sections
MORE

അഭയാർഥി ക്യാംപിൽ നിന്ന് ലോക ഫുട്ബോളറിലേയ്ക്ക്, ഇത് ലൂക്ക മോഡ്രിച്ച്; അതിജീവനത്തിന്റെ ആൾരൂപം

Luka Modric
SHARE

മൂന്നു ദിവസമായി മുത്തച്ഛനെ കാണാതായിട്ട്. പശുക്കളെ മേയ്ക്കാൻ പോയതാണ്. ചില തവണ വൈകാറുണ്ടെങ്കിലും  ഇത്തവണ മുത്തച്ഛന്റെ അഭാവം കൊച്ചു ലൂക്കയിൽ ഭീതി നിറച്ചു. 

മുത്തച്ഛനെന്താ വൈകുന്നത്......?

പിതാവ് സ്റ്റയിപിനോട് അവൻ തന്റെ ആശങ്ക അറിയിച്ചു.

വരും, വരാതിരിക്കില്ല....

മകനെ സമാധാനിപ്പിക്കുമ്പോഴും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. അവന്റെ മുത്തച്ഛന്‍ തിരിച്ചു വരുമെന്ന്. കാരണം ക്രൊയേഷ്യയിൽ യുദ്ധമാണ്. സെർബിയൻ പട ക്രോട്ട് ഗ്രാമ ങ്ങളിൽ ആക്രമം അഴിച്ചു വിടുന്നു. ക്രൊയേഷ്യൻ വംശജരോടു നാടുവിട്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുന്ന സമയമാണ്. ലൂക്കായ്ക്ക് അന്ന് ആറുവയസ്സാണ്.

താരതമ്യേന  ചെറിയ ഗ്രാമമായ മോഡ്രിച്ചിലും സെർബിയൻ അനുകൂലികളുടെ ഭീഷണിയുണ്ട്. എന്നാൽ അവർക്കു മുന്നിൽ മുട്ടുകുത്താൻ തയാറാകാത്ത ഒരു പഴയ പട്ടാളക്കാരനായിരുന്നു ലൂക്കയുടെ മുത്തച്ഛൻ. നാടുവിട്ടു പോകാൻ അദ്ദേഹം തയാറായില്ല. അത്തരം കുടുംബങ്ങളെ തേടിപിടിച്ചു ശത്രു സൈന്യം വേട്ടയാടി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന മൈനുകൾ കുഴിച്ചിട്ടിരിക്കുന്ന വഴികളിലൂടെയായിരുന്നു കൊച്ചു ലൂക്കായുടെ ബാല്യം നടന്നത്. 

1991 ഡിസംബർ 8 നാണു കാര്യങ്ങൾ മാറി മറിയുന്നത്. പശുക്കളെ മേയ്ക്കാൻ മുത്തച്ഛൻ പോയിട്ടു മൂന്നു ദിവസം കഴിഞ്ഞു. എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നുവെന്ന തോന്നൽ വീട്ടിൽ ഓരോരുത്തർക്കും ഉണ്ടായി. പിതാവ് പോയ വഴിയെ സ്റ്റയിപ് കുറച്ചു കൂട്ടുകാരുമായി തിരക്കിയിറങ്ങി. വഴിയിൽ ആരോ പറഞ്ഞാണറിഞ്ഞത്. പശുമേയ്ക്കാനെത്തിയ ഒരു വൃദ്ധനെ ശത്രു സൈന്യം  വെടിവച്ചു കൊന്നു. പിന്നെ വൈകിയില്ല. ആ കുടുംബം അവിടം വിട്ടു. അവരുടെ വീടു ശത്രുക്കൾ തീയിട്ടു നശിപ്പിച്ചു. ലൂക്കായ്ക്ക് ഒരു ഇളയ സഹോദരിയുണ്ട്. ജാസ്മിൻ. 

അവരുടെ അമ്മ റിഡോജേക്കയ്ക്ക് ഒരു തുണിക്കടയിലായിരുന്നു ജോലി. അച്ഛൻ ഒരു മെക്കാനിക്കും. സദർ പട്ടണത്തിലെ അഭയാർഥി ക്യാംപിലേക്കാണ് അവർ എത്തിയത്. ഭക്ഷണമോ തലചായ്ക്കാൻ സൗകര്യങ്ങളോ ഇല്ലാത്ത കാലം. ഇക്കാലയളവിലെല്ലാം മുത്തച്ഛനെക്കുറിച്ചുള്ള ഓർമകൾ കൊച്ചു ലൂക്കയെ വിടാതെ പിന്തുടർന്നു. മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ ലൂക്കായും സഹോദരിയും മുത്തച്ഛനോടൊപ്പമായിരുന്നു ജീവിച്ചത്. ആ കാലത്തെ നേരം പോക്ക് ഫുട്ബോൾ കളിയായിരുന്നു. ആ ഓർമയിൽ അഭയാർഥി ക്യാംപിന്റെ ചെറിയ വട്ടത്തിൽ കൊച്ചു ലൂക്ക പന്തു തട്ടിത്തുടങ്ങി. വേദനകളെ ആ കുഞ്ഞു കഴുകിക്കളഞ്ഞതു ഫുട്ബോൾ കളിയിലൂടെയാണ്. എതിരാളികളില്ലാത്ത കളിക്കളമായിരുന്നു. ആദ്യനാളുകളിൽ. ക്യാംപിന്റെ ചെറുവഴികളിലൂടെ ആ ബാലൻ ഫുട്ബോളുമായി ഓടി നടന്നു. 

1995 ൽ ക്രൊയേഷ്യ സ്വതന്ത്രമായതോടെ ലൂക്കയുടെ സ്വപ്നങ്ങൾക്കും ചിറകു മുളച്ചു. തൊട്ടടുത്ത വർഷം, സദറിലെ ഫുട്ബോൾ ക്ലബ്ബിൽ ചേർന്നു. 10 മുതൽ 15 വയസ്സുവരെ ക്രൊയേഷ്യയിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. പ്രഫഷനൽ ഫുട്ബോൾ താരമാകാൻ വേണ്ട ശാരീരിക ക്ഷമതയില്ലെന്നു പറഞ്ഞു പ്രമുഖ ക്രൊയേഷ്യൻ ക്ലബ്ബുകൾ ഒഴിവാക്കിയ ചരിത്രവും ഈ താരത്തിനുണ്ട്. 2002–ൽ ക്രൊയേഷ്യയിലെ ഡൈനാമോ സാഗ്രെബിന്റെ താരമായതോടെയാണു ലൂക്കയിലെ ഫുട്ബോളർ തെളിയുന്നത്. പതിനെട്ടാം വയസ്സിൽ സീനിയർ ക്ലബ്ബിലെത്തി. 2008–ൽ ടോട്ടൻഹാമിലേക്കു പറന്നു. 2012 വരെ അവിടെ. തുടര്‍ന്നു റയൽമാ‍‍ഡ്രിൽ. അവിടെ നിന്നാണു ലൂക്ക മോഡ്രിച്ചെന്ന താരത്തിന്റെ മൂല്യം ലോകം തിരിച്ചറിയുന്നത്. വേദനയുടെ ചാരത്തിൽ നിന്ന് ഉയർന്നു പറന്ന ഈ താരം കഴിഞ്ഞ ലോക കപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചപ്പോൾ ലോകം അദ്ദേഹത്തിനു മുന്നിൽ ശിരസ്സു നമിച്ചു. ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ നിഷ്കളങ്കമായ മുഖത്തോടെ ലൂക്ക അപ്പോഴും ലോകത്തെ നോക്കി ചിരിച്ചു. വാഞ്ജാ ബോസ്നിക്കാണു ഭാര്യ. ഇവാനോ, എമ, സോഫിയ എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA