മാർക്കറ്റിങ് ജോലി വിട്ടു പിഎസ്‌സി പഠിച്ചു; ഇപ്പോൾ പത്തിലേറെ റാങ്ക് ലിസ്റ്റുകളിൽ!

faizal-muhammed-kerala-psc
SHARE

സ്വകാര്യ മേഖലയിലെ മാർക്കറ്റിങ് ജോലിയുടെ ബുദ്ധിമുട്ടിൽ നിന്ന് ആശ്വാസം തേടിയാണ് ഫൈസൽ മുഹമ്മദ് പിഎസ്‌സി പഠനത്തിന് ഇറങ്ങിയത്. സ്വന്തം പരിശ്രമത്തിനൊപ്പം കോച്ചിങ് സ്ഥാപനത്തിന്റെ സഹായം കൂടിയായപ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുക എന്ന സ്വപ്നം ബാലികേറാമലയല്ല എന്നു ഫൈസലിനു ബോധ്യപ്പെട്ടു. പിഎസ്‌സിയുടെ പത്തിലേറെ റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടിയ ഫൈസൽ പാലക്കാട് സർവേ അസിസ്റ്റന്റ് ഡയറക്ടർ ഒാഫിസിൽ എൽഡി ക്ലാർക്ക് ആണിപ്പോൾ. 

സുവോളജിയിൽ ബിരുദം നേടിയ ശേഷമാണു മാർക്കറ്റിങ് ജോലിക്കിറങ്ങിയത്. ഇതു തനിക്കു വഴങ്ങില്ല എന്ന മനസിലായതോടെയാണു ജോലി ഉപേക്ഷിച്ച് പിഎസ്‌സി ലക്ഷ്യമാക്കിയത്. പരിശീലനത്തിനു പാലക്കാട് ഫോക്കസ് അക്കാദമിയിൽ ചേർന്നു. കൂട്ടുകാരോടൊത്തു കംബൈൻഡ് സ്റ്റഡി  ആരംഭിച്ചു. ഒന്നര വർഷത്തെ ചിട്ടയായ പരിശീലനം. പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഫൈസലിന്റെ പേരും ഇടംപിടിച്ചു തുടങ്ങി. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് സംസ്ഥാന തല റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്, പൊലീസിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് ലിസ്റ്റിൽ മൂന്നാം റാങ്ക് എന്നിവയാണ് പ്രധാന നേട്ടങ്ങൾ. ഇതോടൊപ്പം പാലക്കാട് ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, സിവിൽ എക്സൈസ് ഒാഫിസർ, വിഇഒ, സർവകലാശാല അസിസ്റ്റന്റ് തുടങ്ങി ഒരു ഡസനോളം റാങ്ക് ലിസ്റ്റുകളിൽ ഫൈസൽ ഇടംനേടി. കമ്പനി/കോർപറേഷൻ/ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് കെഎസ്എഫ്ഇയിലേക്കായിരുന്നു ആദ്യ നിയമനം. ഇതിൽ 5 മാസം ജോലി ചെയ്ത ശേഷം എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ഉത്തരവ് സ്വീകരിച്ചു റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ നാലു വർഷമായി എൽഡി ക്ലാർക്കായി തുടരുന്നു. 

പഠനത്തിൽ പ്രധാനമായും ആശ്രയിച്ചത് തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറുമായിരുന്നു.  പ്രധാന പരീക്ഷയോട് അനുബന്ധിച്ച് തൊഴിൽവീഥി നടത്താറുള്ള മാതൃകാ പരീക്ഷകളിൽ സമ്മാനവും ലഭിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷ എഴുതുന്ന അതേ ഗൗരവത്തോടെയായിരുന്നു ഈ പരീക്ഷകളെ സമീപിച്ചിരുന്നത്. അതിന്റെ ഗുണം പിന്നീട് ലഭിച്ചു. മുൻചോദ്യപേപ്പറുകളോടൊപ്പം അനുബന്ധ വിവരങ്ങൾകൂടി ശേഖരിച്ചു പഠിക്കുന്നത് നല്ലതാണ്. തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കാറുള്ള മാതൃകാപരീക്ഷകളെല്ലാം ഗൗരവത്തോടെ സോൾവ് ചെയ്യാറുണ്ട്. 

പാലക്കാട് മാത്തൂർ പല്ലൻചാത്തനൂർ തേക്കിൻകാട് ഹൗസിൽ കോയക്കുട്ടിയുടെയും ആമിനക്കുട്ടിയുടെയും മകനാണു ഫൈസൽ മുഹമ്മദ്. ഭാര്യ നഫീസ പിഎസ്‌സി പരിശീലന രംഗത്തു സജീവമാണ്. ഏക മകൻ രണ്ടു വയസുകാരൻ റഫാൻ. ജോലിത്തിരക്കിനിടയിലും പരീക്ഷാ പരിശീലനം തുടരുകയാണ് ഫൈസൽ. ലക്ഷ്യം കെഎഎസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ ലിസ്റ്റുകളിൽ ഒരു ഇടം. അതും മോശമല്ലാത്ത റാങ്കിൽ. 

തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കാറുള്ള മാതൃകാപരീക്ഷകൾ ഉദ്യോഗാർഥികൾക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്. പിഎസ്‌സി പരീക്ഷയ്ക്കു വരുന്ന നല്ലൊരു ശതമാനം ചോദ്യങ്ങളും ഇതിലൂടെ ലഭിക്കും. ഇതോടൊപ്പം മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തു പഠിക്കുന്ന ശീലവും എനിക്കുണ്ടായിരുന്നു. ഈ പഠനരീതികളാണ് വിജയം എളുപ്പമാക്കിയത് . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA