൊരു സ്കൂളിൽ ചേർത്തു. അവിടെയും സ്ഥിതി മറിച്ചല്ലായിരുന്നു. അവളോടു കൂട്ടുകൂടിയാൽ രോഗം തങ്ങൾക്കും പടരുമെന്നാണു സഹപാഠികൾ കരുതിയത്. സ്കൂളുകൾ മാറി നോക്കി. എല്ലായിടത്തും എല്ലാ സീമകളും തകർന്നതോടെ അവൾ പഠനം നിർത്തി. 

അന്നു വിഷാദത്തോടെ സ്കൂളിന്റെ പടിയിറങ്ങിയ ചാന്റ്ലിയെ ലോകം പിന്നീടു ശ്രദ്ധിക്കുന്നതു വർഷങ്ങൾക്കു ശേഷമാണ്. 2018 ഒക്ടോബറിൽ പാരീസ് ഫാഷൻ വീക്കിൽ ചുവപ്പ് വസ്ത്രമണിഞ്ഞ മോഡൽ വെള്ളപ്പാണ്ട് പടർന്ന കൈകളുയ ത്തി ആ ഇരുപത്തിനാലുകാരി എല്ലാവരെയും അഭിവാദ്യം ചെയ്തു. സദസ്സ് ആർത്തു വിളിച്ചു– ‘വിന്നി ഹാർലോ’.

പഴയ ചാന്റ്ലി പിന്നീടു ലോകത്തിനു മുന്നിൽ വെളിപ്പെട്ടതു വിന്നി ഹാർലോ എന്ന പേരിലാണ്. നടന്നു തീർത്ത കനൽ വഴികളുടെ ഓർമയായാണു ഹാർലോ എന്ന പേരു സ്വീകരിച്ചത്. ഒറ്റപ്പെടലിന്റെ തുരുത്തിലേക്കു പിൻവാങ്ങിയ ചാന്റ്ലി വിന്നിയായി പുനർ ജനിക്കുകയായിരുന്നു. ലോകത്തോടു സംസാരിക്കാൻ വിന്നി ഹാർലോ എന്ന പേരിൽ 2011 –ൽ യൂട്യൂബിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആ വിഡിയോയിലൂടെ തന്റെ അവസ്ഥയെപ്പറ്റി അവൾ ലോകത്തോടു സംസാരിച്ചു. വിറ്റിലിഗോയുടെ വക്താവെന്നാണവൾ പരിചയപ്പെടുത്തിയത്. സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളിലൂടെ തനിക്ക് അതിർവരമ്പുകൾ സൃഷ്ടിച്ച സമൂഹത്തിലേക്ക് അതേ വഴികളിലൂടെ തിരിച്ചെത്താൻ തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി വേഷപ്പകർച്ചകളോടെ അവൾ ഫോട്ടോകളിട്ടു. 

അമേരിക്കയിലെ മോഡൽ അവതാരകയായ ടൈറ ബാങ്ക്സ് ഇൻസ്റ്റഗ്രാമിൽ വിന്നിയുടെ ഫോട്ടോ കണ്ടു. മോഡലിങ്ങിന്റെ പുതിയ സാധ്യത അവളിൽ ടൈറ കണ്ടു. 

അമേരിക്കയിലെ നെക്സ്റ്റ് ടോപ് മോഡൽ ഷോയിലേക്കു 2014 – ല്‍ വിന്നി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ടില്‍ പുറത്തായെങ്കിലും പുതിയ ഓഫറുകൾ അവളെ തേടിയെത്തി. സ്പാനിഷ് ഫാഷൻ ബ്രാൻഡായ ഡെസിഗ്‍വല്ലിന്റെ അംബാസിഡറായാണു തുടക്കം. തൊട്ടടുത്ത വർഷം ലണ്ടൻ ഫാഷൻ വീക്കിലൂടെ റാംപ് മോഡലിങ്ങിൽ വരവറിയിച്ചു. തുടർന്നു ലോകത്തിലെ മിക്ക ഫാഷൻ ഷോകളിലും പുരസ്കാരങ്ങൾ അവളെ തേടിയെത്തി. പ്രമുഖ ഫാഷൻ മാഗസിനുകളുടെ കവർ ഗേളായി. ലോകത്തെ സ്വാധീനിച്ച 100 വനിതകളിലൊരാളായ ബിബിസി 2016 –ൽ വിന്നിയെ തിരഞ്ഞെടുത്തു. സൗന്ദര്യമല്ല ആത്മവിശ്വാസമാണ് അഴകെന്നു വിന്നി ലോകത്തെ പഠിപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA