sections
MORE

ആഡംബര ജീവിതം ത്യജിച്ചു, കൂലിപ്പണിക്കാരനായി; മകളുടെ വെളിച്ചമായ അച്ഛൻ

fathima-family
ഉപ്പ അബ്ദുല്ല, ഉമ്മ ഫെബിന, സഹോദരങ്ങളായ റുഖയ്യ, സാറ എന്നിവർക്കൊപ്പം ഫാത്തിമ ഹവ്വ. ചിത്രം: സമീർ എ. ഹമീദ്
SHARE

‘‘ഇനി ഇവൾ ഈ കുടുംബത്തിൽ വേണ്ട. എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്ക്. അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടാക്ക്’’.

അനാഥാലയത്തിനു സംഭാവന നൽകാൻ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകിയ പിതാവിനോട് അബ്ദുല്ല പറഞ്ഞു– ‘‘ അഞ്ചു ലക്ഷം രൂപയേക്കാൾ വലുതാണ് എനിക്കീ കുഞ്ഞ്. അവൾക്കു കണ്ണുകാണില്ലായിരിക്കാം. പക്ഷേ, അവളുടെ വെളിച്ചമായി ഞാനുണ്ടാകും എന്നും കൂടെ...’’

കൊൽക്കത്ത സോൾട്ട് ലേക്ക് സിറ്റിയിലെ ആഡംബര വീട്ടിൽനിന്നു മകളെയുമെടുത്ത് അബ്ദുല്ല പടിയിറങ്ങി. ഭാര്യ മാളുബിയുടെയും മകൻ ആയുഷിന്റെയും ഓർമകൾ നിറയുന്ന ആ വീടിനെ അയാൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. നിറകണ്ണുകളോടെ മകൾ ഫാത്തിമ ഹൗവയെ ചേർത്തുപിടിച്ചുകൊണ്ട് അബ്ദുല്ല നടന്നു. 10 വർഷം മുൻപത്തെ ആ യാത്ര അവസാനിച്ചത് ഇങ്ങു കേരളത്തിലായിരുന്നു. 

ഇന്നു ഫാത്തിമയ്ക്ക് വയസ്സ് 14. ഒൻപതാം ക്ലാസ് വിദ്യാർഥി. കാഴ്ചപരിമിതയായ അവൾ കൊൽക്കത്തയിൽനിന്നു പോരുമ്പോൾ അമ്മയില്ലായിരുന്നു. കൂടപ്പിറപ്പായ സഹോദരനില്ലായിരുന്നു. എന്നാൽ, ഈ നാട് അവൾക്കെല്ലാം നൽകി. അവൾക്കുവേണ്ടി മാത്രം അമ്മയായെത്തിയ ഫെബിനയും സഹോദരങ്ങളായ റുഖയ്യയും സാറയുമുണ്ട്. മകൾക്കുവേണ്ടി എല്ലാം ത്യജിച്ച പിതാവ് അബ്ദുല്ലയുണ്ട്. ജീവിതത്തിൽ പ്രകാശം പരക്കാൻ അവൾക്ക് ഇവർ മതി. അതുകൊണ്ടാണു ഫാത്തിമയ്ക്ക് ഇത്ര സന്തോഷത്തോടെ പാടാൻ കഴിയുന്നത്. ഒരുതവണ അവളുടെ പാട്ടുകേട്ടവർ വീണ്ടും അതു കേൾക്കാൻ ആഗ്രഹിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഫാത്തിമ ഹൗവയുടെ പാട്ടുകൾ തരംഗമായി മാറുകയാണ്.  

∙ കേരളം വിളിച്ചപ്പോൾ

‘‘കണ്ണുകാണാത്ത ഈ മകളെ നീ എന്തുചെയ്യും?’’

ഭാര്യ മാളുബി മരിച്ചപ്പോൾ അബ്ദുല്ലയോടു ബന്ധുക്കളുടെ ചോദ്യമിതായിരുന്നു. അബ്ദുല്ലയുടെ പിതാവ് കൊൽക്കത്തയിലെ പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു. ബെംഗളൂരുവിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അബ്ദുല്ല സിവിൽ കോൺട്രാക്ടറായി. സർക്കാർ നിർമാണക്കരാറുകൾ കിട്ടിയതോടെ ജീവിതത്തിനു തിരക്കേറി. ഈ സമയത്തായിരുന്നു മാളുബിയുമായുള്ള വിവാഹം. ഒരു വർഷം കഴിഞ്ഞപ്പോൾ മാളുബി ഇരട്ടക്കുട്ടികളുടെ അമ്മയായി. കണ്ണുകളിൽ ഇരുട്ടുനിറഞ്ഞാണ് ഫാത്തിമ അമ്മയ്ക്കരികിലെത്തിയത്. പൂർണ വളർച്ചയെത്താതെയായിരുന്നു പ്രസവം. ഫാത്തിമയ്ക്കു കാഴ്ച നഷ്ടപ്പെടാൻ കാരണം അതായിരുന്നു. 

‘കണ്ണുകാണാത്ത പെൺകുട്ടി’. അതായിരുന്നു എല്ലാവരുടെയും പ്രശ്നം. മാതാപിതാക്കൾക്ക് അവൾ പൊൻമകൾ തന്നെയായിരുന്നെങ്കിലും സമ്പന്ന കുടുംബത്തിന്റെ അന്തസ്സിനു ചേർന്നതായി അവർ കണ്ടില്ല. കുറ്റപ്പെടുത്തലുകൾ കൂടിയതോടെ മാളുബിക്കു രക്തസമ്മർദം കൂടി. വൃക്കയുടെ പ്രവർത്തനം തടസ്സപ്പെട്ടു. മക്കൾക്കു 4 വയസ്സുള്ളപ്പോൾ, താരാട്ടുപാട്ടു മാത്രം ബാക്കിയാക്കി അമ്മ അവരെ വിട്ടുപോയി. പാട്ടിലൂടെയായിരുന്നു ഫാത്തിമ അമ്മയെ അറിഞ്ഞിരുന്നത്. ആ പാട്ടുനിലച്ചപ്പോൾ അവൾ അച്ഛനോടു ചോദിച്ചു– ‘‘എന്റെ അമ്മയെവിടെ?’’

‘‘ അമ്മ മരിച്ചുപോയി’’ എന്നു പറഞ്ഞപ്പോൾ അവൾക്കു മനസ്സിലായില്ല. വെളിച്ചമില്ലാത്ത ലോകത്ത് അവൾക്കു മരണം എന്തെന്നറിയില്ലായിരുന്നു. കുറച്ചു മാസം കഴിഞ്ഞപ്പോൾ സഹോദരൻ ആയുഷും അമ്മയുടെ അടുത്തേക്കു യാത്രയായി. പനി മൂർച്ഛിച്ചതായിരുന്നു മരണകാരണം. 

‘കണ്ണുകാണാത്തവൾ’ എന്നു പറഞ്ഞിരുന്ന ബന്ധുക്കൾ ‘ഭാഗ്യംകെട്ടവൾ’ എന്നൊരു വിശേഷണംകൂടി ഫാത്തിമയ്ക്കു നൽകി. അങ്ങനെയാണു മുത്തച്ഛൻതന്നെ അവളെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. 

ഭാര്യയുടെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവാക്കേണ്ടിവന്ന അബ്ദുല്ല അപ്പോഴേക്കും വലിയൊരു സംഖ്യയുടെ കടക്കാരനായിരുന്നു. കരാറുപണിയെല്ലാം നിർത്തിവയ്ക്കേണ്ടി വന്നു. ഔദാര്യങ്ങൾക്കൊന്നും കാത്തുനിൽക്കാതെ കയ്യിൽ പണമൊന്നുമില്ലാത്ത അയാൾ മകളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി. 

∙ നിങ്ങളെന്റെ ഉമ്മയാകുമോ ?

മകളെയും കൊണ്ടു വർക്കലയിലാണ് അബ്ദുല്ല ആദ്യം എത്തിയത്. അവിടെ ഒരു ബേക്കറിയിൽ ജോലി ലഭിച്ചു. നൂറുകണക്കിനു ജോലിക്കാർക്കു ശമ്പളം കൊടുത്തിരുന്ന അബ്ദുല്ല ആദ്യമായി മറ്റൊരാളുടെ കീഴിൽ ജോലിക്കാരനായി. 

വർക്കലയിൽ ഒരു അന്ധവിദ്യാലയത്തിൽ മകളെ ചേർത്തു. എന്നാൽ അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഫാത്തിമയ്ക്കു സാധിച്ചില്ല. ഈ സ്കൂളിലെ അധ്യാപകനാണു കോഴിക്കോട്ടെ റഹ്മാനിയ സ്പെഷൽ സ്കൂളിനെക്കുറിച്ചു പറയുന്നത്. അടുത്ത ദിവസം തന്നെ അബ്ദുല്ല മകളെയും കൂട്ടി റഹ്മാനിയയിലെത്തി.  

FATHIMA-
ഫാത്തിമ ഹവ്വ. ചിത്രം: സമീർ എ. ഹമീദ്

മകളെ സ്കൂളിൽ ചേർത്ത് അബ്ദുല്ല വർക്കലയിലേക്കു ജോലിക്കു മടങ്ങി. അറിയാത്ത നാട്, അറിയാത്ത ഭാഷ... എല്ലാംകൊണ്ടും അവൾ ഒറ്റപ്പെട്ടുപോയി. കാഴ്ചയില്ലായ്മയെക്കാൾ പ്രയാസമായിരുന്നു അതെല്ലാം. എന്നാൽ, ഏതു കൂരിരുട്ടിലും മനുഷ്യർക്കൊരു ആശ്വാസ കിരണം ലഭിക്കുമല്ലോ. അതായിരുന്നു ഫെബിന.

നിലമ്പൂർ ചന്തക്കടവ് ഓടക്കൽ ഷെരീഫ്– ഫാത്തിമ ദമ്പതികളുടെ മകളായ ഫെബിന റഹ്മാനിയ മദ്രസയിൽ അറബിക് അധ്യാപികയും പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനുമായിരുന്നു. ഫാത്തിമ പെട്ടെന്നുതന്നെ ഫെബിനയുമായി അടുത്തു. അവരാണ് മലയാളമൊക്കെ പഠിപ്പിച്ചത്. അവധി ദിവസങ്ങളിൽ മറ്റു കുട്ടികൾ സ്വന്തം വീട്ടിലേക്കു പോകുമ്പോൾ ഫാത്തിമ പിതാവിനെയും കാത്തിരിക്കും. പക്ഷേ, ജോലിസ്ഥലത്തുനിന്ന് അവധികിട്ടാത്തതിനാൽ അബ്ദുല്ലയ്ക്ക് എത്താൻ സാധിക്കില്ല. അങ്ങനെയുള്ള ഒരു കണ്ണീർ സായാഹ്നത്തിൽ ഫെബിന ചോദിച്ചു –

‘‘ ഫാത്തിമ എന്റെ കൂടെ നിലമ്പൂരിലെ വീട്ടിലേക്കു പോരുന്നോ?’’.

അവൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. സ്കൂളിൽനിന്ന് അനുമതി വാങ്ങി ഫെബിന അവളെയും കൂട്ടി വീട്ടിലേക്കു പോയി. ആ യാത്ര രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ചു എന്നുതന്നെ പറയാം. രണ്ടുദിവസം ഫെബിനയുടെകൂടെ കഴിഞ്ഞപ്പോഴേക്കും ഹൃദയംകൊണ്ട് അവർ വല്ലാതെ അടുത്തിരുന്നു.

‘‘ ഞാൻ ഉമ്മാന്ന് വിളിച്ചോട്ടെ’’. ഫാത്തിമയുടെ ചോദ്യംകേട്ടു ഫെബിന ആദ്യമൊന്നു ഞെട്ടി. അവളുടെ നെറുകയിൽ ചുടുചുംബനമായിരുന്നു മറുപടി. അന്നു മുതൽ ഫെബിന അവൾക്ക് ഉമ്മയായി. 

അബ്ദുല്ല മകളെ കാണാൻ വന്നപ്പോൾ ഫാത്തിമ തനിക്ക് ഉമ്മയെ കിട്ടിയ കാര്യം പറഞ്ഞു. മകളുടെ ഒരു തമാശയായിട്ടാണ് അയാളതിനെ കരുതിയത്. 

മറ്റൊരുദിവസം അവൾ ഉപ്പയോടു ചോദിച്ചു–

‘‘ ന്റുമ്മാനെ കല്യാണം കഴിക്ക്യോ?’’. 

ജീവിതത്തിൽ ഇനിയൊരു കല്യാണം ഇല്ലെന്ന് ഉറപ്പിച്ചതായിരുന്നു അബ്ദുല്ല. പക്ഷേ, മകളുടെ നിർബന്ധം. ഫെബിനയെ മറ്റാരെങ്കിലും കല്യാണംകഴിച്ചാൽ തനിക്ക് ഉമ്മ നഷ്ടപ്പെട്ടുപോകുമല്ലോ എന്ന പേടിയായിരുന്നു അവൾക്ക്. ഉപ്പയോടു പിണങ്ങിയും ഭക്ഷണം കഴിക്കാതെ സമരം ചെയ്തും ഫാത്തിമ അബ്ദുല്ലയുടെ മനസ്സു മാറ്റിയെടുത്തു. ഫെബിനയെ വിവാഹം കഴിക്കാൻ അയാൾ സമ്മതം മൂളി. 

ഫെബിനയുടെ വീട്ടിൽ വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ ചിലർ എതിർത്തു. ബംഗാളിൽ നിന്നു വന്ന ഒരാൾക്കു മകളെ വിവാഹം കഴിച്ചുകൊടുക്കുന്നതിലുപരി കണ്ണുകാണാത്തൊരു കുട്ടിയെ നോക്കേണ്ടിവരുമെന്നൊക്കെ ബന്ധുക്കൾ പറഞ്ഞു. ഫാത്തിമയെ പിരിഞ്ഞൊരു ജീവിതം ഫെബിനയ്ക്കും സാധ്യമല്ലായിരുന്നു. സ്കൂൾ അധികൃതരും സഹപ്രവർത്തകരുമെല്ലാം ഇടപെട്ട് ആ വിവാഹം നടത്തി. കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പ് പെരുവയലിൽ വീടു വാടകയ്ക്കെടുത്തു താമസം തുടങ്ങി. 

ഒരുദിവസം ഫാത്തിമ ഫെബിനയോടു ചോദിച്ചു.

‘‘ എനിക്കെന്റെ ഉമ്മാന്റെ പാട്ടുപാടിത്തരുമോ?’’

ആ പാട്ട് ഏതാണെന്നു ഫെബിനയ്ക്ക് അറിയില്ലായിരുന്നു. കുഞ്ഞുനാളിൽ കൊൽക്കത്തയിലെ വീട്ടിൽ മാളുബി പാടുന്നൊരു താരാട്ടുപാട്ടായിരുന്നു ഫാത്തിമ ചോദിച്ചത്. നക്ഷത്രങ്ങൾക്കിടയിൽ അമ്മയെ തേടുന്നൊരു കുട്ടിയുടെ പാട്ട്. കൂട്ടിലെ പഞ്ചവർണത്തത്തയോട് അമ്മയെ ചോദിക്കുമ്പോൾ ആകാശത്തു നക്ഷത്രങ്ങൾക്കിടയിൽ ഉണ്ടെന്നു പറയുന്ന ആ ഗാനം ഫാത്തിമയുടെ ഉള്ളിൽ പതിഞ്ഞിരുന്നു. 

ഗായകനായിരുന്ന അബ്ദുല്ല ആ പാട്ടുമുഴുവൻ മകളെ പഠിപ്പിച്ചു. ഫാത്തിമയ്ക്കു പാടാനുള്ള കഴിവുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഫെബിന മലയാളം പാട്ടുകൾ പഠിപ്പിക്കാൻ തുടങ്ങി. രണ്ടാമത്തെ കുട്ടി റുഖയ്യ ജനിച്ചപ്പോഴും ഉമ്മയുടെ താരാട്ടു പാടിക്കൊടുക്കാനാണ് ഫാത്തിമ ആവശ്യപ്പെട്ടത്. 

∙ സംഗീതം എല്ലാറ്റിനെയും  മറികടക്കും

ഒരു സ്കൂൾ കലോത്സവവേദിയിൽ വച്ചാണു സംഗീത അധ്യാപകനായ നിസാർ തൊടുപുഴ ഫാത്തിമയുടെ പാട്ടുകേട്ടത്. അപാരമായ സ്വരമാധുരിയുള്ള അവളെപ്പറ്റി ചോദിച്ചറിഞ്ഞപ്പോൾ നിസാറിനു സഹതാപമൊന്നും തോന്നിയില്ല. കാരണം കണ്ണിലെ വെളിച്ചം മാത്രമല്ല ജീവിതമെന്നു തിരിച്ചറിഞ്ഞ ആളായിരുന്നു നിസാറും. കാഴ്ചപരിമിതിയെ സംഗീതം കൊണ്ടു മറികടന്ന നിസാർ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

മഞ്ചേരിക്കടുത്ത് വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ സംഗീതാധ്യാപകനായ നിസാർ അവളുടെ സംഗീത പഠനം ഏറ്റെടുത്തു. മങ്കട ജിഎച്ച്എസ്‍എസിലേ‍ക്ക് പഠനം മാറിയതു തന്നെ നിസാറിനു കീഴിൽ സംഗീതം പഠിക്കാനാണ്. വള്ളിക്കാപ്പറ്റ സ്കൂളിലെ ഹോസ്റ്റലിൽ ചേർന്നു. നിസാറിന്റെ ചാലഞ്ചേഴ്സ് വോയ്സ് എന്ന ഗാനമേള ട്രൂപ്പിൽ ഫാത്തിമ പാടാൻ തുടങ്ങിയതോടെ ആളുകൾ അവളെ അറിയാൻ തുടങ്ങി. ഹിന്ദി, മലയാളം, ബംഗാളി ഗാനങ്ങൾ ഒരുപോലെ പാടുന്ന ഫാത്തിമയ്ക്ക് ഏറെ ഇഷ്ടം ഉമ്മ പാടിയിരുന്ന താരാട്ടുപാട്ടായിരുന്നു. 

ആ പാട്ടിനോടുള്ള ഫാത്തിമയുടെ ബന്ധം മനസ്സിലാക്കിയ സംഗീത അധ്യാപകൻ അവൾക്കായി അതിന് ഉപകരണ സംഗീതമൊരുക്കി. സ്റ്റുഡിയോയിൽ ഫാത്തിമയുടെ സ്വരത്തിൽ ഗാനം റിക്കോർഡ് ചെയ്തു. ഒരു നക്ഷത്രത്തിന്റെ നെഞ്ചിടിപ്പുകൾ എന്ന ആ ആൽബം സമൂഹമാധ്യമങ്ങളിൽ ഹിറ്റാണിപ്പോൾ.

ഫാത്തിമ സ്റ്റേജിൽ പാടാൻ പോകുമ്പോൾ പിതാവു കൂടെ വേണം. അതുകൊണ്ടുതന്നെ അബ്ദുല്ലയ്ക്ക് പലതവണ ജോലി നഷ്ടമായി. പലയിടത്തും ബേക്കറിയിലും കോഴിക്കടയിലും ഹോട്ടലുകളിലും മാറിമാറി ജോലിക്കു നിന്നു. കംപ്യൂട്ടർ സയൻസിൽ ഉയർന്ന മാർക്കോടെ ജയിച്ച ആളാണ് എച്ചിൽപാത്രമെടുക്കുന്നതെന്ന് ആർക്കും അറിയില്ല. തന്റെ പൂർവ ചരിത്രം അബ്ദുല്ല ആരോടും പറയാറുമില്ല.

കെടാതെ നിൽക്കുന്നൊരു കനലുണ്ട് ആ നെഞ്ചിലിപ്പോഴും. ഉപേക്ഷിക്കാൻ പറഞ്ഞ മകളെയും കൊണ്ട് ഒരിക്കൽ കൊൽക്കത്തയിൽ സോൾട്ട് ലേക്കിലെ വീട്ടിലേക്കു കയറിച്ചെല്ലണം. മകൾ അറിയപ്പെടുന്നൊരു കലാകാരിയായിട്ടു വേണം ആ യാത്ര. തനിക്കു വേണ്ടി ജീവിതം മാറ്റിവച്ച പിതാവിനായി ഫാത്തിമയും അധ്വാനിക്കുകയാണ്. പാട്ടുമാത്രമാണിപ്പോൾ അവളുടെ മനസ്സുനിറെയ. സ്കൂളിൽ പോകുന്നതിനു മുൻപും വൈകിട്ടു തിരിച്ചെത്തിയാലും സംഗീതാധ്യാപകന്റെ വീട്ടിലെത്തും. ഒരിക്കലും മതിയാകാത്ത പഠനം. ആ അർപ്പണബോധം അവളെ ഉയരത്തിലെത്തിക്കട്ടെയെന്നാണ് എല്ലാവരും പ്രാർഥിക്കുന്നത്. 

അഭയം തേടിയെത്തിയവരെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച നാടാണിത്. ഫാത്തിമയെയും നമ്മൾക്കു കൈവിടാൻ പറ്റില്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA